സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ തീവയ്പ്പ്; പ്രതിക്ക് വധശിക്ഷ വിധിച്ച് ഇറാൻ കോടതി
പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് അറസ്റ്റിലായവർക്കെതിരായ നടപടിയിൽ ആദ്യത്തെ വധശിക്ഷയാണ് ഇത്.
ഇറാനിൽ നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭകാരികളിൽ ഒരാൾക്ക് വധശിക്ഷ വിധിച്ച് കോടതി. ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനിടെ സർക്കാർ കെട്ടിടത്തിന് തീവച്ച കേസിലാണ് ഇറാൻ റെവലൂഷനറി കോടതിയുടെ നടപടിയെന്ന് ജുഡീഷ്യറിയുമായി ബന്ധമുള്ള വാർത്താ വെബ്‌സൈറ്റായ മിസാൻ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് അറസ്റ്റിലായവർക്കെതിരായ നടപടിയിൽ ആദ്യത്തെ വധശിക്ഷയാണ് ഇത്. കൂടാതെ, മറ്റ് അഞ്ച് പേർക്ക് അഞ്ച് മുതൽ പത്ത് വർഷം വരെ തടവുശിക്ഷയും വിധിച്ചു. ഇവർക്കെതിരെ ദേശീയ സുരക്ഷയ്ക്കെതിരായ പ്രവർത്തനം, പൊതുക്രമ ലംഘനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
റവല്യൂഷണറി കോടതി വിധി പുറപ്പെടുവിച്ചെങ്കിലും വിധിക്കെതിരെ അപ്പീൽ നൽകാമെന്ന് മിസാൻ വ്യക്തമാക്കി. വിചാരണയ്ക്ക് വിധേയരായിരിക്കുന്ന പ്രതിഷേധക്കാരുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെന്നും മിസാൻ അറിയിച്ചു.
അതേസമയം, പ്രതിഷേധവുമായി ബന്ധപ്പെട്ട് തടങ്കലിൽ കഴിയുന്ന നൂറുകണക്കിന് പ്രതിഷേധക്കാർക്കെതിരെ ഇതിനകം കുറ്റപത്രം നൽകിയിട്ടുണ്ടെന്നും അവർക്കായി പൊതു വിചാരണ നടത്തുമെന്നും അധികൃതർ അറിയിച്ചു.
രാജ്യത്ത് സർക്കാർ വിരുദ്ധ പ്രകടനങ്ങൾ എട്ടാം ആഴ്‌ചയിലേക്ക് കടന്നിരിക്കുകയാണ്. രാജ്യത്തെ സ്ത്രീകൾക്കുള്ള വസ്ത്രധാരണ നിയമം ലംഘിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത 22കാരിയായ മഹ്‌സ അമിനിയുടെ കസ്റ്റഡി മരണത്തിനു പിന്നാലെയാണ് ഇറാനിൽ പ്രക്ഷോഭം ഉടലെടുത്തത്.