ഗസ്സയിലെ വെടിനിർത്തൽ: നാളെ കെയ്റോയിൽ ഇസ്രായേൽ - ഹമാസ് ചർച്ചക്ക് സാധ്യത
പോഷകാഹാരക്കുറവ് മൂലം പത്ത് കുട്ടികൾ കൂടി ഗസ്സയിൽ മരിച്ചു
ഗസ്സയിൽ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ നാളെ കൈയ്റോയിൽ ഇസ്രായേൽ - ഹമാസ് ചർച്ച നടക്കുമെന്ന് റിപ്പോർട്ട്. റമദാനു മുമ്പ് വെടിനിർത്തൽ കരാർ പ്രതീക്ഷിക്കുന്നതായി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനും അറിയിച്ചു. എന്നാൽ, ഗസ്സയിൽ ജനക്കൂട്ടത്തിനുനേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 115 പേർ കൊല്ലപ്പെട്ടതോടെ ചർച്ചകൾക്കില്ലെന്ന് ഹമാസ് പ്രതികരിച്ചിരുന്നു.
ഇസ്രായേൽ ബോംബ് ആക്രമണത്തിൽ ഏഴ് ബന്ദികൾ കൊല്ലപ്പെട്ടത് ഇസ്രായേൽ സർക്കാറിനെയും കൂടുതൽ പ്രതിസന്ധിയിലാക്കി. ബന്ദികളുടെ മോചനം ആവശ്യപ്പെട്ട് ബന്ധുക്കൾ തുടരുന്ന മാർച്ച് ഇന്ന് ജറൂസലേമിൽ സമാപിക്കും. പുതിയ തെരഞ്ഞെടുപ്പ് അടക്കം ആവശ്യപ്പെട്ട് നെതന്യാഹുവിനെതിരെ വൻ പ്രതിഷേധമാണ് ഇസ്രായേലിൽ നടക്കുന്നത്.
അഭയാർഥി ക്യാമ്പുകളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജനക്കൂട്ടത്തിനുനേരെയുള്ള ഇസ്രായേൽ ആക്രമണത്തിൽ ഉടൻ സ്വതന്ത്ര അന്വേഷണം വേണമെന്ന് യു.എൻ മനുഷ്യാവകാശ ഓഫിസ് ആവശ്യപ്പെട്ടു. ഇസ്രായേലിനെ വിമർശിച്ച് ജറുസലേമിലെ ക്രൈസ്തവ സഭാ നേതൃത്വവും രംഗത്തുവന്നു.
പോഷകാഹാരക്കുറവ് മൂലം പത്ത് കുട്ടികൾ കൂടി ഗസ്സയിൽ മരിച്ചു. യുദ്ധത്തിനിടയിൽ ഇസ്രായേലിന് സാമ്പത്തിക - സൈനിക സഹായം നൽകിയതിന് ജർമ്മനിക്കെതിരെ നിക്കരാഗ്വ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് ഫയൽ ചെയ്തു. ഫലസ്തീൻ പോരാളികളെ വധിച്ചെന്നും റോക്കറ്റ് ലോഞ്ചറുകൾ നശിപ്പിച്ചെന്നും ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.
ലബനനിൽ ഇസ്രായേൽ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുമായി ചേർന്ന് പോരാടുന്ന ഇറാൻ സായുധ പോരാളികളാണിതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. ചെങ്കടലിൽ ഹൂതി മിസൈലുകൾ അമേരിക്കൻ സൈന്യം തകർത്തു.