ഗസ്സയിൽ 50 ബന്ദികൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ഹമാസ്

തടവിലുള്ളവരെയും ഇസ്രായേൽ കൂട്ടക്കൊല ചെയ്യുകയാണെന്ന് അൽഖസം ബ്രിഗേഡ്സ് പറഞ്ഞു.

Update: 2023-10-26 14:40 GMT
Advertising

ഗസ്സ സിറ്റി: ഗസ്സയിൽ 50 ബന്ദികൾ ഇസ്രായേൽ ബോംബിങിൽ കൊല്ലപ്പെട്ടെന്ന് ഹമാസ്. തടവിലുള്ളവരെയും ഇസ്രായേൽ കൂട്ടക്കൊല ചെയ്യുകയാണെന്ന് അൽഖസം ബ്രിഗേഡ്സ് പറഞ്ഞു. ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഒമ്പത് അറബ് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിറക്കി. കെയ്റോ സമാധാന ഉച്ചകോടിക്ക് ശേഷമാണിത്. യു.എ.ഇ, ബഹ്റൈൻ, സൗദി, ഒമാൻ, ഖത്തർ, കുവൈത്ത്, ഈജിപ്ത്, ജോർദാൻ, മോറോക്കോ വിദേശകാര്യമന്ത്രിമാരാണ് പ്രസ്താവന നടത്തിയത്. ബന്ദികളെ വിട്ടയക്കണമെന്നും, സിവിലിയൻമാരെ ലക്ഷ്യമിടുന്നത് ഒഴിവാക്കണമെന്നുമാണ് ആവശ്യം.

അതേസമയം, ഗസ്സക്കെതിരായ ആക്രമണം രണ്ടാംഘട്ടത്തിലേക്കെന്ന അവകാശവാദവുമായി ഇസ്രായേൽ സൈനിക ടാങ്കുകൾ വടക്കൻ ഗസ്സയിൽ കടന്നിരിക്കുകയാണ്. ഹമാസ് കേന്ദ്രങ്ങൾ ആക്രമിച്ചെന്നും ഹമാസ് പോരാളികളെ വധിച്ചെന്നും ഇസ്രായേൽ സൈന്യം പറഞ്ഞു. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ റെയ്ഡ് തുടരുകയാണ്. 

ഗസ്സയിൽ ഇസ്രായേലിന്റെ കൂട്ടക്കുരുതിയിൽ മരണം ഏഴായിരം കടന്നു. ഇതുവരെ കൊല്ലപ്പെട്ടവരിൽ 2913 പേർ കുട്ടികളാണ്. എന്നാൽ, ഗസ്സ ആരോഗ്യ മന്ത്രാലയം പറയുന്ന മരണസംഖ്യയിൽ വിശ്വാസമില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ആരോഗ്യമന്ത്രാലയത്തിന്റെ മരണസംഖ്യ വിശ്വസനീയമാണെന്നാണ് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ഇസ്രായേൽ ആൻഡ് ഫലസ്തീൻ ഡയറക്ടർ ഒമർ ഷാക്കിർ വ്യക്തമാക്കിയത്. 

ഇന്ധനവും വൈദ്യുതിയുമില്ലാതെ ഗസ്സയിലെ ആശുപത്രികളുടെ പ്രവർത്തനവും പൂർണ തോതിൽ നിലച്ചിരിക്കുകയാണ്. ഇൻകുബേറ്ററുകളിൽ കഴിയുന്ന നവജാത ശിശുക്കളുടെയടക്കം ജീവൻ അപകടത്തിലാണ്. അതിനിടെ വെള്ളവും ഭക്ഷണവും മെഡിക്കൽ ഉപകരണങ്ങളുമായി 12 ട്രക്കുകൾ കൂടി റഫാ അതിർത്തി വഴി ഇന്ന് ഗസ്സയിലെത്തിയിട്ടുണ്ട്. 

 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News