പരിക്കേറ്റ സൈനികരോട് ഇസ്രായേലിന്റെ അവഗണന; വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ്

ഹമാസുമായുള്ള യുദ്ധം അവസാനിച്ചാലും പരിക്കേറ്റ സൈനികർ ഇസ്രായേലിന് ബാധ്യതയാകുമെന്ന് വിലയിരുത്തൽ

Update: 2023-12-28 15:11 GMT
Advertising

27കാരനായ ഇഗോർ ടുഡോറന് ഒരു ഇലക്ട്രീഷ്യനാകണമെന്നായിരുന്നു ആഗ്രഹം. അതിനായുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണം ഉണ്ടാകുന്നത്.

ഇതോടെ കരുതൽ സേനയുടെ ഭാഗമായിരുന്ന ഇഗോറിനും ഇസ്രായേലിന് വേണ്ടി യുദ്ധത്തിൽ അണിചേരേണ്ടി വന്നു. എന്നാൽ, അത് തന്റെ ജീവിതം ഇത്രത്തോളം മാറ്റമറിക്കുമെന്ന് അയാൾ വിചാരിച്ചിരുന്നില്ല. 12 മണിക്കൂർ മാത്രമാണ് അയാൾ ഗസ മുനമ്പിലുണ്ടായിരുന്നത്.

യുദ്ധ ടാങ്കറിനകത്ത് ഇരിക്കുന്നതിനിടെ ഒരു മിസൈൽ പതിക്കുകയും കാലിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. പിന്നീട് ഇടുപ്പിന് താഴെ വലത് കാല് മുറിച്ചുമാറ്റേണ്ടി വന്നു. യുദ്ധം തന്റെ ജീവിതത്തെ ഇത്രത്തോളം കീഴ്മേൽ മറിക്കുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് ആശുപത്രിക്കിടക്കയിലിരുന്ന് ഇഗോർ വിലപിക്കുന്നു.

യുദ്ധത്തിൽ പരിക്കേറ്റ നിരവധി ഇസ്രായേൽ സൈനികരിൽ ഒരാൾ മാത്രമാണ് ഇഗോർ. പരിക്കേറ്റ സൈനികരുടെ ചികിത്സ ചെലവുകളും അവരുടെ ജീവിതവും ഈ യുദ്ധത്തിന് ശേഷവും വലിയ ബാധ്യതയായി ഇസ്രായേലിന് മുമ്പിലുണ്ടാകും. ഇത്രയുമധികം പേർക്ക് പരിക്കേറ്റിട്ടും അവരുടെ ആവശ്യങ്ങൾ നിറ​വേറ്റാൻ രാജ്യം ഇതുവരെ തയാറായിട്ടില്ലെന്ന് ഇവർക്കായി പ്രവർത്തിക്കുന്നവർ കുറ്റപ്പെടുത്തുന്നു.

ഇത്രയും തീവ്രമായ അനുഭവം മുമ്പ് ഉണ്ടായട്ടില്ലെന്ന് ​നോൺപ്രോഫിറ്റ് ഡിസാബിൾഡ് വെറ്ററൻസ് ഓർഗനൈസേഷന്റെ തലവൻ ഏദൻ ക്ലൈമാൻ പറയുന്നു. സംഘർഷങ്ങളിൽ പരിക്കേറ്റവർക്കായി പ്രവർത്തിക്കുന്നവരുടെ സംഘടനായാണിത്. ഹമാസുമായുള്ള യുദ്ധത്തിൽ പരിക്കേറ്റ സൈനികരുടെ പുനരധിവാസം ഉറപ്പാക്കണമെന്ന്, 1990കളുടെ തുടക്കത്തിൽ ഗാസ മുനമ്പിൽ നടന്ന ആക്രമണത്തിൽ പരിക്കേറ്റ ക്ലൈമാൻ പറഞ്ഞു.

ഇസ്രായേൽ അധികൃതർ സാഹചര്യത്തിന്റെ തീവ്രത മനസ്സിലാക്കുന്നില്ല.പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ ഉള്ളവരടക്കം പരിക്കേറ്റവരുടെ എണ്ണം 20,000ന് അടുത്ത് എത്തും. ഇവരെ പരിചരിക്കാനായി സംഘടനയുടെ അംഗസംഖ്യ മൂന്നിരട്ടിയാക്കിയെന്നും ക്ലൈമാൻ കൂട്ടിച്ചേർത്തു.

ഒക്ടോബർ ഏഴിന് ശേഷം തങ്ങളുടെ മൂവായിരത്തോളം സുരക്ഷ സൈനികർക്ക് പരിക്കേറ്റെന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്ക്. 167 പേർ കൊല്ലപ്പെട്ടുവെന്നും ഇസ്രായേൽ പറയുന്നു. എന്നാൽ, ഇതിന്റെ പലമടങ്ങാണ് പരിക്കേറ്റവരുടെയും കൊല്ലപ്പെട്ടവരുടെയും എണ്ണമെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്.

‘ഇസ്രായേലിൽ പുനരധിവസിപ്പിക്കേണ്ട സൈനികരുടെ എണ്ണം വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുക. സാമ്പത്തികമായും സാമൂഹികമായും ഇത് പ്രശ്നങ്ങൾ തീർക്കും’ -ഇസ്രായേൽ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ യാഗിൽ ലെവി പറഞ്ഞു.

ഇസ്രായേലിൽ ഭൂരിഭാഗം പേർക്കും സൈനിക സേവനം നിർബന്ധമാണ്. അതിനാൽ തന്നെ പരിക്കേറ്റ സൈനികരുടെ ദുരവസ്ഥ രാജ്യ​ത്ത് ഏ​റെ വൈകാരിക വിഷയമായി ഉയർന്ന് വരാൻ തുടങ്ങിയിട്ടുണ്ട്.

യുദ്ധത്തിൽ കാൽ നഷ്ടമായ ഇസ്രായേൽ സൈനികൻ ഷേബ ആശുപത്രിയിൽ ഫിസിയോ തെറാപ്പിസ്റ്റിന്റെ സഹായത്തോടെ എണീറ്റുനിൽക്കാൻ ശ്രമിക്കുന്നു

യുദ്ധത്തിൽ മരിച്ച സൈനികർക്ക് വലിയ യാത്രയയപ്പാണ് നാട് നൽകുന്നത്. അവരുടെ പേരുകൾ വാർത്താ തലക്കെട്ടുകളിൽ നിറയുന്നു. കുടുംബങ്ങൾക്ക് സൈന്യം എല്ലാവിധ പിന്തുണയും നൽകുന്നു. എന്നാൽ, പരിക്കേറ്റവരുടെ അവസ്ഥ ഇതല്ല. അവർ ജീവിതകാലം മുഴുവൻ ദുരിതം പേറി കഴിയേണ്ട ഗതികേടിലാണെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.

പലരും ഏകാന്ത വാസത്തിൽ അഭയം പ്രാപിക്കുന്നു. ഇത്രയധികം പേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തിട്ടും ഇസ്രായേൽ തങ്ങളുടെ യുദ്ധത്തോടുള്ള സമീപനം മറ്റുന്നില്ല എന്നതാണ് ഏറെ ഖേദകരമെന്ന് ഇവർ പറയുന്നു. ഇസ്രായേലിലെ ഏറ്റവും വലിയ ആശുപത്രിയായ ഷേബ മെഡിക്കൽ സെന്റർ യുദ്ധത്തിൽ പരിക്കേറ്റ സൈനികരെയും സാധാരണക്കാരെയും കൊണ്ട് നിറഞ്ഞിട്ടുണ്ട്.

ആശുപത്രി ഈയിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സന്ദർശിച്ചിരുന്നു. നിങ്ങളാണ് യഥാർഥ ധീരൻമാർ എന്നാണ് പരിക്കേറ്റ സൈനികരോട് അദ്ദേഹം പറഞ്ഞത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News