നടുറോഡിൽ ബീ ഗീസിന്റെ ഹിറ്റ് ട്രാക്കിന് 'ചുവടുവച്ച്' ട്രംപും മസ്കും; വീഡിയോ കണ്ടത് ഒമ്പത് കോടിയിലേറെ പേർ
36 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ സ്യൂട്ട് ധരിച്ച മസ്കിന്റെയും ട്രംപിന്റേയും ആവേശകരമായ നൃത്തച്ചുവടുകൾ കാണാം.
ന്യൂയോർക്ക്: ബ്രിട്ടീഷ് പോപ് സംഗീത സംഘമായ ബീ ഗീസിന്റെ സൂപ്പർ ഹിറ്റ് ഗാനത്തിന് നടുറോഡിൽ ചുവടുവയ്ക്കുന്ന മുൻ അമേരിക്കൻ പ്രസിഡന്റും നിലവിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപും എക്സ് മേധാവി ഇലോൺ മസ്കും. ബീഗീസിന്റെ സൂപ്പർ ഹിറ്റായ 'സ്റ്റൈയിൻ എലൈവ്' എന്ന ഗാനത്തിനാണ് ഇരുവരും ചേർന്ന് കിടിലൻ ചുവടുവയ്ക്കുന്നത്. എന്നാൽ ഇത് യഥാർഥ വീഡിയോ അല്ല. ഒറിജിനലിനെ വെല്ലുന്ന രീതിയിൽ എ.ഐയിൽ നിർമിച്ച, മസ്ക് എക്സിൽ പങ്കുവച്ച ഈ വീഡിയോ ഇതിനോടകം കണ്ടത് ഒമ്പത് കോടിയിലേറെ (90 മില്യൺ) പേർ.
36 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ സ്യൂട്ട് ധരിച്ച മസ്കിന്റെയും ട്രംപിന്റേയും ആവേശകരമായ നൃത്തച്ചുവടുകൾ കാണാം. യുട്ടായിലെ യു.എസ് സെനറ്റർ മൈക് ലീയാണ് ഈ വീഡിയോ ആദ്യമായി എക്സിൽ പങ്കുവച്ചത്. പിന്നീട് ആഗസ്റ്റ് 14നാണ് മസ്ക് ഇത് എക്സിൽ പങ്കുവയ്ക്കുന്നത്. എന്നെ വെറുക്കുന്നവർ ഇത് എ.ഐ ആണെന്നൊക്കെ പറയും എന്ന അടിക്കുറിപ്പോടെയാണ് മസ്ക് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപുമായുള്ള ഇലോൺ മസ്‌കിൻ്റെ അഭിമുഖം എക്‌സിൽ തത്സമയം സംപ്രേഷണം ചെയ്യുകയും സാങ്കേതിക തകരാർ മൂലം ഏകദേശം 40 മിനിറ്റ് വൈകുകയും ചെയ്ത് മണിക്കൂറുകൾക്കു ശേഷമാണ് ഇരുവരുടെയും എ.ഐ നൃത്ത വീഡിയോ പ്രത്യക്ഷപ്പെട്ടത്.
അതേസമയം, ബീ ഗീസിന്റെ യൂട്യൂബ് പേജിൽ ഏഴ് വർഷം മുമ്പ് പങ്കുവച്ചിരിക്കുന്ന ഒറിജിനൽ 'സ്റ്റൈയിൻ എലൈവ്' മ്യൂസിക് വീഡിയോ ഇതിനോടകം 396 മില്യൺ പേരാണ് കണ്ടിരിക്കുന്നത്. ജൂലൈ 13ന് പെൻസിൽവാനിയയിലെ ബട്‌ലറിൽ നടന്ന പ്രചാരണ റാലിയിൽ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ട്രംപുമായി ആഗസ്റ്റ് 13നാണ് മസ്ക് അഭിമുഖം നടത്തിയത്.
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ട്രംപ് എക്‌സില്‍ തിരികെയെത്തുന്നു എന്ന പ്രത്യേകതയും ഈ പരിപാടിക്കുണ്ടായിരുന്നു. 2021 ജനുവരി എട്ടിന് അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്ത ശേഷം കഴിഞ്ഞ വർഷം ആഗസ്റ്റിൽ എക്സിലേക്ക് തിരികെയെത്തിയ ട്രംപ് ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. തുടർന്നും വിട്ടുനിന്ന ട്രംപ് മസ്കുമായുള്ള അഭിമുഖത്തിന് മുന്നോടിയായി തിങ്കളാഴ്ച രാവിലെ 11.19നാണ് വീണ്ടും ട്വീറ്റ് ചെയ്തത്. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള പരസ്യ പ്രചാരണമായിരുന്നു അത്. തുടർന്നുള്ള മണിക്കൂറുകളിൽ ട്രംപ് നിരവധി ട്വീറ്റുകൾ പങ്കുവച്ചു.
കഴിഞ്ഞ മാസം പെൻസിൽവാനിയയിൽ നടന്ന വധശ്രമത്തിന് പിന്നാലെ താൻ കൂടുതൽ വിശ്വാസിയായി മാറിയെന്ന് ട്രംപ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'നിങ്ങൾക്കറിയാമോ, ഞാൻ ഒരു വിശ്വാസിയാണ്. ഇപ്പോൾ ഞാൻ കൂടുതൽ വിശ്വാസിയായെന്ന് ഞാൻ കരുതുന്നു. ഒരുപാട് ആളുകൾ എന്നോട് അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്'- ട്രംപ് പറഞ്ഞു.. നവംബറിലാണ് അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസാണ് എതിർ സ്ഥാനാർഥി.