ലബനാനെതിരെ തുറന്ന യുദ്ധം തുടങ്ങാനുള്ള ഇസ്രായേൽ നീക്കം ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും; മുന്നറിയിപ്പുമായി ലോക രാജ്യങ്ങൾ
സംഘർഷത്തിന് പരിഹാരം തേടി ഇസ്രായേലും ലബനാനുമായി ആശയവിനിമയം ആരംഭിച്ചതായി അമേരിക്ക അറിയിച്ചു
ബെയ്റൂത്ത്: ലബനാനെതിരെ തുറന്ന യുദ്ധം തുടങ്ങാനുള്ള ഇസ്രായേൽ നീക്കം ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുമായി ലോക രാജ്യങ്ങൾ. സംഘർഷത്തിന് പരിഹാരം തേടി ഇസ്രായേലും ലബനാനുമായി ആശയവിനിമയം ആരംഭിച്ചതായി അമേരിക്ക അറിയിച്ചു. ഇസ്രായേലിനെ നിലക്കു നിർത്തിയില്ലെങ്കിൽ മേഖല ഒന്നാകെ സംഘർഷം വ്യാപിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നൽകി.
ഗസ്സ യുദ്ധം ഒരു വർഷത്തിലേക്ക് നീങ്ങവെ, ഇസ്രായേലിന്‍റെ ലെബനാൻ ആക്രമണം മേഖലായുദ്ധമായി മാറിയേക്കുമെന്ന മുന്നറിയിപ്പുമായി വിവിധ രാജ്യങ്ങൾ. ലബനാനെതിരായ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന് ചൈനയും റഷ്യയും ആവശ്യപ്പെട്ടു.
ലബനാനിൽ ഉടലെടുത്ത സംഘർഷ സാഹചര്യം കടുത്ത ആശങ്കയുണ്ടാക്കുന്നതാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് പറഞ്ഞു. സാധാരണ ജനങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് യു.എൻ വക്താവ് സ്റ്റീഫൻ ദുജാറിക്കും പറഞ്ഞു. ഇസ്രായേലിന്‍റെ ആക്രമണം തടയാൻ എത്രയും പെട്ടെന്ന് യു.എൻ സുരക്ഷാസമിതി ഇടപെടണമെന്ന് ജോർദാൻ ആവശ്യപ്പെട്ടു. പുതിയ സംഘർഷം മേഖലയെ ഒന്നാകെ യുദ്ധത്തിലേക്ക് നയിക്കുമെന്ന് ഈജിപ്ത് താക്കീത് നൽകി. രണ്ട് രാജ്യങ്ങളുമായി നിരന്തരം സമ്പർക്കത്തിലാണെന്നും സംഘർഷം ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നതായും യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു.
ആക്രമണവും തിരിച്ചടിയും മിഡിൽ ഈസ്റ്റിൽ ഒന്നാകെ സംഘർഷ സാഹചര്യം സൃഷ്ടിക്കുമെന്ന് ജി-7 രാജ്യങ്ങൾ വ്യക്തമാക്കി. ഇരു കൂട്ടരും വെടിനിർത്തലിന് തയ്യാറാവണമെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. മേഖലായുദ്ധം ഒഴിവാക്കാൻ ശക്തമായ ഇടപെടൽ വേണമെന്ന് ഫ്രാൻസ് വിദേശകാര്യമന്ത്രി ജീൻ നോയൽ ബാരറ്റ് പറഞ്ഞു. ഇസ്രായേലിനെ അമർച്ച ചെയ്തില്ലെങ്കിൽ പശ്ചിമേഷ്യ വിലയൊടുക്കേണ്ടി വരുമെന്ന് ഇറാൻ താക്കീത് നൽകി. അന്തർദേശീയ സമൂഹം മൗനം തുടർന്നാൽ യുദ്ധം പടരുമെന്ന് ഖത്തറും വ്യക്തമാക്കി