'ആക്രമണം കടുപ്പിച്ചാലും ലബനാനിൽനിന്ന് സേനയെ പിൻവലിക്കില്ല'; ഇസ്രായേൽ ഭീഷണി തള്ളി അയർലൻഡ്
യുഎൻ ഇടപെടലിനു പിന്നാലെ ഐറിഷ് ഔട്ട്‌പോസ്റ്റുകളിൽനിന്ന് ഇസ്രായേൽ സൈന്യം പിന്മാറിയിട്ടുണ്ട്
ഡബ്ലിൻ: ലബനാൻ ആക്രമണത്തിനിടെ ഇസ്രായേൽ ഭീഷണി തള്ളി അയർലൻഡ്. ഇസ്രായേൽ ആക്രമണം കടുപ്പിച്ചാലും യുഎൻ സമാധാനദൗത്യത്തിന്റെ ഭാഗമായി അയച്ച സൈന്യത്തെ പിൻവലിക്കില്ലെന്ന് ഐറിഷ് പ്രസിഡന്റ് മിഷേൽ ഡി ഹിഗ്ഗിൻസ് വ്യക്തമാക്കി. സമാധാനപാലകരായ സൈന്യത്തിനെതിരായ ഭീഷണി ക്രൂരമാണെന്നും അദ്ദേഹം പറഞ്ഞു.
347 ഐറിഷ് സൈനികരാണ് യുനൈറ്റഡ് നാഷനൽസ് ഇന്റെറിം ഫോഴ്‌സ് ഇൻ ലബനാൻ(യുഎൻഐഫിൽ) എന്ന ദൗത്യസംഘത്തിന്റെ ഭാഗമായി ലബനാനിലുള്ളത്. ദക്ഷിണ ലബനാനിലാണ് ഇവരെ വിന്യസിച്ചിട്ടുള്ളത്. ഗോലാൻ കുന്നിനോട് ചേർന്ന് ലബനാനെ ഇസ്രായേലിൽനിന്ന് വേർതിരിക്കുന്ന മേഖലയിലുള്ള 25 ഔട്ട്‌പോസ്റ്റുകളിൽ രണ്ടെണ്ണം ഐറിഷ് സൈനികരുടെ നിയന്ത്രണത്തിലാണുള്ളത്. ലബനാനിൽ കരയാക്രമണം കടുപ്പിക്കുന്നതിനിടെ ഇവരെ തിരിച്ചുവിളിക്കണമെന്ന് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു.
ലബനാനിലുള്ള തങ്ങളുടെ സൈന്യം അപകടകരമായ സ്ഥിതിയിലാണുള്ളതെന്ന് ഐറിഷ് നിയമമന്ത്രി ജെയിംസ് ബ്രൗണി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സേനയെ പിൻവലിക്കണമെന്ന ഐഡിഎഫ് ആവശ്യം അംഗീകരിക്കില്ലെന്ന് യുഎൻ വ്യക്തമാക്കിയതാണെന്നും ഐറിഷ് പ്രസിഡന്റിന് തുറന്നുപറയാനുള്ള എല്ലാ അവകാശവുമുണ്ടെന്നും മന്ത്രി പറഞ്ഞു. ദൗത്യത്തോടൊപ്പം ഉറച്ചുനിൽക്കുമെന്ന് അയർലൻഡ് ഡിഫൻസ് ഫോഴ്‌സസ് വക്താവ് ക്യാപ്റ്റൻ കെവിൻ കെന്നിയും വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, ഐറിഷ് പോസ്റ്റുകളിൽനിന്ന് ഇസ്രായേൽ സൈന്യം പിന്മാറിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. യുഎൻഐഫിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതു പിന്നാലെയാണിത്. നിലവിൽ തങ്ങളുടെ കേന്ദ്രങ്ങളിൽ ഐഡിഎഫ് സാന്നിധ്യമില്ലെന്ന് ഐറിഷ് ഡിഫൻസ് ഫോഴ്‌സസ് അറിയിച്ചു.
അയർലൻഡ് പ്രധാനമന്ത്രി സിമോൺ ഹാരിസിന്റെ യുഎസ് സന്ദർശനത്തിലും അയർലൻഡ് രാജ്യത്തിന്റെ നിലപാട് ആവർത്തിച്ചതായാണു പുറത്തുവരുന്ന വിവരങ്ങൾ. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയിൽ പശ്ചിമേഷ്യൻ സംഘർഷത്തിലെ അയർലൻഡിന്റെയും ഐറിഷ് ജനതയുടെയും നിലപാട് അറിയിച്ചതായി ഹാരിസ് പറഞ്ഞു. ഒക്ടോബർ ഏഴ് ആക്രമണത്തെ അപലപിക്കുമ്പോഴും നെതന്യാഹുവിന്റെ നേതൃത്വത്തിൽ ഫലസ്തീനികൾക്കെതിരെ നടക്കുന്ന ആക്രമണം അംഗീകരിക്കാനാകില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം വെടിനിർത്തൽ കരാർ എന്ന ആവശ്യത്തിൽ രാജ്യം ഉറച്ചുനിൽക്കുമെന്നും പറഞ്ഞു.
1978ലാണ് യുഎൻഐഫിൽ എന്ന പ്രത്യേക സേനയെ ലബനാനിലെ സമാധാനദൗത്യത്തിന്റെ ഭാഗമായി ഐക്യരാഷ്ട്ര സഭ അയയ്ക്കുന്നത്. ലബനാനിൽനിന്ന് ഇസ്രായേൽ സൈന്യത്തിന്റെ പിന്മാറ്റം ഉറപ്പാക്കുകയായിരുന്നു സേനയുടെ പ്രധാന ദൗത്യം.
സെപ്റ്റംബർ 30ന് ലബനാനിൽ ആരംഭിച്ച കരയാക്രമണത്തിനു മുൻപ് സൈന്യത്തെ മാറ്റാൻ ഇസ്രായേൽ നിർദേശിച്ചിരുന്നതായി യുഎൻഐഫിൽ വക്താവ് ആൻഡ്രിയ ടെനെന്റി അറിയിച്ചു. നിലവിലുള്ള കേന്ദ്രങ്ങളിൽതന്നെ ദൗത്യസേന തുടരും. ലബനാനിൽ യുഎൻ പതാക തുടർന്നും പാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഐറിഷ് സൈന്യത്തിന്റെ താവളത്തിനടുത്ത് വരെ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ഇതിൽ യുഎൻ ആശങ്ക പ്രകടിപ്പിച്ചു. ഇത് തീർത്തും അപകടകരമായ സ്ഥിതിയാണ്. യുഎൻ രക്ഷാസമിതി നിർദേശിച്ച സമാധാനദൗത്യവുമായി ലബനാനിലുള്ള സേനയുടെ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും അംഗീകരിക്കാനാകില്ലെന്നും യുഎൻ പ്രസ്താവനയിൽ പറഞ്ഞു.
Summary: Ireland slams Israel’s demands to withdraw its peacekeepers from Lebanon