പുതിയ വകഭേദം: വീണ്ടും മാസ്ക് നിർബന്ധമാക്കി ഇസ്രായേൽ
രാജ്യത്തെ പ്രായപൂർത്തിയായവരിൽ 85 ശതമാനം പേർക്കും വാക്സിൻ നൽകിയ രാജ്യമാണ് ഇസ്രായേൽ
വാക്സിൻ വിതരണത്തിൽ ലോകത്തിൽ തന്നെ മുൻനിരയിൽ നിൽക്കുന്ന ഇസ്രായേൽ വീണ്ടും മാസ്കുകൾ നിർബന്ധമാക്കി. കൊറോണവൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് വ്യാപിക്കാൻ തുടങ്ങിയതോടെയാണ് ഈ നീക്കം. രാജ്യത്തെ പ്രായപൂർത്തിയായവരുടെ 85 ശതമാനം പേർക്കും വാക്സിൻ നൽകിയ ഇസ്രായേൽ മാസ്ക് ധാരണം നിർബന്ധമാക്കിയ നടപടി പിൻവലിച്ചിരുന്നു.
എന്നാൽ കഴിഞ്ഞ കുറച്ച ദിവസങ്ങളായി രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയായിരുന്നു. ഇന്നലെ 227 പുതിയ കോവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തതായി ഇസ്രായേലിലെ കോവിഡ് പ്രതിരോധങ്ങൾക് നേതൃത്വം നൽകുന്ന ഡോ. നാഷ്മാൻ ആഷ് പറഞ്ഞതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച ഉച്ച മുതൽ രാജ്യത്ത് മാസ്ക് നിർബന്ധമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഡെൽറ്റ വകഭേദം കുട്ടികളുൾപ്പെടെയുള്ള വാക്സിനെടുക്കാത്തവർക്കിടയിൽ വ്യാപിച്ചതോടെയാണ് പുതിയ നിയന്ത്രണം. വാക്സിനെടുത്തവർക്കിടയിലും പുതിയ വകഭേദം കണ്ടെത്തിയെങ്കിലും അത്ര ഗുരുതരമല്ലെന്നാണ് റിപോർട്ടുകൾ. നേരത്തെ, അടുത്ത മാസം ഒന്നാം തീയതി മുതൽ രാജ്യം വിനോദ സഞ്ചാരത്തിന് തുറന്നു കൊടുക്കാനുള്ള തീരുമാനം ആഗസ്റ്റ് ഒന്നിലേക്ക് മാറ്റിയിരുന്നു. 6429 പേരാണ് ഇതുവരെ ഇസ്രായേലിൽ കോവിഡ് ബാധിച്ച് മരിച്ചത്.