ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് യുദ്ധമല്ല, വംശഹത്യയെന്ന് ബ്രസീൽ
നിരപരാധികളായ ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് മരിച്ചുവീഴുന്നതെന്നും ലുല ഡാ സിൽവ
ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് യുദ്ധമല്ലെന്നും വംശഹത്യയാണെന്നും ബ്രസീൽ പ്രസിഡന്റ് ലുല ഡാ സിൽവ. നിരപരാധികളായ ആയിരക്കണക്കിന് കുഞ്ഞുങ്ങളെയാണ് കൊന്നൊടുക്കുന്നത്. ഈജിപ്ത് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന ബ്രസീലുകാരെ തിരിച്ചെത്തിക്കാൻ ശ്രമം തുടരുന്നതായും അദ്ദേഹം അറിയിച്ചു.
അതേസമയം, വെസ്റ്റ് ബാങ്കിൽ ഡസൻ കണക്കിന് പ്രവർത്തരെ ഇസ്രായേൽ അറസ്റ്റ് ചെയ്തെന്ന് ഹമാസ് അറിയിച്ചു. കൂട്ട അറസ്റ്റുകൊണ്ട് പോരാട്ടത്തെ തളർത്താനാവില്ലെന്നും അധിനിവേശ സൈന്യം പിൻവാങ്ങുന്നതുവരെ പോരാട്ടം തുടരുമെന്നുമാണ് ഹമാസ് വ്യക്തമാക്കുന്നത്.
യുദ്ധം രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നുവെന്നാണ് ഇസ്രായേലിന്റെ അവകാശവാദം. ഇസ്രായേൽ സൈനിക ടാങ്കുകൾ വടക്കൻ ഗസ്സയിൽ കടന്നു. ഹമാസ് കേന്ദ്രങ്ങൾ ആക്രമിച്ചെന്നും ഹമാസ് പോരാളികളെ വധിച്ചെന്നും ഇസ്രായേൽ സൈന്യം പറഞ്ഞു. അതിനിടെ, ഇസ്രായേൽ സർക്കാറിനെതിരെ വിമർശനവുമായി ഇസ്രായേൽ പ്രതിപക്ഷ നേതാവ് യാഇർ ലാപിഡ് രംഗത്തെത്തി.
ഇസ്രായേലിനെ പിന്തുണച്ചും ഹമാസിനെ തള്ളിയും യു.എസ് പ്രതിനിധി സഭ പ്രമേയം പാസാക്കി. ബന്ദികളെ തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേലിലെ കബോത്‍സിൽ പ്രതിഷേധം അരങ്ങേറി. 222 പേരാണ് ഹമാസ് ബന്ദികളായുള്ളതെന്നാണ് ഇസ്രായേൽ വ്യക്തമാക്കുന്നത്.