‘ഗസയിലെ കശാപ്പുകാരനാണ് നെതന്യാഹു’, വംശഹത്യക്ക് ഇസ്രായേൽ വലിയ വില നൽകേണ്ടി വരുമെന്ന് ഉർദുഗാൻ

‘വംശഹത്യ, അധിനിവേശം’ എന്ന ഇസ്രായേലിൻ്റെ നയം അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Update: 2024-10-07 16:10 GMT
Advertising

അങ്കാറ: ഗസയിൽ തുടരുന്ന വംശഹത്യക്ക് ഇസ്രായേൽ വലിയ വില നൽകേണ്ടി വരുമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. ഗസയിലെ കശാപ്പുകാരനെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ വിശേഷിപ്പിച്ച ഉർദുഗാൻ, അഡോൾഫ് ഹിറ്റ്‌ലറുമായി നെതന്യാഹുവിനെ വീണ്ടും താരതമ്യം ചെയ്യുകയും ചെയ്തു. ഗസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ ഒരുവർഷം പിന്നിട്ട പശ്ചാത്തലത്തിലായിരുന്നു ഉർദുഗാന്റെ പരാമർശം.

‘ഒക്‌ടോബർ 7 മുതൽ കൊലയാളി ഭരണകൂടമായ ഇസ്രായേൽ കൂട്ടക്കൊല ചെയ്ത പതിനായിരക്കണക്കിന് ആളുകളെ ഞാൻ ദുഃഖത്തോടെ ഓർക്കുന്നു.ജീവിതപങ്കാളികളെയും കുട്ടികളെയും കുടുംബങ്ങളെയും നഷ്ടപ്പെട്ട ഹൃദയം തകർന്ന ഗസയിലെയും ഫലസ്തീനിലെയും ലബനാനിലെയും സഹോദരീ സഹോദരന്മാർക്ക് പിന്തുണ നൽകുകയും  ചെയ്യുന്നുവെന്ന് എക്സിലെഴുതിയ കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

‘വംശഹത്യ, അധിനിവേശം’ എന്ന ഇസ്രായേലിൻ്റെ നയം അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യത്വം ഹിറ്റ്ലറുടെ കൂട്ടക്കുരുതി അവസാനിപ്പിച്ചത്​​ പോലെ ഒരു സംഘം മനുഷ്യർ നെതന്യാഹുവിനെയും അദ്ദേഹത്തിന്റെ കൊലപാതക സംഘത്തെയും തടയും. ഗസ വംശഹത്യയിൽ കണക്ക് പറയാതെ ലോകത്തിന് ഒരിക്കലും സമാധാനം കണ്ടെത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇസ്രായേൽ നഗരമായ തെൽഅവീവിൽ ഹമാസ് റോക്കറ്റാക്രമണം നടത്തി. സായുധസേനയായ അൽഖസ്സാം ബ്രിഗേഡ് ആണ് ഗസ്സയിയിൽനിന്ന് റോക്കറ്റ് അയച്ചത്. ഒക്ടോബർ ഏഴ് ആക്രമണത്തിന്റെ വാർഷികദിനത്തിലാണ് ഇസ്രായേൽ നഗരങ്ങൾ ലക്ഷ്യമാക്കി ഹമാസ് വ്യോമാക്രമണം  നടത്തിയത്.

ഇന്നു രാവിലെയാണ് ഗസ്സ മുനമ്പിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടതിനു പിന്നാലെയായിരുന്നു തിരിച്ചടി. ആക്രമണത്തിനു പിന്നാലെ തെൽഅവീവിലെ സിവിലിയന്മാർ ബോംബ് ഷെൽറ്ററിൽ അഭയം തേടിയിരിക്കുകയാണെന്ന് 'വാൾസ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്തു.

ഇസ്രായേൽ നഗരങ്ങളിൽ ഒക്ടോബർ ഏഴ് ആക്രമണത്തിന്റെ വാർഷിക ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത റോക്കറ്റ് വർഷം. തെൽഅവീവിലെ വാണിജ്യകേന്ദ്രമാണ് ലക്ഷ്യമിട്ടതെന്ന് ഹമാസ് വാർത്താകുറിപ്പിൽ അറിയിച്ചു. സെൻട്രൽ ഇസ്രായേലിൽ അഞ്ച് റോക്കറ്റുകൾ പതിച്ചതായി ഇസ്രായേൽ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്.

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News