ഇനി കൊക്കകോള സ്വന്തമാക്കും, കൊക്കെയ്ന്‍ കോളയില്‍ തിരികെയിടും: ഇലോണ്‍ മസ്ക്

"ഞാൻ മക്‌ഡൊണാൾഡ് വാങ്ങി ഐസ്‌ക്രീം മെഷീനുകളെല്ലാം ശരിയാക്കാൻ പോകുന്നു" എന്നും മസ്ക് ട്വീറ്റിട്ടിരുന്നു

Update: 2022-04-28 07:18 GMT
ഇനി കൊക്കകോള സ്വന്തമാക്കും, കൊക്കെയ്ന്‍ കോളയില്‍ തിരികെയിടും: ഇലോണ്‍ മസ്ക്
AddThis Website Tools
Advertising

കാലിഫോര്‍ണിയ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിനെ ഏറ്റെടുത്തിന് പിന്നാലെ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് ഇലോണ്‍ മസ്ക്. കൊക്കകോളയെ സ്വന്തമാക്കാനുള്ള ആഗ്രഹമാണ് മസ്ക് പ്രകടിപ്പിച്ചത്. കൊക്കെയ്ന്‍ അടങ്ങിയ കൊക്കകോള തിരികെ കൊണ്ടുവരുമെന്നാണ് ട്വീറ്റ്.

'അടുത്തതായി ഞാൻ വാങ്ങാൻ പോകുന്നത് കൊക്കകോള ആണ്. കൊക്കെയ്ൻ കോളയില്‍ തിരികെയിടും' എന്നാണ് മസ്കിന്‍റെ ട്വീറ്റ്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഡ്രഗ് എബ്യൂസിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച്, 1885ൽ ഫാർമസിസ്റ്റായ ജോൺ പെംബർട്ടൺ ആദ്യമായി കൊക്കകോള ഉണ്ടാക്കിയപ്പോൾ അതില്‍ കൊക്കെയിന്‍റെ സത്ത് ഉണ്ടായിരുന്നു. അക്കാലത്ത് കൊക്കെയ്ന്‍ നിയമവിധേയമായിരുന്നു. കൊക്കൊ ഇലകളിൽ നിന്നെടുത്ത കൊക്കെയ്ൻ സത്താണ് പാനീയത്തില്‍ ഉപയോഗിച്ചത്. പെംബർട്ടൺ കൊക്കകോളയെ മസ്തിഷ്കത്തിനുള്ള ടോണിക്കെന്നും ബൗദ്ധിക പാനീയമെന്നുമാണ് വിശേഷിപ്പിച്ചത്. 1900കളിലാണ് കോളയില്‍ നിന്ന് കൊക്കെയ്ന്‍ ഒഴിവാക്കിയത്.

എന്നാൽ മസ്കിന്‍റെ ഈ ട്വീറ്റ് എത്രത്തോളം ഗൗരവമുള്ളതാണെന്ന സംശയത്തിലാണ് ട്വിറ്ററാറ്റികള്‍. കാരണം മുൻപ് "ഞാൻ മക്‌ഡൊണാൾഡ് വാങ്ങി ഐസ്‌ക്രീം മെഷീനുകളെല്ലാം ശരിയാക്കാൻ പോകുന്നു" എന്ന് മസ്ക് ട്വീറ്റിട്ടിരുന്നു. ഇന്ന് അതിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് "എനിക്ക് അത്ഭുതങ്ങൾ ചെയ്യാൻ കഴിയില്ല" എന്ന് മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്. മസ്ക് തമാശ പറയുകയാണോ അതോ ശരിക്കും പറയുകയാണോ എന്ന് ഉറപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

നേരത്തെ ട്വിറ്ററിനെ ഏറ്റെടുക്കുമ്പോഴും താന്‍ ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഇല്ല എന്നാണ് മസ്ക് ആദ്യം പറഞ്ഞത്. പിന്നാലെ ട്വിറ്ററിനെ മെച്ചപ്പെടുത്താന്‍ എന്ന പേരില്‍ പല അഭിപ്രായങ്ങളും പറയുകയും അഭിപ്രായ വോട്ടെടുപ്പുകൾ നടത്തുകയും ചെയ്തു. പിന്നാലെ 4400 കോടി ഡോളറിനാണ് മസ്ക് ട്വിറ്റര്‍ സ്വന്തമാക്കിയത്.

'എന്‍റെ വിമര്‍ശകരും ട്വിറ്ററില്‍ തുടരണം'

ട്വിറ്ററിനെ ഏറ്റെടുക്കാമെന്ന ഇലോൺ മസ്കിന്റെ വാഗ്ദാനം ട്വിറ്റർ ബോർഡ് അംഗീകരിക്കുകയായിരുന്നു. ഓഹരി ഒന്നിന് 54.20 ഡോളർ എന്ന നിരക്കിൽ 44 ബില്യണിനാണ് കരാർ. ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികൾ ഈ മാസം ആദ്യം മസ്ക് സ്വന്തമാക്കിയിരുന്നു. ട്വിറ്ററിന്റെ ഓഹരിയിലെ ക്ലോസിംഗ് മൂല്യത്തേക്കാള്‍ 38 ശതമാനം കൂടുതലാണ് കരാര്‍ തുക.

തന്‍റെ വിമർശകരും ട്വിറ്ററിൽ തുടരുമെന്നാണ് പ്രതീക്ഷയെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനായാണ് നിലകൊള്ളുന്നതെന്നും മസ്ക് പ്രഖ്യാപിച്ചു. മുമ്പില്ലാത്തവിധം മികച്ചതായി ട്വിറ്ററിനെ മാറ്റാനാണ് താൻ ആഗ്രഹിക്കുന്നത്. പുതിയ ഫീച്ചേഴ്‌സ് അവതരിപ്പിക്കാനും വിശ്വാസ്യത വര്‍ധിപ്പിക്കാനുള്ള മാറ്റങ്ങള്‍ വരുത്താൻ ശ്രമിക്കുമെന്നും ഏറ്റെടുക്കലിന് ശേഷം മസ്‌ക് അറിയിച്ചു. അടുത്തിടെയാണ് അദ്ദേഹം ട്വിറ്ററില്‍ ഓഹരി പങ്കാളിയായത്. അഭിപ്രായ സ്വാതന്ത്ര്യമുള്ള യഥാര്‍ത്ഥ പ്ലാറ്റ്ഫോം ആയി മാറണമെങ്കില്‍ ട്വിറ്റര്‍ സ്വകാര്യ ഉടമസ്ഥതയിലുള്ളതാവണം എന്നാണ് മസ്‌കിന്റെ നിലപാട്. നിലവിൽ ടെസ്‍ല, സ്പേസ് എക്സ് കമ്പനികളുടെ സി.ഇ.ഒയാണ് ഇലോൺ മസ്ക്. ഫോബ്സ് പട്ടികയില്‍ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ഇലോണ്‍ മസ്‌ക്.

മസ്ക് ഒറ്റയ്ക്ക് ട്വിറ്റര്‍ സ്വന്തമാക്കാതിരിക്കാന്‍ ഷെയർഹോൾഡർ റൈറ്റ്സ് പ്ലാൻ അഥവാ പോയിസൺ പിൽ എന്ന തന്ത്രം നടപ്പാക്കാൻ നേരത്തെ ട്വിറ്റർ തീരുമാനിച്ചിരുന്നു. കമ്പനിയിലെ മസ്കിന്റെ ഓഹരി വിഹിതം കുറച്ച് ഏറ്റെടുക്കൽ ചെലവേറിയതാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ മസ്ക് ഉയർന്ന തുക വാഗ്ദാനം ചെയ്തതിനാൽ നിക്ഷേപകരുടെ സമ്മർദം ശക്തമായി. മോഹവിലയിട്ട മക്സിന്‍റെ ഓഫറിന്‍റെ തടവിലല്ല ട്വിറ്ററെന്ന് സി.ഇ.ഒ പരാഗ് അഗര്‍വാള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിക്ഷേപകരുടെ സമ്മര്‍ദം ശക്തമായതോടെ ബോര്‍ഡ് ചര്‍ച്ച ചെയ്ത് മസ്കിന്‍റെ ഓഫര്‍ സ്വീകരിക്കുകയായിരുന്നു.

Summary- Elon Musk Says He will Buy Coca-Cola Next "To Put The Cocaine Back In"

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News