​ഗസ്സ സ്കൂളിലെ ഇസ്രായേൽ ആക്രമണം; കൊല്ലപ്പെട്ടവരിൽ യുഎൻ ഉദ്യോ​ഗസ്ഥരും

അഭയാർത്ഥി ക്യാമ്പിലേക്ക് രണ്ട് തവണയാണ് ഇസ്രായേൽ വ്യോമാക്രണം നടത്തിയത്

Update: 2024-09-12 13:05 GMT
Advertising

റഫ: സെൻട്രൽ ഗസ്സയിലെ സ്‌കൂളിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ തങ്ങളുടെ ജീവനക്കാർ കൊല്ലപ്പെട്ടതായി യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎ. അഭയാർഥി ക്യാമ്പായി പ്രവർത്തിച്ചിരുന്ന സ്കൂളിന് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ബോംബാംക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടിരുന്നു. യുഎൻ ഏജൻസിയിലെ ആറ് ഉദ്യോഗസ്ഥരും കുട്ടികളും സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്.

നു​സൈറത്ത് അഭയാർത്ഥി ക്യാമ്പുകളിലൊന്നായ അൽ-ജൗനി സ്‌കൂളിന് നേരെ ബുധനാ​​ഴ്ചയാണ് ആക്രമണം നടന്നത്. യുഎൻ ഏജൻസിയുടെ നേതൃത്വത്തിൽ സ്കൂളിലൊരുക്കിയ ദുരിതാശ്വാസ ക്യാമ്പിൽ 12,000 ഫലസ്തീനികളാണ് ഉള്ളത്. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. അഭയാർത്ഥി ക്യാമ്പിലേക്ക് രണ്ട് തവണയാണ് ഇസ്രായേൽ വ്യോമാക്രണം നടത്തിയത്. കഴിഞ്ഞ 11 മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് സ്‌കൂൾ ആക്രമിക്കപ്പെടുന്നത്.

ജനങ്ങൾക്ക് അപകടമില്ലാത്തവിധമാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് ഇസ്രായേൽ ആക്രമണത്തെ അപലപിച്ചു. 'ഗസ്സയിൽ നടക്കുന്നത് തീർത്തും അസ്വീകാര്യമാണ്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ഈ ലംഘനങ്ങൾ ഇപ്പോൾ തന്നെ അവസാനിപ്പിക്കേണ്ടതുണ്ട്.'- ​ഗുട്ടെറസ് പറഞ്ഞു.

യുഎന്നിലെ ഇസ്രയേൽ അംബാസഡർ ഡാനി ഡാനോൻ ഗുട്ടെറസിൻ്റെ വിമർശനത്തിനെതിരെ രം​ഗത്തുവന്നു. യുഎൻ ഇസ്രായേലിനെ അപലപിക്കുന്നത് തുടരുന്നത് മനസ്സാക്ഷിക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഹമാസ് സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമായി ഉപയോഗിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആളുകൾ ഭക്ഷണത്തിനായി കാത്തിരിക്കുന്ന സമയത്താണ് സ്‌കൂളിന് നേരെ ബോംബാക്രമണം ഉണ്ടായത്. മാതാപിതാക്കൾ കുട്ടികളെ തിരയുന്നതും കുട്ടികൾ മാതാപിതാക്കളെ തിരയുന്നതും നോവുള്ള കാഴ്ചയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ത്രീകളെയും കുട്ടികളെയുമാണ് ബോംബാക്രമണം കൂടുതൽ തകർത്തത്.

ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു ഫലസ്തീനി സ്ത്രീ തന്റെ ആറ് മക്കളെയും നഷ്ടപ്പെട്ടതായി പറഞ്ഞു. ബോംബാക്രമണം നടത്തിയ ഒരു സ്‌കൂളിന്റെ ഭാഗത്ത് സ്ത്രീകളും കുട്ടികളും മാത്രമായിരുന്നു താമസിച്ചിരുന്നത്. പെട്ടെന്ന് ഒരു വലിയ സ്ഫോടനം ഉണ്ടായി. ഞങ്ങൾ ഓടിയെത്തുമ്പോൾ കണ്ടത് സ്ത്രീകളും കുട്ടികളും ചിന്നിച്ചിതറിക്കിടക്കുന്നതാണ് കണ്ടതെന്ന് ഒരു ദൃക്സാക്ഷി പറഞ്ഞു.

ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം, ഒറ്റ ആക്രമണത്തിൽ തങ്ങളുടെ ഏറ്റവും കൂടുതൽ ജീവനക്കാർ മരിച്ച സംഭവമാണിതെന്ന് യുഎൻആർഡബ്ല്യുഎ പറഞ്ഞു. ജൂലൈയിൽ, സ്‌കൂളിലെ നിരവധി കെട്ടിടങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇസ്രായേലും യുകെയുമടക്കമുള്ള രാജ്യങ്ങൾ സൈനിക ആവശ്യങ്ങൾക്കായി സ്കൂളുകളെ ഉപയോഗിക്കുന്നത് എതിർത്ത് രം​ഗത്തുവന്നിരുന്നു. യുദ്ധം ആരംഭിച്ചതുമുതൽ ​ഗസ്സയിൽ 41000ത്തിലധികം ആളുകളാണ് ഇതുവരെ കൊല്ലപ്പെട്ടത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News