‘രക്തസാക്ഷികളുടെ ചോരയിൽ മുക്കിയ പതാക ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് കൈമാറിയിരിക്കുന്നു’; യഹ്‍യ സിൻവാറിനെ അഭിനന്ദിച്ച് ഹിസ്ബുല്ല

സംഘർഷം രൂക്ഷമാക്കരുതെന്ന് ഇറാനോടും ഇസ്രായേലിനോടും ആവശ്യപ്പെട്ടതായി അമേരിക്ക

Update: 2024-08-07 10:39 GMT
Advertising

ബെയ്റൂത്ത്: ഹമാസിന്റെ പുതിയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനായി തെരഞ്ഞെടുത്ത യഹ്‍യ സിൻവാറിനെ അഭിനന്ദിച്ച് ലെബനാനിലെ സായുധ വിഭാഗമായ ഹിസ്ബുല്ല. ‘ഗസ്സയിലെ കൊലപാതകങ്ങൾക്കും പട്ടിണിക്കും ഇടയിൽ ഹമാസിന്റെ പോരാളികളെ നയിച്ചുകൊണ്ടിരിക്കുകയാണ് യഹ്‍യ സിൻവാർ. നേതാക്കളെയും ഉദ്യോഗസ്ഥരെയും കൊന്ന് ലക്ഷ്യങ്ങൾ നേടാമെന്ന ശത്രുക്കളുടെ ആഗ്രഹം വെറുതെയാകും. രക്തസാക്ഷികളുടെ ചോരയിൽ മുക്കിയ പതാക ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് കൈമാറിയിരിക്കുന്നു. സയണിസ്റ്റ് ശത്രുവിനും അവർക്ക് പിന്നിലുള്ള അമേരിക്കക്കും സഖ്യരാജ്യങ്ങൾക്കും ഇത് ശക്തമായ സന്ദേശമാണ് നൽകുന്നത്’ -ഹിസ്ബുല്ല പ്രസ്താവനയിൽ വ്യക്തമാക്കി.

‘ഹമാസ് അതിന്റെ തീരുമാനത്തിൽ ഏകീകൃതമാണ്. അതിന്റെ തത്വങ്ങളിലും തെരഞ്ഞെടുപ്പുകളിലും അവർ ഉറച്ചുനിൽക്കുന്നു. അതിൽ അവർ മുന്നേറുകയാണ്. എല്ലാ ഫലസ്തീൻ വിഭാഗങ്ങൾക്കുമൊപ്പം ത്യാഗങ്ങൾ സഹിച്ച് അവർ ചെറുത്തുനിൽപ്പിന്റെ പാതയിലാണ്. അടിച്ചമർത്തപ്പെട്ട ഫലസ്തീൻ ജനതക്കായി വീരോചിതവും ചരിത്രപരവുമായ പോരാട്ടാണ് ഫലസ്തീനിലെ ചെറുത്തുനിൽപ്പ് പ്രസ്ഥാനങ്ങൾ നടത്തുന്നത്. ഈ നിർണായക ഘട്ടത്തിൽ പുതിയ തലവനെ തെരഞ്ഞെടുത്ത് രാജ്യത്തിന്റെയും പ്രദേശത്തിന്റെയും ദൃഢനിശ്ചയത്തെയും വിശ്വാസത്തെയും നിലനിർത്തുകയാണ് ഹമാസ്. സമ്പൂർണ വിമോചനം നേടുംവരെ പരിശ്രമങ്ങളെ ഏകീകരിക്കാനും പോരാട്ടത്തിൽ തുടരാനുമുള്ള അവരുടെ ദൃഢനിശ്ചയത്തെ ഇത് ശക്തിപ്പെടുത്തുന്നു’ -ഹിസ്ബുല്ലയുടെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

തങ്ങളുടെ കമാൻഡറെ കൊലപ്പെടുത്തിയതിന് ഇസ്രായേലിന് കനത്ത തിരിച്ചടി നൽകുമെന്നും ഹിസ്ബുല്ല മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിൽ ഇസ്രായേലിനെ തിരിച്ചടിക്കാൻ ഇറാനും ആയുധങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. അതേസമയം, സംഘർഷം രൂക്ഷമാക്കരുതെന്ന് ഇറാനോടും ഇസ്രായേലിനോടും ആവശ്യപ്പെട്ടതായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഗസ്സയിലെ വെടിനിർത്തൽ, ബന്ദിമോചന കരാർ അന്തിമഘട്ടത്തിലെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പിന്നോട്ടില്ലെന്ന് ഇറാൻ

എന്നാൽ, തിരിച്ചടിയിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇറാൻ. ഇസ്രായേൽ പരാജയപ്പെടുമെന്നതിൽ സംശയമില്ലെന്ന് ഇറാനിലെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ് കോർപ്സ് വക്താവ് ബ്രിഗേഡിയർ ജനറൽ അലി മുഹമ്മദ് നഈനി വ്യക്തമാക്കി. എങ്ങനെ, ​എപ്പോൾ പ്രത്യാക്രമണം ഉണ്ടാകുമെന്ന് സയണിസ്റ്റുകൾക്ക് മനസ്സിലാക്കാൻ സാധിക്കില്ല. അധിനിവേശ പ്രദേശങ്ങളെല്ലാം അഗ്നിക്കിരയാക്കും. അവരെ എന്താണ് കാത്തിരിക്കുന്നതെന്ന് അറിയില്ല. അവർ ഭയത്തിലാണ് കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദിവസങ്ങളായി ഇറാൻ മിസൈൽ ലോഞ്ചറുകൾ കൊണ്ടുപോകുകയും സൈനിക അഭ്യാസങ്ങൾ നടത്തുന്നതായും അമേരിക്കക്ക് വിവരം ലഭിച്ചതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലിനെതിരരായ ഇറാന്റെ ആക്രമണം ചെറുക്കാൻ ബൈഡൻ ഭരണകൂടം പരമാവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. എന്നാൽ, ഇറാനോടൊപ്പം ഹിസ്ബുല്ലയും ഹൂതികളുമെല്ലാം ഒരുമിച്ച് ആക്രമിക്കുമെന്ന ഭയത്തിലാണ് അമേരിക്കയുള്ളതെന്നും പത്രം വ്യക്തമാക്കി.

അതേസമയം, മേഖലയിൽ വർധിച്ചുവരുന്ന സംഘർഷഭീതിയുടെ പൂർണ ഉത്തരവാദിത്തം ഇസ്രായേൽ വഹിക്കണമെന്ന് ജോർദാൻ ഉപപ്രധാനമന്ത്രി അയ്മാൻ സഫാദി പറഞ്ഞു. ഇസ്രായേലി അധിനിവേശ ഭരണകൂടത്തിന്റെ ആക്രമണം തടയാനും തീ​വ്രവലതുപക്ഷ സംഘങ്ങളുടെ അജണ്ടയിൽനിന്ന് പ്രദേശത്തെ സംരക്ഷിക്കാനും ലോകസമൂഹം നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News