46,000 അല്ല, ഗസ്സയിൽ കൊല്ലപ്പെട്ടത് 64,000 മനുഷ്യർ; ഔദ്യോഗിക കണക്കുകളെ തള്ളി പഠനം
ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ, യേൽ യൂണിവേഴ്‌സിറ്റി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ അക്കാദമിക് വിദഗ്ധരാണ് പഠനത്തിന് നേതൃത്വം നൽകിയത്
ഗസ്സ സിറ്റി: ഇസ്രായേൽ വംശഹത്യയിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം, ഫലസ്തീൻ ആരോഗ്യ മന്ത്രാലയം കണക്കാക്കിയതിലും അധികമെന്ന് പഠനം. ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ, യേൽ യൂണിവേഴ്‌സിറ്റി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ അക്കാദമിക് വിദഗ്ധരുടെ നേതൃത്വത്തിൽ നടന്ന പഠനമാണ് ഔദ്യോഗിക കണക്കുകളെ തള്ളുന്നത്.
2023 ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേൽ ആക്രമണത്തിൽ ഗസ്സ മുനമ്പിൽ ഏകദേശം 46,000 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് ഫലസ്തീൻ ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക്. എന്നാൽ ആ കണക്ക് കൃത്യമല്ലെന്നും മരണസംഖ്യ 40 ശതമാനമെങ്കിലും അധികമാണെന്നുമാണ് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ലാൻസെറ്റ് പഠനം ചൂണ്ടിക്കാട്ടുന്നത്.
2023 ഒക്‌ടോബറിനും 2024 ജൂണിനുമിടയിൽ ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമ, കരയാക്രമണങ്ങളിൽ 64,260 പേർ കൊല്ലപ്പെട്ടതായാണ് പഠനം കണക്കാക്കുന്നത്. ഇതിൽ 59.1 ശതമാനം സ്ത്രീകളും കുട്ടികളും 65 വയസ്സിനു മുകളിലുള്ളവരുമാണെന്നും പഠനം പറയുന്നു. അതേസമയം, ഫലസ്തീൻ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കിൽ ഈ കാലയളവിൽ കൊല്ലപ്പെട്ടത് 37,877 പേർ മാത്രമാണ്.
ഗസ്സ മുനമ്പിൽ പ്രവർത്തിക്കുന്നതിൽനിന്ന് വിദേശ മാധ്യമങ്ങളെ ഇസ്രായേൽ വിലക്കിയിട്ടുള്ളതിനാൽ മരണസംഖ്യ സ്ഥിരീകരിക്കാൻ വലിയ വെല്ലുവിളികളാണ് നേരിടുന്നത്. മരണസംഖ്യ കണക്കാക്കുന്നതിൽ ഫലസ്തീനിയൻ ആരോഗ്യ മന്ത്രാലയത്തിന്റെ ശേഷി മികച്ചതായിരുന്നെങ്കിലും ഇസ്രായേലി ആക്രമണങ്ങളുടെ തോത് വർധിച്ചതോടെ അതിൽ വീഴ്ച സംഭവിച്ചുവെന്ന് ലാൻസെറ്റ് പഠനം ചൂണ്ടിക്കാട്ടുന്നു.
2024 ജൂൺ 30 വരെ ഗസ്സയിലുണ്ടായ മരണം 55,298 നും 78,525 നും ഇടയിലാണെന്നാണ് പഠനം കണ്ടത്തുന്നത്. ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള രേഖകൾ, ബന്ധുക്കളുടെ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഫലസ്തീനികൾക്കായി മന്ത്രാലയം ആരംഭിച്ച ഓൺലൈൻ സർവേ, സമൂഹമാധ്യമങ്ങളിലെ ചരമക്കുറിപ്പുകൾ എന്നിവ പരിശോധിച്ചാണ് അക്കാദമിക വിദഗ്ദർ നിലവിലെ കണക്കുകളിലേക്ക് എത്തിച്ചേർന്നത്.
23 ലക്ഷം ജനസംഖ്യയുള്ള ഗസ്സയിലെ ഏകദേശം 2.9 ശതമാനം മനുഷ്യരാണ് ഇസ്രായേലി നരനായാട്ടിൽ കൊല്ലപ്പെട്ടതെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ആക്രണങ്ങൾ ഉണ്ടാക്കിയ കനത്ത പരിക്കുകൾ കാരണം കൊല്ലപ്പെട്ടവരുടെ എണ്ണമാണ് നിലവിൽ കണക്കാക്കിയതെന്നും പഠനം വ്യക്തമാക്കുന്നു.