സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിച്ച് ഖലിസ്ഥാൻ അനുകൂലികൾ; ജനാലകളും വാതിലുകളും അടിച്ചുതകർത്തു; ത്രിവർണ പതാക അഴിച്ചുമാറ്റി

കെട്ടിടത്തിന്റെ പുറംഭിത്തിയിൽ 'അമൃത്പാലിനെ സ്വതന്ത്രമാക്കൂ' എന്ന് സ്പ്രേ ചെയ്യുകയും ചെയ്തു.

Update: 2023-03-20 12:33 GMT
Indian Consulate In San Francisco Attacked By Khalistan Supporters
AddThis Website Tools
Advertising

സാൻഫ്രാൻസിസ്കോ: തീവ്ര സിഖ് സംഘടനയായ 'വാരിസ് പഞ്ചാബ് ദേ' നേതാവ് അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖലിസ്ഥാൻ അനുകൂലികളുടെ ആക്രമണം. വാളുകളും മരക്കമ്പുകളും ഉൾപ്പെടെയുള്ള ആയുധങ്ങളുമായി കോൺസുലേറ്റിലെത്തിയ അക്രമികൾ, കെട്ടിടത്തിന്റെ വാതിലുകളിലും ജനലുകളിലും ഉള്ള ചില്ലുകൾ അടിച്ചുതകർത്തു.

കെട്ടിടത്തിന്റെ പുറംഭിത്തിയിൽ "അമൃത്പാലിനെ സ്വതന്ത്രമാക്കൂ" എന്ന് സ്പ്രേ ചെയ്യുകയും ചെയ്തു. അക്രമികൾ തന്നെ ചിത്രീകരിച്ച കോൺസുലേറ്റിലെ അതിക്രമത്തിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞദിവസം ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷന് നേരെ ആക്രമണം അഴിച്ചുവിട്ടതിനു പിന്നാലെയായിരുന്നു സാൻഫ്രാൻസിസ്കോയിലും ഖലിസ്ഥാൻ അനുകൂലികളുടെ അതിക്രമം.

ഇന്ത്യൻ ഹൈകമ്മീഷനിലെ ജനൽ ചില്ലുകൾ അടിച്ചുതകർത്ത അക്രമികൾ ഇവിടുത്തെ ത്രിവർണ പതാക അഴിച്ചുമാറ്റുകയും ഖലിസ്ഥാൻ പതാക സ്ഥാപിക്കുകയും ചെയ്തിരുന്നു. അതിക്രമത്തിൽ രണ്ട് സുരക്ഷാ ഗാർഡുകൾക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ ഒരു ഖലിസ്ഥാനി വാദിയെ ലണ്ടൻ പൊലീസ് അറസ്റ്റ് ചെയ്തതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

സംഭവത്തിനു പിന്നാലെ ഒരു ഉദ്യോഗസ്ഥൻ ഖാലിസ്ഥാൻ അനുയായിയിൽ നിന്ന് ത്രിവർണ പതാക വീണ്ടെടുക്കുന്നതും ഖാലിസ്ഥാനി പതാക വലിച്ചെറിയുന്നതുമായ വീഡിയോ പുറത്തുവന്നിരുന്നു. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്നാണ് ഖാലിസ്ഥാൻ അനുഭാവി ഇന്ത്യൻ പതാക അഴിച്ചുമാറ്റിയത്. ഖലിസ്ഥാനി പതാകകൾ വീശിയും മുദ്രാവാക്യങ്ങൾ മുഴക്കിയും സംഘം ഏറെ നേരം ഹൈകമ്മീഷന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.

അതേസമയം, 'ഖലിസ്ഥാൻ സിന്ദാബാദ്' വിളികളോടെ ഖാലിസ്ഥാൻ അനുകൂലികൾ ഇന്ത്യൻ പതാക അഴിച്ചുമാറ്റിയതിന് പിന്നാലെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കൂറ്റൻ ത്രിവർണ പതാക അതേയിടത്ത് ഉയർത്തി മറുപടി നൽകി. സംഭവത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ന്യൂഡൽഹിയിലെ ഏറ്റവും മുതിർന്ന യുകെ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു. പരിസരത്ത് മതിയായ സുരക്ഷയില്ലാത്തതിനെ ചോദ്യം ചെയ്യുകയും ചെയ്തു.

ഇതിനിടെ, ഒളിവിലുള്ള അമൃത്പാൽ സിങ്ങിനെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണെന്ന് പഞ്ചാബ് പഞ്ചാബ് പൊലീസ് ഇൻസ്പെക്ടർ ജനറൽ സുഖ്‌ചെയിൻ സിങ് ഗിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വാരിസ് പഞ്ചാബ് ദേ അംഗങ്ങൾക്കെതിരായ നടപടിയുടെ ഭാ​ഗമായി ആറ് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും 114 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ചയും ഞായറാഴ്ചയും അമൃത്പാലിനെ പിടികൂടാൻ പൊലീസ് വൻ സന്നാഹമൊരുക്കിയെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ അമൃത്പാലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. സംഘാർഷാവസ്ഥ ഒഴിവാക്കാൻ പഞ്ചാബിൽ 144ഉം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനത്തിനും നിയന്ത്രണം ഏർപ്പെടുത്തി. ഇന്നലെ ഇയാളുടെ വാഹനത്തെ പൊലീസ് പിന്തുടർന്നെങ്കിലും വഴിമധ്യേ കാറൊഴിവാക്കി ഒരു ബൈക്കിൽ കയറി രക്ഷപെടുകയായിരുന്നു.

അമ്പതോളം വാഹനങ്ങളിലാണ് പൊലീസ് അമൃത്പാലിനെ പിന്തുടർന്നത്. എന്നാൽ ഇയാളുടെ നാല് സഹായികളെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച അമൃത്പാൽ സിങ്ങിന്റെ വാഹനവ്യൂഹത്തിന്റെ ഭാഗമാണെന്ന് കരുതപ്പെടുന്ന വാഹനത്തിൽ നിന്ന് ആയുധവും ഡസൻ കണക്കിന് വെടിയുണ്ടകളും കണ്ടെടുത്തിരുന്നു. ഇതിനും ജലന്ധറിലെ പൊലീസ് ബാരിക്കേഡുകൾ തകർത്തതിനും അമൃത്പാലിനെതിരെ രണ്ട് കേസുകൾ കൂടി പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു.





Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News