ഇസ്രായേൽ- ഫ്രാൻസ് മത്സരം; പാരീസിൽ കനത്ത സുരക്ഷയൊരുക്കി പൊലീസ്

ആംസ്റ്റർഡാമിൽ ഫുട്ബോൾ ആരാധകർ തമ്മിലുണ്ടായ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം

Update: 2024-11-14 14:47 GMT
Advertising

പാരീസ്: പാരീസിൽ നടക്കുന്ന ഫ്രാൻസ്- ഇസ്രായേൽ ഫുട്ബോൾ മത്സരത്തിനു മുന്നോടിയായി കനത്ത സുരക്ഷ ഒരുക്കി പൊലീസ്. നാഷൻസ് ലീ​ഗ് ഫുട്ബോൾ മത്സരത്തിനായി ഇസ്രായേൽ ടീം പാരീസിലെത്തുന്ന സാഹചര്യത്തിലാണ് മുന്നൊരുക്കം. 4000 പൊലീസുകാരെയും സുരക്ഷാ ഉദ്യോ​ഗസ്ഥരെയും മത്സരം നടക്കുന്ന പാരീസിലെ സ്റ്റേഡിയത്തിന് പുറത്ത് വിന്യസിക്കുമെന്ന് പൊലീസ് മേധാവി ലോറെൻ്റ് ന്യൂനസ് അറിയിച്ചു.

അതേസമയം, 1500 പൊലീസുകാരെ പൊതുഗതാഗത സംവിധാനത്തിലും വിന്യസിക്കും. കാണികൾക്കിടയിൽ മഫ്തിയിലും പൊലീസ് ഉണ്ടാകും. ജൂത ആരാധനാലയങ്ങൾ, സ്‌കൂളുകൾ തുടങ്ങി പാരീസിനുള്ളിൽ കനത്ത നിരീക്ഷണവും ഏർപ്പെടുത്തും. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 1.15നാണ് മത്സരം.

150ഓളം ഇസ്രായേൽ ആരാധാകർ മത്സരം കാണാൻ എത്തുമെന്നാണ് വിലയിരുത്തൽ. ഇവരെ പൊലീസ് അകമ്പടിയോടെ ആയിരിക്കും ഗ്രൗണ്ടിലേക്ക് കൊണ്ടുപോകുക. വിദേശത്തുള്ള തങ്ങളുടെ പൗരന്മാർ കായിക, സാംസ്കാരിക പരിപാടികൾ ഒഴിവാക്കണമെന്ന് ഇസ്രായേൽ ദേശീയ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

ആംസ്റ്റർഡാമിൽ ഫുട്ബോൾ ആരാധകർ തമ്മിലുണ്ടായ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് പൊലീസിൻ്റെ തീരുമാനം. ആംസ്റ്റർഡാമിൽ ഇസ്രായേൽ അനുകൂലികൾ ഫലസ്‌തീൻ പതാകകൾ നശിപ്പിച്ചതിനെ തുടർന്ന് ആംസ്റ്റർഡാംഷെ ഫുട്ബോൾ ക്ലബ്ബായ അജാക്‌സിന്റെയും ഇസ്രായേലി പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബായ മക്കാബി ടെൽ അവീവിന്റേയും ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News