പറക്കും കാർ! ആകാശത്ത് പരീക്ഷണയോട്ടം നടത്തി എയർകാർ

ആകാശത്തും നിരത്തിലും ഒരുപോലെ സഞ്ചരിക്കാവുന്ന വാഹനമാണ് ക്ലെയിൻ വിഷന്റെ എയർകാർ. ആകാശത്ത് എയർകാറും ഭൂമിയിൽ സ്‌പോർട്‌സ് കാറും. സ്ലോവാക്യൻ സ്വദേശിയായ പ്രൊഫ. സ്‌റ്റെഫാൻ ക്ലൈൻ ആണ് രണ്ടുപേർക്ക് ഇരിക്കാവുന്ന ഈ ആകാശക്കാർ വികസിപ്പിച്ചത്

Update: 2021-07-02 15:15 GMT
Editor : Shaheer | By : Web Desk
Advertising

ആകാശത്ത് ചിറകുവിരിച്ച് പറക്കുന്നത് പലരും സ്വപ്‌നം കാണാറുണ്ട്. എന്നാൽ, ആകാശത്ത് കാറിൽ ചുറ്റിക്കറങ്ങുന്നതിനെക്കുറിച്ച് സങ്കൽപിച്ചുനോക്കിയിട്ടുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും അത്തരമൊരു യാത്ര ഇനി ദിവാസ്വപ്‌നമായി കരുതേണ്ട. അതൊരു യാഥാർത്ഥ്യമാണിപ്പോള്‍. മധ്യയൂറോപ്യൻ രാജ്യമായ സ്ലോവാക്യയിലാണ് യാത്രക്കാരുമായൊരു കാര്‍ ആകാശത്തിലൂടെ പറന്നത്.

ബിഎംഡബ്ല്യുവിന്റെ എൻജിൻ കൊണ്ട് വികസിപ്പിച്ച ക്ലെയിൻ വിഷൻ എയർകാറാണ് വിജയകരമായി ആകാശയാത്ര നടത്തിയത്. അതും നിരത്തിലോടുന്ന കാറുകൾക്ക് ഉപയോഗിക്കുന്ന സാധാരണ പെട്രോൾ ഉപയോഗിച്ച്! കാറിലുണ്ടായിരുന്നത് നിർമാതാക്കളായ സ്റ്റെഫാൻ ക്ലെയിനും കമ്പനി സഹസ്ഥാപകൻ ആന്റൺ സജാക്കും. സ്ലോവാക്യയുടെ തലസ്ഥാനമായ ബ്രാറ്റിസ്ലാവയ്ക്കും പടിഞ്ഞാറൻ നഗരമായ നിട്രയ്ക്കുമിടയിലാണ് കാർ പരീക്ഷണയോട്ടം നടത്തിയത്. രണ്ടു നഗരങ്ങൾക്കുമിടയിൽ 35 മിനിറ്റ് നേരം കാർ പറന്നു. നിട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന കാർ ആകാശയാത്ര വിജയകരമായി പൂർത്തിയാക്കി ബ്രാറ്റിസ്ലാവ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി.


ആകാശത്തും നിരത്തിലും ഒരുപോലെ സഞ്ചരിക്കാവുന്ന വാഹനമാണ് ക്ലെയിൻ വിഷന്റെ എയർകാർ. ആകാശത്ത് എയർകാറും ഭൂമിയിൽ സ്‌പോർട്‌സ് കാറും. സ്ലോവാക്യൻ സ്വദേശിയായ പ്രൊഫ. സ്‌റ്റെഫാൻ ക്ലൈൻ ആണ് രണ്ടുപേർക്ക് ഇരിക്കാവുന്ന ഈ ആകാശക്കാർ വികസിപ്പിച്ചത്. സമുദ്രനിരപ്പിൽനിന്ന് 8,200 അടി ഉയരത്തിൽ 1,000 കി.മീറ്റർ ദൂരം കാറിന് സഞ്ചരിക്കാനാകുമെന്ന് സ്റ്റെഫാൻ അവകാശപ്പെടുന്നു. 40 മണിക്കൂർ വരെ ഒറ്റയാത്രയിൽ വായുവിൽ സഞ്ചരിക്കാനാകും. മണിക്കൂറിൽ 170 കി.മീറ്ററാണ് ആകാശത്തെ വേഗത. സ്‌പോർട്‌സ് കാറിൽനിന്ന് ആകാശക്കാറായി രൂപാന്തരപ്പെടാൻ വെറും രണ്ടു മിനിറ്റും പതിനഞ്ച് സെക്കൻഡും മതി. തിരിച്ച് ആകാശത്തുനിന്ന് ഭൂമിയിലിറങ്ങി വെറും മൂന്നു മിനിറ്റിനകം സാധാരണ കാറുകളുടെ പ്രവർത്തനരീതിയിലേക്ക് മാറുകയും ചെയ്യും.

Full View

2020 ഒക്ടോബറിലാണ് ക്ലെയിൻ വിഷൻ എയർകാറിന്റെ മാതൃകാരൂപം ആദ്യമായി ആകാശയാത്ര നടത്തിയത്. ഇതിന്റെ തുടർച്ചയായി വീണ്ടും പരീക്ഷണയോട്ടങ്ങൾ നടന്നിരുന്നു. പരീക്ഷണം വിജയകരമായതോടെ ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും വലിയ തോതിലുള്ള ആവശ്യക്കാരാണ് ഇവരെ സമീപിക്കുന്നത്. അമേരിക്കയിൽനിന്ന് മാത്രം 40,000 ഓർഡറുകൾ ഇതിനകം ലഭിച്ചുകഴിഞ്ഞിട്ടുണ്ടെന്നാണ് സഹസ്ഥാപകനും നിക്ഷേപകനുമായ ആന്റൺ സജാക്ക് പറയുന്നത്. ഇതിന്റെ അഞ്ചു ശതമാനമെങ്കിലും പുറത്തിറക്കാനായാൽ തന്നെ മാർക്കറ്റിൽ വലിയ വിജയമായിരിക്കുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. എന്നാൽ, വാണിജ്യാടിസ്ഥാനത്തിൽ നിർമിച്ച് വിപണിയിലിറക്കാൻ ഇവർക്കിനിയും വിമാന സർട്ടിഫിക്കറ്റുകൾ ലഭിക്കേണ്ടതുണ്ട്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News