പോര് സൈനിക ശക്തിയിൽ രണ്ടാമനും 22ാമനും തമ്മിൽ; വിധിയെന്താകും?
എട്ടര ലക്ഷത്തോളം സൈനികരുമായാണ് റഷ്യ യുദ്ധത്തിനിറങ്ങുന്നതെങ്കിൽ രണ്ടു ലക്ഷം സൈനികരാണ് യുക്രൈൻറെ പിൻബലം
റഷ്യ യുക്രൈനിൽ സൈനിക നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ ലോകത്തെ തന്നെ ഏറ്റവും വലിയ സൈനിക ശക്തിയെ യുക്രൈന്‍ എങ്ങനെ പ്രതിരോധിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. സൈനിക ശക്തിയുടെ കാര്യത്തില്‍ റഷ്യ രണ്ടാം സ്ഥാനത്താണെങ്കില്‍ യുക്രൈന്‍ 22ാം സ്ഥാനത്താണെന്നത് ഈ ആശങ്കയ്ക്ക് ആക്കം കൂട്ടും. എട്ടര ലക്ഷത്തോളം സൈനികരുമായാണ് റഷ്യ പോര്‍ക്കളത്തില്‍ പ്രവേശിക്കുന്നത്. രണ്ടു ലക്ഷം സൈനികരാണ് യുക്രൈന്‍റെ പിന്‍ബലം. നോക്കാം, ഇരു രാജ്യങ്ങളുടെയും ശക്തിയും ദൗർബല്യവും.
പോരാട്ടത്തില്‍ നിര്‍ണായകമായ ഘടകങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ റഷ്യ യുക്രൈനേക്കാള്‍ ബഹുദൂരം മുന്നിലാണ്. 4173 യുദ്ധവിമാനങ്ങളാണ് റഷ്യയ്ക്കുള്ളത്. യുക്രൈന് വെറും 318 എണ്ണം. 12,420 ടാങ്കുകൾ റഷ്യയ്ക്ക് കരുത്തേകുമ്പോൾ, യുക്രൈനുള്ളത് വെറും 2596 എണ്ണമാണ് കൈവശമുള്ളത്.
റഷ്യയ്ക്ക് 772 ആക്രമണ വിമാനമുണ്ട്, യുക്രൈന്‍റെ കാര്യത്തില്‍ ഇതിന്‍റെ എണ്ണം 69ആണ്. റഷ്യയ്ക്ക് 605 യുദ്ധക്കപ്പലുകള്‍ ഉള്ളപ്പോള്‍ യുക്രൈന്‍റെ പക്കലുള്ളത് വെറും 38 എണ്ണമാണ്. അറ്റാക്കിങ് ഹെലികോപ്റ്ററുകൾ പരിഗണിച്ചാലും സ്ഥിതി വ്യത്യസ്തമല്ല, റഷ്യയ്ക്ക് 544 ഉം, യുക്രൈന് 34ഉം.
മി28 ആക്രമണ ഹെലികോപ്റ്റര്‍, ടി90 മൂന്നാം തലമുറ ടാങ്ക്, രകുഷ്‌ക കവചിത വാഹനം, ഇസ്‌കാന്‍ഡര്‍ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍, ഉറാഗന്‍ എം റോക്കറ്റ് ലോഞ്ചര്‍ എന്നിവയും റഷ്യയ്ക്ക് കരുത്തേകും. നാറ്റോ അംഗമായ എസ്‌തോണിയ വഴി നല്‍കിയ എഫ്ജിഎം-148 ജവ്‌ലിന്‍ യു.എസ് നിര്‍മിത ടാങ്ക് വേധ മിസൈലുകളാണ് യുക്രൈന് നേരിയ ആശ്വാസം. ഈ മിസൈലുകള്‍ക്ക് ലക്ഷ്യസ്ഥാനം സ്വയം കണ്ടെത്തി കുതിക്കാന്‍ സാധിക്കും.
യുക്രൈന്‍ നാറ്റോ അംഗമല്ലെങ്കിലും യു.എസും നാറ്റോയും പിന്‍വാതിലിലൂടെ പ്രതിരോധ സാമഗ്രികളെത്തിക്കുന്നുണ്ട്. കരസേനയ്ക്കുള്ള മിസൈലുകളാണ് ഇവയിലേറെയും. ബ്രിട്ടനും സ്വീഡനും സംയുക്തമായി വികസിപ്പിച്ച എന്‍ലോ ടാങ്ക് വേധ മിസൈലുകള്‍ 200 എണ്ണം യുക്രൈനിലേക്ക് അയച്ചിരുന്നു. തീരസേന നിരീക്ഷണത്തിനുള്ള ബോട്ടുകള്‍, സ്‌നൈപ്പര്‍ റൈഫിള്‍സ്, നിരീക്ഷണ ഡ്രോണുകള്‍, റഡാറുകള്‍ തുടങ്ങി നിരവധി സഹായങ്ങള്‍ യു.എസ് നല്‍കിയിട്ടുണ്ട്. 2014ന് ശേഷം 250 കോടി ഡോളറിന്റെ സൈനിക സഹായമാണ് യു.എസ് യുക്രൈന് നല്‍കിയിട്ടുള്ളതെന്നാണ് കണക്കുകള്‍.