ഗസ്സയിൽ മരണസംഖ്യ 12,000 കവിഞ്ഞു; അൽശിഫയിൽ ഓക്സിജൻ കിട്ടാതെ മരിച്ചത് 22 രോഗികൾ
ഗസ്സയിലെ കുരുതി അവസാനിപ്പിക്കുന്നതിന് ഇടപെടാൻ വൈകരുതെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനോട് ഖത്തർ അമീർ ആവശ്യപ്പെട്ടു.
ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 12,000 കവിഞ്ഞതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം. ഇവരിൽ അയ്യായിരത്തിലധികവും കുട്ടികളാണ്. വാർത്താവിനിമയ സംവിധാനങ്ങൾ നിലച്ച് ഒറ്റപ്പെട്ട ഗസ്സയിലെ ആശുപത്രികളിൽ ഇഞ്ചിഞ്ചായി മരണത്തിന് കീഴടങ്ങുകയാണ് രോഗികൾ. ഗസ്സയിലെ കുരുതി അവസാനിപ്പിക്കുന്നതിന് ഇടപെടാൻ വൈകരുതെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനോട് ഖത്തർ അമീർ ആവശ്യപ്പെട്ടു. ഇതിനിടെ ഇസ്രായേലിന്റെ യുദ്ധകുറ്റങ്ങൾ അന്വേഷിക്കുമെന്ന്വ്യക്തമാക്കി അന്താരാഷ്ട്ര ക്രിമിനൽ കോടതിയും രംഗത്തെത്തി.
കൊല്ലപ്പെട്ടവരുടെ എണ്ണം 12,000 കവിഞ്ഞിട്ടും ഗസ്സയിലെ മാനുഷിക ദുരന്തം തടയാൻ അന്തർദേശീയ ഇടപെടൽ ഇനിയും ഫലം കണ്ടിട്ടില്ല. കെട്ടിടാവശിഷ്ടങ്ങൾക്കടിയിലും മറ്റുമായി കിടക്കുന്ന ആയിരങ്ങളുടെ മൃതദേഹങ്ങൾ കൂടി ചേരുമ്പോൾ മരണം പതിനയ്യായിരം മറികടക്കുമെന്നാണ് അനൗദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. മരിച്ചവരിൽ നല്ലൊരു ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. ഇസ്രായേൽ അതിക്രമം തുടരുന്ന അൽശിഫ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്ന 22 രോഗികളും ഓക്സിജൻ കിട്ടാതെ മരണപ്പെട്ടു. 51 രോഗകളാണ് പുതുതായി മരിച്ചത്. ഇവരിൽ ചികിത്സയിലുള്ള നിരവധി കുഞ്ഞുങ്ങളും ഉൾപ്പെടും. 70 പേരുടെ മൃതദേഹങ്ങൾ ഇന്നലെയും ആശുപത്രി വളപ്പിൽ സംസ്കരിച്ചു.
ശുദ്ധജലം ലഭ്യമല്ലാത്തതിനാൽ ബാക്കിയുള്ള രോഗികൾ കടുത്ത ആരോഗ്യപ്രശ്നം നേരിടുകയാണ്. രോഗികളും അഭയാർഥികളുമടക്കം 7000ത്തോളം പേരാണ് ആശുപത്രിയിൽ കുടുങ്ങിക്കിടക്കുന്നത്. അതേസമയം, അൽശിഫയിൽ തുടരുന്ന പരിശോധന കുറച്ചുനാളുകൾ കൂടി നീണ്ടുനിൽക്കുമെന്നാണ് ഇസ്രായേൽ സൈന്യം അറിയിക്കുന്നത്. കെട്ടിടത്തിനടിയിൽ സൈന്യം തുരങ്ക കവാടം കണ്ടെത്തിയതായി അവകാശപ്പെട്ട് നെതന്യാഹു വിഡിയോ പുറത്തുവിട്ടു. ആശുപത്രി വളപ്പിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതായും സേന പറയുന്നു. എന്നാൽ, വെറും കള്ളപ്രചാരണം മാത്രമാണിതെന്നാണ് ഹമാസിന്റെ വിശദീകരണം
അതേസമയം, ബന്ദികളെ ആശുപത്രിയുടെ ഭൂഗർഭ അറയിൽ താമസിപ്പിച്ചുവെന്നതിന് തെളിവൊന്നും ഇല്ലെന്നാണ് ഇസ്രായേൽ ഇപ്പോൾ പറയുന്നത്. വെള്ളവും ഭക്ഷണവും ലഭിക്കാതെ ആശുപത്രിയിലുള്ളവർ ശരിക്കും നരകിക്കുകയാണ്. അതിനിടെ, ഗസ്സയിലേക്ക് സഹായ ഏജൻസികൾക്കായി ഇന്ധനം അനുവദിക്കാൻ ഇസ്രായേൽ മന്ത്രിസഭ തീരുമാനിച്ചു.
ഗസ്സയിലെ ജനങ്ങൾ കടുത്ത ഭക്ഷ്യക്ഷാമം അനുഭവിക്കുകയാണെന്ന് യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാം അധികൃതർ പറഞ്ഞു. ഇന്ധനം ലഭ്യമല്ലാത്തതിനാൽ ഭക്ഷ്യവസ്തു വിതരണം നടക്കുന്നില്ല. വടക്കൻ ഗസ്സക്കു പിന്നാലെ തെക്കു ഭാഗത്തും ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കി. ഒൻപത് സൈനികരെ കൊലപ്പെടുത്തിയെന്നും നിരവധി വാഹനങ്ങൾ തകർത്തതായും ഹമാസ് സൈനിക വിഭാഗം അറിയിച്ചു. കെട്ടിടത്തിൽ സ്ഫോടനം നടത്തിയാണ് ഒൻപത് പേരെ വധിച്ചത്.
പ്രതീക്ഷിച്ചതിനപ്പുറം സൈനികരെ കൊലയ്ക്ക് കൊടുക്കേണ്ടി വരുമെന്നാണ് ഇസ്രായേലിന് ഹമാസിന്റെ മുന്നറിയിപ്പ്. ദക്ഷിണാഫ്രിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങളുടെ അപേക്ഷ കണക്കിലെടുത്ത് ഇസ്രായേലിനെതിരെ യുദ്ധകുറ്റവുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി വ്യക്തമാക്കി. ലബനാനിൽ നിന്ന് ഹിസ്ബുല്ല ഇസ്രായേൽ സൈനികരെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണവും തുടരുകയാണ്.