‘വംശഹത്യയുടെ ഉത്തരവാദികൾ’; ഇസ്രായേലികൾക്ക് വിലയ്ക്കുമായി ഇറ്റാലിയൻ ഹോട്ടൽ

booking.com വഴിയുള്ള റിസർവേഷൻ റദ്ദാക്കി

Update: 2024-11-15 12:19 GMT
Advertising

മിലാൻ: വടക്കൻ ഇറ്റലിയിലെ ഡോളോമൈറ്റ്സിൽ ഒരുകൂട്ടം ഇസ്രായേലികളുടെ ബുക്കിങ് റദ്ദാക്കി ത്രീസ്റ്റാർ ഹോട്ടൽ കമ്പനി. വംശഹത്യക്ക് ഉത്തരവാദികളെന്ന് കാണിച്ചാണ് ഇസ്രായേലികൾക്ക് വിലക്കേർപ്പെടുത്തിയതെന്ന് ‘ഗാർണി ഓങ്കാരോ’ ഹോട്ടൽ അധികൃതർ പറഞ്ഞു.

പ്രശസ്ത ഓൺലൈൻ ബുക്കിങ് സൈറ്റായ ബുക്കിങ്.കോം വഴിയാണ് ഇവർ റൂമുകൾ റിസർവ് ചെയ്തിരുന്നത്. എന്നാൽ, ഇത് പിന്നീട് ഹോട്ടൽ അധികൃതർ റദ്ദാക്കുകയായിരുന്നു. ‘ഗുഡ് മോർണിങ്, വംശഹത്യക്ക് ഉത്തരാവാദികളായ ഇസ്രായേലി ജനതയെ ഞങ്ങളുടെ സ്ഥാപനത്തിൽ ഉപഭോക്താക്കളായി സ്വാഗതം ചെയ്യു​ന്നില്ല. അതിനാൽ നിങ്ങളുടെ റിസർവേഷൻ റദ്ദാക്കുകയാണ്. അങ്ങനെ ചെയ്യുന്നതിൽ നിങ്ങൾ സന്തോഷിക്കും, നിങ്ങൾക്ക് സൗജന്യ കാൻസലേഷൻ അനുവദിക്കുന്നതിൽ ഞങ്ങളും സന്തോഷിക്കുന്നു’ -റിസർവേഷൻ കാൻസൽ ചെയ്തുകൊണ്ടുള്ള സന്ദേശത്തിൽ ഹോട്ടൽ അധികൃതർ വ്യക്തമാക്കി.

ഹോട്ടലിന്റെ നടപടിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേർ സാമൂഹിക മാധ്യമങ്ങളിൽ രംഗത്തുവന്നു. ​ആരെങ്കിലും ഇറ്റലിയിലേക്ക് പോകുന്നുണ്ടെങ്കിൽ ഈ ഹോട്ടലിൽ താമസിക്കാൻ പലരും ആഹ്വാനം ചെയ്തു. അതേസമയം, ഹോട്ടലിന്റെ നടപടി വിവേചനപരമാണെന്ന് ഇസ്രായേലി മാധ്യമങ്ങൾ കുറ്റപ്പെടുത്തി.

ഇ​സ്രായേൽ ഗസ്സയിൽ വംശഹത്യയാണ് നടത്തുന്നതെന്ന് അമേരിക്കൻ മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ചും ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക കമ്മിറ്റിയും കഴിഞ്ഞദിവസം പുറത്തിറക്കിയ വ്യത്യസ്ത റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് വംശഹത്യയുടെ ഉത്തരവാദികളെന്ന് കാണിച്ച് ഇറ്റാലിയൻ ഹോട്ടൽ ഇസ്രായേലികൾക്ക് വിലക്കേർപ്പെടുത്തുന്നത്.

ഗസ്സയിൽ ഇസ്രായേൽ യുദ്ധക്കുറ്റങ്ങളും മനുഷ്യത്വത്തിനെതിരായ കുറ്റങ്ങളുമാണ് ചെയ്യുന്നതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ റിപ്പോർട്ടിൽ പറയുന്നു. വംശീയ ഉൻമൂലനത്തിന് കാരണമാകുന്ന വലിയ തോതിലുള്ള കുടിയിറക്കങ്ങൾ ഈ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടും. ഇസ്രായേൽ ഉത്തരവിട്ടശേഷം പലായനം ചെയ്യുന്നതിനിടെയും സുരക്ഷിത കേ​ന്ദ്രമെന്ന് അടയാളപ്പെടുത്തിയ പ്രദേശങ്ങളിലുമെല്ലാം ജനം ​കൊല്ലപ്പെടുകയാണ്. പതിനായിരങ്ങൾ ടെന്റുകളിൽ കഴിഞ്ഞുകൂടുന്ന സ്ഥലങ്ങളാണ് ഇവയിലധികവും.

‘നിരാശ, പട്ടിണി, ഉപരോധം: ഗസ്സയിലെ ഫലസ്തീനികളെ ഇസ്രായേൽ നിർബന്ധിതമായി കുടിയിറക്കുന്നു’ എന്ന പേരിൽ 154 പേജുള്ള റിപ്പോർട്ടാണ് സംഘന കഴിഞ്ഞദിവസം പുറത്തിറക്കിയത്. ഇസ്രായേലി അധികൃതരുടെ നടപടി കാരണം ഗസ്സയിലെ 19 ലക്ഷം വരുന്ന 90 ശതമാനം ജനങ്ങളും എങ്ങനെയാണ് കുടിയിറക്കപ്പെ​ട്ടതെന്നും കഴിഞ്ഞ 13 മാസത്തിനിടെ ഗസ്സയിൽ വലിയ രീതിയിലുള്ള നശീകരണ ​പ്രവർത്തനങ്ങൾ എങ്ങനെയാണ് നടന്നതെന്നും ഈ റിപ്പോർട്ടിൽ വിശദാമായി പരിശോധിക്കുന്നുണ്ട്.

ഗസ്സയിലെ വീടുകളും സാധാരണക്കാരുടെ മറ്റു അടിസ്ഥാന സൗകര്യങ്ങളും മനഃപൂർവം പൊളിക്കുകയാണ്. പലയിടത്തും പുതിയ റോഡ് സൃഷ്ടിച്ച് ബഫർ സോണാക്കി മാറ്റി. പല ഫലസ്തീനികളുടെയും സ്ഥിരമായുള്ള കുടിയിറക്കത്തിനാണ് ഇത് കാരണമാവുക. ഇസ്രായേൽ അധികൃതരുടെ ഇത്തരം പ്രവൃത്തികൾ വംശീയ ഉൻമൂലനത്തിന് തുല്യമാണെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് ചൂണ്ടിക്കാട്ടി.

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധം വംശഹത്യയുടെ സ്വഭാവുമായി പൊരുത്തപ്പെടുന്നതാണെന്നാണ് ഐക്യരാഷ്ട്ര സഭാ കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നത്. പട്ടിണിയെ യുദ്ധ രീതിയായി ഉപയോഗിക്കുകയാണെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. ഇസ്രായേലിന്റെ രീതികൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ യുഎൻ സ്​പെഷൽ കമ്മിറ്റിയാണ് റി​പ്പോർട്ട് പുറത്തുവിട്ടത്. മലേഷ്യ, സെനഗാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് കമ്മിറ്റിയിലുള്ളത്.

പട്ടിണിയെ യുദ്ധരീതിയായി ഉപയോഗിക്കുന്നതിനാൽ സാധാരണക്കാർ ഗുരുതര പ്രതിസന്ധിയിലാണ്. ഫലസ്തീനികളുടെ ജീവൻ നിലനിർത്താൻ അത്യാവശ്യമായ ഭക്ഷണം, വെള്ളം, ഇന്ധനം എന്നിവ ഇല്ലാതാക്കുന്ന നയങ്ങളെയാണ് യുദ്ധത്തിന്റെ തുടക്കം മുതൽ ഇസ്രായേൽ അധികൃതർ പിന്തുണക്കുന്നത്. ഗസ്സയിൽ മാത്രമല്ല, മറ്റിടങ്ങളിലും ഇസ്രായേൽ നിരവധി അന്താരാഷ്ട്ര നിയമങ്ങളാണ് ലംഘിച്ചിട്ടുള്ളത്.

ഗസ്സയിൽ സാധാരണക്കാർ കൂട്ടത്തോടെ കൊല്ലപ്പെടുകയാണ്. കിഴിക്കൻ ജെറുസലേം ഉൾപ്പെടെ വെസ്റ്റ് ബാങ്കിൽ ഇസ്രായേലി കുടിയേറ്റക്കാരും സൈന്യവും സുരക്ഷാ ഉദ്യോഗസ്ഥരും മനുഷ്യാവകാശങ്ങളും മാനുഷിക നിയമങ്ങളുമെല്ലാം ലംഘിക്കുകയാണ്. മനുഷ്യത്വരഹിതമായ പ്രസ്താവനകൾക്കും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതിലും ​ഇസ്രായേലി സർക്കാറും സൈനിക ഉദ്യോഗസ്ഥ​രും ഉത്തരവാദികളാണെന്നും കമ്മിറ്റിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കി. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News