യുദ്ധ വ്യാപനത്തിന് ഇസ്രായേൽ: ലബനാൻ അതിർത്തിയിൽ കൂടുതൽ സൈന്യം
യുദ്ധത്തിൽ പുതിയ ഘട്ടം തുടങ്ങുകയാണെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ്
ബെയ്‌റൂത്ത്: പേജർ, വാക്കിടോക്കി സ്‌ഫോടനങ്ങൾക്ക് പിന്നാലെ ലബനാൻ അതിർത്തിയിലേക്ക് കൂടുതൽ സൈന്യത്തെ വിന്യസിച്ച് ഇസ്രായേൽ. പുതിയ ഘട്ടമെന്നാണ് ഇസ്രായേൽ വ്യക്തമാക്കുന്നത്. യുദ്ധത്തിൽ പുതിയ ഘട്ടം തുടങ്ങുകയാണെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു. വ്യോമസേനാ താവളത്തില്‍വെച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇസ്രായേൽ പ്രതിരോധ സേനയുടെ 98-ാം ഡിവിഷനാണ് ലെബനാന്‍ അതിർത്തിയോട് ചേർന്നുള്ള വടക്കൻ ഭാഗത്തേക്ക് നീങ്ങുന്നത്. നേരത്തെ ഗസ്സ മുനമ്പില്‍ നിലയുറപ്പിച്ച ഡിവിഷനായിരുന്നു ഇവര്‍. 12 പേർ കൊല്ലപ്പെടുകയും 2,800ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത പേജര്‍ ആക്രമണത്തില്‍ ഇസ്രായേലിന് തിരിച്ചടി നല്‍കുമെന്ന് ഹിസ്ബുല്ല മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈയൊരു പശ്ചാതലത്തില്‍ കൂടിയാണ് സേനാ വിന്യാസം.
പേജര്‍ സ്ഫോടനത്തിന് പിന്നാലെയായിരുന്നു വാക്കിടോക്കി പൊട്ടിത്തെറിയും അരങ്ങേറുന്നത്. 20 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്രായേല്‍ ഏറ്റെടുത്തിട്ടില്ലെങ്കിലും ചാരസംഘടനയായ മൊസാദിന്റെ നേർക്കാണ് സംശയമുന നീളുന്നത്. യുഎന്നിൽ പരാതി നൽകുമെന്ന് ലബനാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം ‘പേജറു’കൾ വ്യാപകമായി പൊട്ടിത്തെറിച്ച സംഭവം ഭീകരാക്രമണവും പശ്ചിമേഷ്യയിൽ യുദ്ധം വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ബോധപൂർവമായ പ്രകോപനവുമാണെന്നാണ് വിവിധ രാജ്യങ്ങൾ പ്രതികരിച്ചത്. നിരപരാധികളായ ആയിരങ്ങൾ ഇരകളാക്കപ്പെട്ട പേജർ ആക്രമണം അപലപനീയമാണെന്നും പശ്ചിമേഷ്യയെ വലിയ യുദ്ധത്തിലേക്ക് വലിച്ചിഴക്കാനുള്ള ബോധപൂർവമായ പ്രകോപനമാണിതെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സകറോവ പറഞ്ഞു.