യുദ്ധം തുടങ്ങി റഷ്യ: യുക്രൈനിലേക്ക് സൈന്യം ഇരച്ചുകയറി
യുക്രൈനില്‍ സൂര്യന്‍ ഉദിക്കുന്നതിന് മുമ്പ് തുടങ്ങിയ ആക്രമണം ഇപ്പോഴും തുടരുകയാണ്
യുക്രൈനെതിരെ ബഹുമുഖ ആക്രമണവുമായി റഷ്യ. യുക്രൈന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് റഷ്യയുടെ ആക്രമണം. യുക്രൈനില്‍ സൂര്യന്‍ ഉദിക്കുന്നതിന് മുമ്പ് തുടങ്ങിയ ആക്രമണം ഇപ്പോഴും തുടരുകയാണ്.
ഡോണ്‍ബാസില്‍ സൈനിക നടപടിക്ക് അനുമതി നല്‍കിയെന്ന പുടിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ യുക്രൈന്റെ മൂന്ന് ഭാഗത്ത് നിന്നും റഷ്യന്‍ സൈന്യം ആക്രമണം തുടങ്ങി. തലസ്ഥാനമായ കിയവിലായിരുന്നു ആദ്യ ആക്രമണം. ആറ് സ്ഫോടനങ്ങള്‍ നഗരത്തിലുണ്ടായി. കിയവിലെ മിസൈല്‍ ആക്രമണം യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമര്‍ സെലന്‍സ്കി സ്ഥിരീകരിച്ചു. ജനങ്ങളോട് വീടുകളില്‍ തന്നെ തുടരണമെന്ന് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈനില്‍ പട്ടാള നിയമം പ്രഖ്യാപിച്ചു.
ബെല്‍ഗോര്‍ഡ് പ്രവിശ്യയിലും ഖാര്‍ഖിവിലും ക്രമറ്റോസ്കിലും ഓഡേസയിലും വന്‍ സ്ഫോടനമുണ്ടായി. വ്യോമാക്രമണത്തിന് പിന്നാലെ കരമാര്‍ഗവും റഷ്യന്‍ സൈന്യം യുക്രൈന്‍ അതിര്‍ത്തി കടന്നു. ഖാര്‍ഖിവിലൂടെ തുടക്കത്തില്‍തന്നെ 25 മൈലോളം അകത്തേക്ക് റഷ്യന്‍ സൈന്യം ഇരച്ചുകയറി. വടക്ക് ബെലാറസ് വഴിയും തെക്ക് ഒഡേസ വഴിയും ആക്രമണുണ്ടായി. ജനവാസ മേഖലകളല്ലെന്നും യുക്രൈന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതായി യുക്രൈനും സ്ഥിരീകരിച്ചു. തിരിച്ചടി തുടങ്ങിയെന്ന് വ്യക്താമാക്കിയ യുക്രൈന്‍ അഞ്ച് റഷ്യന്‍ വിമാനങ്ങളും ഒരു ഹെലികോപ്റ്ററും ലുഹാന്‍സ്കില്‍ വെടിവെച്ചിട്ടതായി അറിയിച്ചു.
റഷ്യ പിന്മാറണമെന്ന് യു.എന്‍
ലോകരാജ്യങ്ങള്‍ ഇടപെടരുതെന്നും ശക്തമായി തിരിച്ചടിക്കുമെന്നും പുടിന്‍ മുന്നറിയിപ്പു നല്‍കി. ആയുധം താഴെവെക്കണമെന്നും പുടിന്‍ യുക്രൈനോട് ആവശ്യപ്പെട്ടു. അതേസമയം, യുദ്ധനീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. സാഹചര്യം കൂടുതല്‍ അപകടകരമായി മാറിയതിനാല്‍ യു.എന്‍ സുരക്ഷാസമിതിയുടെ അടിയന്തര യോഗം ചേര്‍ന്നു.
കിഴക്കന്‍ യുക്രൈന്‍ മേഖലയിലെ വ്യോമാതിര്‍ത്തി റഷ്യ അടച്ചു. യൂറോപ്പിലാകെ അധിനിവേശത്തിനാണ് റഷ്യ ശ്രമിക്കുന്നതെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലോദ്മിർ സെലൻസ്കി പറഞ്ഞു. പ്രകോപനപരവും നീതീകരിക്കാന്‍ കഴിയാത്തതുമായ ആക്രമണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കുറ്റപ്പെടുത്തി. യുക്രൈന്‍ ജനതക്ക് പൂര്‍ണ പിന്തുണയും വാഗ്ദാനം ചെയ്തു. റഷ്യക്ക് മേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. യുക്രൈനിലെ സംഭവ വികാസങ്ങളില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഞെട്ടല്‍ രേഖപ്പെടുത്തി. സഖ്യരാജ്യങ്ങളുമായി കൂടിയാലോചിച്ച് ഉചിതമായ നിലപാട് സ്വീകരിക്കുമെന്ന് ബൈഡന്‍ പറഞ്ഞു.