'ഗസ്സയിൽ ഈ വർഷം മുഴുവൻ യുദ്ധം': നയം വ്യക്തമാക്കി ഇസ്രായേൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
റഫയിൽ ഹമാസിന്റെ അവസാന ബറ്റാലിയനും തകർക്കുമെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്
ഗസ്സസിറ്റി: ഗസ്സയിലെ യുദ്ധം ഈ വർഷം അവസാനം വരെ നീണ്ടേക്കുമെന്ന് ഇസ്രായേൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനേഗ്ബി. ഹമാസിന്റെയും ഫലസ്തീനിയൻ ഇസ്‌ലാമിക് ജിഹാദിന്റെയും(പി.ഐ.ജെ) സൈനിക-ഭരണ ശേഷി നശിപ്പിക്കാൻ ഏഴ് മാസം കൂടി വേണ്ടിവരുമെന്നാണ് അദ്ദേഹം സർക്കാർ ഉടമസ്ഥതയിലുള്ള ടെലിവിഷൻ ചാനലിനോട് വ്യക്തമാക്കിയത്.
കഴിഞ്ഞ എട്ട് മാസത്തോളമായി ഗസ്സയിൽ നടത്തുന്ന വംശഹത്യക്കെതിരെ അന്താരാഷ്ട്ര തലത്തിൽ ഇസ്രായേൽ ഒറ്റപ്പെട്ട് വരുന്നതിനിടയിലാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഉപദേഷ്ടാവ് കൂടിയായ ഹനേഗ്ബിയുടെ പ്രസ്താവന വരുന്നത്. ഇസ്രായേലിന്റെ അടുത്ത സഖ്യകക്ഷിയായ അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ, ഗസ്സയിലെ മരണസംഖ്യ ഉയരുന്നതിൽ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്.
റഫയിൽ നടത്തുന്ന ഇസ്രായേൽ ആക്രമണത്തെയും സാച്ചി ന്യായീകരിച്ചു. 2007ൽ ഹമാസ്, ഗസ്സ ഭരിക്കാൻ തുടങ്ങിയത് മുതൽ ഈജിപ്തുമായി അതിർത്തി പങ്കിടുന്ന റഫ, കള്ളക്കടത്ത് കേന്ദ്രമായെന്നും അദ്ദേഹം ആരോപിച്ചു. ഇസ്രായേലിന് നേരെ പ്രയോഗിക്കുന്ന ഓരോ റോക്കറ്റുകളും സ്‌ഫോടക വസ്തുക്കളും എത്തുന്നത് റഫാ അതിർത്തി ഭേദിച്ചുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഈജിപ്തിനും ഗസ്സയ്ക്കുമിടയിലെ ബഫർ സോണായ ഫിലാഡെൽഫി ഇടനാഴിയുടെ നിയന്ത്രണം ഏറ്റെടുത്തതായി ഇസ്രായേലി സൈനിക വക്താവ് അവകാശപ്പെട്ടിരുന്നു. ഇസ്രായേലും ഈജിപ്തും തമ്മിലുള്ള 1979ലെ സമാധാന ഉടമ്പടിയുടെ ഭാഗമായി സൃഷ്ടിച്ചതാണ് ഫിലാഡെൽഫി ഇടനാഴി.
അതേസമയം ഇസ്രയേലിൻ്റെ റഫ ആക്രമണത്തില്‍, ഈജിപ്ത് കടുത്ത ആശങ്ക പ്രകടിപ്പിച്ചു. സമാധാന ഉടമ്പടിക്ക് ഭീഷണിയാണിതെന്നാണ് ഈജിപ്ത് വക്തമാക്കുന്നത്. ഹനെഗ്ബിയുടെ പരാമർശങ്ങൾ ഗസ്സയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. ഫലസ്തീൻ പ്രദേശത്തെക്കുറിച്ചുള്ള യുദ്ധാനന്തര കാഴ്ചപ്പാട് വ്യക്തമാക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് അമേരിക്ക ഇതിനകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രായേൽ ആക്രമണം ഇതിനകം തന്നെ ഗസ്സയെ തകർത്തിട്ടുണ്ട്. പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും കുടിയിറക്കപ്പെട്ടു. പട്ടിണി അടക്കമുള്ള ദുരിതങ്ങളിൽ പൊറുതിമുട്ടുകയാണ് ആ ജനത.
റഫയിൽ ഹമാസിന്റെ അവസാന ബറ്റാലിയനും തകർക്കുമെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. ഇതോടൊപ്പം ഗസ്സ മുനമ്പിലെ സുരക്ഷാ നിയന്ത്രണം കൈവശപ്പെടുത്തുമെന്നും ഇസ്രായേൽ വ്യക്തമാക്കുന്നു. അതിനിടെ, രൂക്ഷയുദ്ധം നടക്കുന്ന റാഫയിൽ ചൊവ്വാഴ്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് മൂന്ന് ഇസ്രയേലി സൈനികർ മരിച്ചു. എട്ടാം മാസത്തിലേക്കടുക്കുന്ന യുദ്ധത്തിൽ ഗസ്സ യിൽ ഇതുവരെ 290 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടെന്നാണ് സൈന്യം അറിയിക്കുന്നത്.