ഗസ്സയെ പിന്തുണച്ചു: ഫലസ്തീൻ ഗായിക ദലാൽ അബു അംനയെ ഇസ്രായേൽ പിടികൂടി

'ഇഹ്‌ന ഫലസ്തീനി'യടക്കമുള്ള ദലാൽ അബു അംനയുടെ ഫലസ്തീൻ ദേശഭക്തി ഗാനങ്ങൾ പ്രശസ്തമാണ്

Update: 2023-10-17 15:02 GMT
Advertising

നസ്‌റേത്ത്: ഗസ്സയെ പിന്തുണച്ചതിന് ഫലസ്തീൻ ഗായികയും പ്രമുഖ ന്യൂറോ സയൻറിസ്റ്റുമായ ദലാൽ അബു അംനയെ ഇസ്രായേൽ സൈന്യം പിടികൂടി. ഇൻസ്റ്റഗ്രാമിൽ മൂന്നു ലക്ഷം ഫോളോവേഴ്‌സുള്ള ഗായികയെ തിങ്കളാഴ്ച രാത്രി അവരുടെ നസ്‌റേത്തിലെ വീട്ടിൽ നിന്നാണ് പിടികൂടിയത്.

നിലവിൽ പ്രൈവറ്റാക്കിയ ഗായികയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 'ദൈവമല്ലാതെ വിജയിയില്ലെന്ന്' ഖുർആൻ സൂക്തത്തെ ആസ്പദമാക്കി അവർ പോസ്റ്റിട്ടിരുന്നു. ഗസ്സയിലേക്കുള്ള ചാരിറ്റിയുടെ ലിങ്കുകളും പോസ്റ്റ് ചെയ്തു. 'ദൈവമേ എനിക്ക് കരുണയും ആശ്വാസവും നൽകേണമേ'യെന്നും അവർ കുറിച്ചു. ഇസ്രായേൽ കുടിയേറ്റ സംഘങ്ങളുടെ അതിക്രമങ്ങൾക്കെതിരെ രണ്ട് കുട്ടികളുടെ മാതാവ് കൂടിയായ ഇവർ പരാതി നൽകിയിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നസ്‌റേത്തിലാണ് ദലാൽ ജനിച്ചത്. 'ഇഹ്‌ന ഫലസ്തീനി'യടക്കമുള്ള ഇവരുടെ ഫലസ്തീൻ ദേശഭക്തി ഗാനങ്ങൾ പ്രശസ്തമാണ്.

Full View

ഇസ്രായേൽ പൊലീസ് അംനെയെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും കഴിഞ്ഞ ഒരാഴ്ചയായി ഇസ്രായേലികളിൽ നിന്ന് അവർ ഭീഷണി നേരിടുന്നതായും അഭിഭാഷകൻ അബീർ ബക്കർ പറഞ്ഞു.

ദക്ഷിണ ഇസ്രായേലിൽ ഹമാസ് ആക്രമണം നടത്തിയ ശേഷം അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രായേലിലും ഇസ്രായേലി സുരക്ഷ സേന നിയന്ത്രണം കർശനമാക്കിയിരിക്കുകയാണ്. ഗസ്സാ നിവാസികളെ പിന്തുണച്ചുള്ള സമൂഹ മാധ്യമ പോസ്റ്റിന്റെയും ആക്ടിവിസത്തിന്റെയും പേരിൽ നിരവധി ഫലസ്തീനികളെ അറസ്റ്റ് ചെയ്യുകയാണ്.

ലോകപ്രശസ്ത ഫലസ്തീനിയൻ വിഷ്വൽ ആർട്ടിസ്റ്റ് ഹിബ സഖൗത്തിനെയും മകനെയും വെള്ളിയാഴ്ച ഇസ്രായേൽ ബോംബിട്ട് കൊലപ്പെടുത്തിയിരുന്നു. ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിലാണ് ഗസ്സയിലെ അൽ-അഖ്സ യൂനിവേഴ്സിറ്റി ഫൈൻ ആർട്സ് ഫാക്കൽറ്റി പൂർവ വിദ്യാർഥിനി ഹിബ സഖൗത്തും (39) കുഞ്ഞും വീരമൃത്യു വരിച്ചത്.

Israel Arrests Palestinian Singer For Supporting Gaza

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News