ഗസ്സയിലെ വീടുകൾ കൊള്ളയടിച്ച് ഇസ്രായേൽ സൈന്യം; കവർന്നത് ലക്ഷങ്ങളുടെ സ്വർണവും പണവും
ജനീവ കേന്ദ്രീകരിച്ചുള്ള യൂറോ-മെഡ് ഹ്യൂമൺ റൈറ്റ്സ് മോണിറ്ററാണ് വിവരം പുറത്തുവിട്ടത്
86 ദിവസമായി തുടരുന്ന ഇസ്രായേൽ ആക്രമണം ഗസ്സയിൽ വലിയ നാശനഷ്ടമാണ് സൃഷ്ടിക്കുന്നത്. 20,000ന് മുകളിൽ ആളുകൾ ഇതുവരെ കൊല്ലപ്പെട്ടു. പരിക്കേറ്റവരുടെ എണ്ണം 50,000ന് മുകളിൽ എത്തിയിട്ടുണ്ട്.
ഗസ്സയിലെ 70 ശതമാനം വീടുകളും പകുതിയോളം കെട്ടിടങ്ങളും തകർന്നു കഴിഞ്ഞു. ഇതിന് പുറമെ മറ്റു ക്രൂരകൃത്യങ്ങളും ഇസ്രായേൽ ചെയ്യുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ആക്രമണത്തിനിടയിൽ ഇസ്രായേൽ സൈന്യം ഗസ്സയിൽ മോഷണവും കൊള്ളയും നടത്തുകയാണെന്ന് ജനീവ കേന്ദ്രീകരിച്ചുള്ള യൂറോ-മെഡ് ഹ്യൂമൺ റൈറ്റ്സ് മോണിറ്റർ പറയുന്നു.
ഫലസ്തീൻ ജനതയുടെ വീടുകളിൽ നടത്തുന്ന റെയ്ഡിന്റെ മറവിലാണ് ഇസ്രായേൽ സൈന്യം കൊള്ളയുൾപ്പെടെയുള്ള അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. കംപ്യൂട്ടറുകളും സ്വർണവും പണവും ഉൾപ്പെടെ ഫലസ്തീൻ പൗരന്മാരുടെ സ്വത്തുക്കൾ ഇസ്രായേൽ സൈന്യം വ്യവസ്ഥാപിതമായി കൊള്ളയടിക്കുകയാണ്.
ഒക്ടോബർ ഏഴിന് ശേഷം വീടുകളിൽ റെയ്ഡ് നടത്തുക, താമസ കേന്ദ്രങ്ങളിൽ അതിക്രമിച്ച് കയറുക, സാധാരണക്കാരെ അറസ്റ്റ് ചെയ്യുക എന്നിവ ഇസ്രായേൽ സൈന്യം വ്യാപകമാക്കിയിട്ടുണ്ട്. ഇതോടൊപ്പം ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന സ്വത്തുക്കളാണ് കൊള്ളയടിച്ചിരിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു.
‘തന്നെയും രണ്ട് ആൺമക്കളെയും സൈത്തൂൺ പരിസരത്തുള്ള വീട്ടിൽ നിന്ന് ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്തു, സൈന്യത്തിലെ അംഗങ്ങൾ വീട്ടിലുണ്ടായിരുന്ന മുഴുവൻ സ്വർണവും പണവും കൊള്ളയടിച്ചു’ -താബെറ്റ് സലീം എന്ന ഫലസ്തീനി യൂറോ-മെഡിനോട് പറഞ്ഞു.
‘സൈന്യം കവർന്ന പണത്തിന് 10,000 ഡോളറിലധികം മൂല്യമുണ്ട്. അവർ തന്റെ ഭാര്യയിൽ നിന്നും മൂത്ത മകന്റെ ഭാര്യയിൽ നിന്നും സ്വർണം കവർന്നു’ -സലീം പറഞ്ഞു. ഡിസംബർ ആദ്യം തന്റെ വീട്ടിൽ അതിക്രമിച്ച് കയറി ഇസ്രായേൽ സൈന്യം സ്വർണാഭരണങ്ങൾ കവർന്നതായി ഗസ്സ സിറ്റിയുടെ കിഴക്ക് അൽ-ഷുജയ്യക്ക് സമീപം താമസിക്കുന്ന ഉമ്മുമുഹമ്മദ് ഗർബിയ്യ എന്ന സ്ത്രീ പറഞ്ഞു.
ഗസ്സയിലെ ജനങ്ങൾക്കും അവരുടെ സ്വത്തുക്കൾക്കും എതിരെ ഇസ്രായേൽ നടത്തുന്ന ഗുരുതര നിയമലംഘനങ്ങൾ സംബന്ധിച്ച് അന്താരാഷ്ട്രതലത്തിൽ സമഗ്രവും നിഷ്പക്ഷവുമായി അന്വേഷണം നടത്തണമെന്നും യൂറോ-മെഡ് തയാറാക്കിയ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
സ്വത്ത് കവരുന്നതിന് പുറമെ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളിൽനിന്ന് ഇസ്രായേൽ അവയവങ്ങൾ മോഷ്ടിക്കുന്നതായും നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഗസ്സയിലെ ഫലസ്തീൻ ഇൻഫർമേഷൻ സെന്റർ (പി.ഐ.സി) ആണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.
വികൃതമാക്കിയ 80ലേറെ മൃതദേഹങ്ങളാണ് കഴിഞ്ഞയാഴ്ച ഇസ്രായേൽ സൈന്യം കൈമാറിയത്. മൃതദേഹങ്ങളിൽനിന്ന് പ്രധാനപ്പെട്ട അവയവങ്ങളെല്ലാം മോഷ്ടിച്ച നിലയിലായിരുന്നു.
Summary: Israeli army loots homes in Gaza; Lakhs of gold and cash were stolen