യുദ്ധവും തെരഞ്ഞെടുപ്പുകളും അട്ടിമറികളും; അനാഥരെയും അരക്ഷിതരെയും സൃഷ്ടിച്ച 2024

യുക്രൈൻ, ഗസ്സ, അമേരിക്കൻ തിരഞ്ഞെടുപ്പ്..അങ്ങനെ ആഗോള രാഷ്ട്രീയത്തിൽ സംഭവ ബഹുലമായ വർഷമാണ് കടന്നുപോകുന്നത്

Update: 2024-12-31 12:08 GMT
Advertising

യുദ്ധങ്ങളും തെരഞ്ഞെടുപ്പുകളും അട്ടിമറികളും കൊണ്ട് ആഗോള രാഷ്ട്രീയം കലങ്ങിമറിഞ്ഞ വർഷമായിരുന്നു 2024. പ്രതീക്ഷിതവും അപ്രതീക്ഷിതവുമായ പലതും സംഭവിച്ചു. പല വമ്പന്മാരും വാഴുകയും വീഴുകയും ചെയ്തു. യുദ്ധങ്ങളും അധിനിവേശങ്ങളും കൂട്ടക്കുരിതികളും നടന്നു. ഗസ്സയിലും സുഡാനിലും യുക്രൈനിലും കുട്ടികളടക്കമുള്ള സാധാരണ ജനങ്ങളുടെ രക്തമൊഴുകി. കാലാവസ്ഥ ദുരിതങ്ങൾ മൂലം അനേകം പേർക്ക് ജീവൻ നഷ്ടമായി. അങ്ങനെ, നേട്ടങ്ങളും കോട്ടങ്ങളും കൊണ്ട് സമ്പന്നമായ വർഷമാണ് കടന്നു പോകുന്നത്. 2024 ൽ ലോകത്ത് നടന്ന സുപ്രധാന സംഭവങ്ങൾ ഇതാ :

തെരഞ്ഞെടുപ്പുകളുടെ വർഷം

പൊതു തെരഞ്ഞെടുപ്പുകൾ കൊണ്ട് സമ്പുഷ്ടമായ വർഷമായിരുന്നു 2024. 50 ലധികം തെരഞ്ഞെടുപ്പുകൾ ഈ വർഷം നടന്നെന്നാണ് കണക്കുകൾ. ലോക ജനസംഖ്യയുടെ പകുതി ഈ വർഷം പ്രസിഡൻഷ്യൽ, പാർലമെന്റ് തെരഞ്ഞെടുപ്പുകളുടെ ഭാഗമായി. പല തെരഞ്ഞെടുപ്പുകളും ആഗോള തലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. നാടകീയ സംഭവങ്ങൾക്കും ഒട്ടും കുറവുണ്ടായിരുന്നില്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഈ വർഷം ഏപ്രിലിൽ പൊതുതെരഞ്ഞെടുപ്പിനെ നേരിട്ടു. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക തടുങ്ങിയവയാണ് ഈ വർഷം തെരഞ്ഞെടുപ്പ് നേരിട്ട മറ്റ് പ്രധാന രാജ്യങ്ങൾ. ഇന്ത്യയുടെ തൊട്ടയൽ രാജ്യങ്ങളായ പാകിസ്താനിലും ബംഗ്ലാദേശിലും 2024 ൽ തെരഞ്ഞെടുപ്പ് നടന്നു.

അമേരിക്ക: അമേരിക്കൻ തെരഞ്ഞെടുപ്പാണ് ഈ വർഷം ആഗോള ശ്രദ്ധയാകർഷിച്ച സുപ്രധാന സംഭവങ്ങളിൽ ഒന്ന്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ അമേരിക്കയുടെ തലപ്പത്തേക്ക് ഒരു തീവ്ര വലതുപക്ഷ നേതാവ് എത്തുന്നത് ഏറെ ആശങ്കയോടെയാണ് ലോകത്തെ ജനാധിപത്യ വിശ്വാസികൾ കാണുന്നത്. ആഗോള രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്ന അമേരിക്കയെ ഡൊണാൾഡ് ട്രംപ് നയിക്കുമ്പോൾ ഉണ്ടാകുന്ന സാമൂഹിക - രാഷ്ട്രീയ പ്രത്യാഘാതങ്ങൾ കണ്ടറിയേണ്ടത് തന്നെയാണ്.

 

നവംബർ 5 നാണ് അമേരിക്കയിൽ തെരഞ്ഞെടുപ്പ് നടന്നത്. ഡെമോക്രാറ്റിക്‌ സ്ഥാനാർത്ഥിയായി ജോ ബൈഡനും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി ഡൊണാൾഡ് ട്രംപുമാണ് ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങിയത്. ലൈംഗിക ആരോപണങ്ങളിൽ ഉൾപ്പടെ നിയമനടപടികൾ നേരിടുകയായിരുന്നിട്ട് പോലും പാർട്ടിയിൽ പിന്തുണ നേടി, പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ ട്രംപിന് സാധിച്ചു.

 

ഡൊണാൾഡ് ട്രംപ് 

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതൽ തന്നെ നിരവധി വിമർശനങ്ങൾ ബൈഡന് നേരെ ഉയർന്നിരുന്നു. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും മൂലം ബൈഡന് സ്ഥാനാർത്ഥിയായി തുടരാൻ സാധിക്കില്ലെന്നായിരുന്നു വിമർശനങ്ങൾ. പക്ഷെ, മത്സര രംഗത്ത് നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച ബൈഡൻ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോയി. എന്നാൽ 2024 ജൂണിൽ നടന്ന ആദ്യ സംവാദത്തിലെ ബൈഡന്റെ മോശം പ്രകടനം വിമർശനങ്ങൾ ശക്തമാക്കി. പാർട്ടിക്കുള്ളിൽ നിന്നും, നിക്ഷേപകരിൽ നിന്നും സ്ഥാനാർത്ഥിയെ മാറ്റണമെന്ന ആവശ്യം ഉയർന്നതോടെ ജൂലൈയിൽ ബൈഡൻ മത്സര രംഗത്ത് നിന്ന് പിന്മാറി. അങ്ങനെ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം അവശേഷിക്കെ, വൈസ് പ്രസിഡന്റ് കമല ഹാരിസ് ഡെമോക്രാറ്റിക്‌ പ്രസിഡന്റ് സ്ഥാനാർത്ഥിയായി.

 

 

കമല ഹാരിസ്

അക്ഷരാർത്ഥത്തിൽ ഇഞ്ചോടിഞ്ച് മത്സരമാണ് പിന്നെ അമേരിക്ക കണ്ടത്. പ്രചാരണ വേദികൾ പോർമുഖങ്ങളായി. കമലയുടെ രൂപത്തെ പരിഹസിക്കുകയും വംശീയ അധിക്ഷേപങ്ങൾ നടത്തുകയും ചെയ്യുന്നതിലാണ് ട്രംപ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഗർഭച്ഛിദ്രത്തിനുള്ള അവകാശം, വിദേശ നയം തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയായിരുന്നു കമലയുടെ പ്രചാരണം. വിദ്വേഷവും വെറുപ്പും വമിക്കുന്ന ട്രംപിന്റെ പരാമർശങ്ങൾ പലപ്പോഴും അന്താരാഷ്ട്ര മാധ്യമങ്ങളിൽ തലക്കെട്ടുകൾ സൃഷ്ടിച്ചു. സമ്പദ് വ്യവസ്ഥ, അനധികൃത കുടിയേറ്റം, ആരോഗ്യ മേഖല, വിദ്യാഭ്യാസം, എൽജിബിറ്റി അവകാശങ്ങൾ, ഗസ്സ, യുക്രൈൻ അധിനിവേശങ്ങൾ തുടങ്ങിയ വിഷയങ്ങൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യപ്പെട്ടു. സ്വിങ് സ്റ്റേറ്റുകളായിരുന്നു പ്രചാരണ പരിപാടികളുടെ പ്രധാന കേന്ദ്രം. സർവേ ഫലങ്ങളിൽ ഇരുവർക്കും ഉണ്ടായിരുന്ന മുൻ‌തൂക്കം ദിവസങ്ങളുടെ വ്യത്യാസത്തിൽ മാറിക്കൊണ്ടിരുന്നു.

 

അതിനിടെ 2024 ജൂലൈ 13 ന്, പെൻസിൽവാനിയയിലെ ബട്ട്‌ലറിന് സമീപം പ്രചാരണ റാലിക്കിടെ ട്രംപിനെതിരെ വധശ്രമം ഉണ്ടായി. തോമസ് മാത്യു ക്രൂക്ക്സ് എന്ന 20 കാരൻ ഉതിർത്ത വെടിയിൽ ട്രംപിന്റെ വലതു ചെവിക്ക് പരിക്കേറ്റു. മിനിറ്റുകൾക്കുള്ളിൽ യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ കൌണ്ടർ-സ്നൈപ്പർ ടീമിന്റെ വെടിയേറ്റ് ക്രൂക്ക്സ് കൊല്ലപ്പെട്ടു. ദിവസങ്ങൾക്കുള്ളിൽ കെട്ടിവെച്ച ചെവിയുമായി ട്രംപ് പ്രചാരണ വേദികളിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. ബാൻഡേജ് കെട്ടിവെച്ച വലതുചെവി അമേരിക്കയിൽ ഒരു ട്രെൻഡ് ആയി മാറിയിരുന്നു. സകല വിവാദങ്ങളെയും മറികടന്ന് തിരഞ്ഞെടുപ്പിൽ 312 ഇലക്ടറൽ വോട്ടുകൾ നേടി ഡൊണാൾഡ് ട്രംപ് വിജയിച്ചു. 226 ഇലക്ടറൽ വോട്ടുകളാണ് കമല ഹാരിസ് നേടിയത്.

ബ്രിട്ടൻ : 2024 ജൂലൈ മാസത്തിലാണ് ലോകത്തെ മറ്റൊരു പ്രധാന സമ്പദ് ശക്തിയായ ബ്രിട്ടൻ തെരഞ്ഞെടുപ്പിനെ നേരിട്ടത്. പാർലമെൻ്റിൻ്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസിലേക്ക് 650 അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായുള്ള പാർലമെന്റ് തെരഞ്ഞെടുപ്പാണ് ഇക്കഴിഞ്ഞ ജൂലൈയിൽ നടന്നത്. വളരെ അപ്രതീക്ഷിതമായ നീക്കത്തിലാണ് ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഋഷി സുനക് സര്‍ക്കാരിന് 2025 ജനുവരി വരെ കാലാവധിയുണ്ടെന്നിരിക്കെ എട്ടു മാസം മുമ്പേ, ജൂലൈയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.14 വര്‍ഷം നീണ്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭരണത്തിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരങ്ങൾ ഉണ്ടെന്ന സർവേ ഫലങ്ങൾക്കിടെയായിരുന്നു സുനക്കിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം. ഇതിനെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ എതിർപ്പുകളുണ്ടായിരുന്നുവെങ്കിലും തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുകയായിരുന്നു സുനക്ക്.

 

ഋഷി സുനക് 

ഉയർന്ന ജീവിത ചെലവുകൾ, ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ, കുടിയേറ്റം, കോവിഡ് കാലത്തെ അഴിമതി, പാർട്ടി ഗേറ്റ് വിവാദം തുടങ്ങിയ വിഷയങ്ങളായിരുന്നു തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചകൾ. അഞ്ച് വർഷത്തിനിടെ മൂന്ന് പ്രധാനമന്ത്രിമാർ വന്നുപോയതും കൺസർവേറ്റിവ് പാർട്ടിക്ക് ക്ഷീണം തീർത്തു. മധ്യ- ഇടത് പക്ഷ പാർട്ടിയായ ലേബർ പാർട്ടി തിരിച്ചുവരുമെന്ന് മിക്ക സർവേ ഫലങ്ങളും സൂചിപ്പിച്ചിരുന്നു.

 

കെയിർ സ്റ്റാർമർ

സർവേ ഫലങ്ങളോട് ചേർന്ന് നിൽക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലവും. രണ്ട് നൂറ്റാണ്ടിനിടെയുള്ള കൺസർവേറ്റിവ് പാർട്ടിയുടെ ഏറ്റവും വലിയ തോൽവിയാണ് 2024 ലെ തെരഞ്ഞെടുപ്പിൽ കണ്ടത്. ലേബർ പാർട്ടി തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം സ്വന്തമാക്കുകയും കെയിർ സ്റ്റാർമർ യുകെയുടെ പുതിയ പ്രധാനമന്ത്രി ആവുകയും ചെയ്തു. കൺസർവേറ്റിവ് പാർട്ടിയുടെ പിന്തുണയിൽ വലിയ തകർച്ചയാണ് ഉണ്ടായത്.

യൂറോപ്പിൽ ആകെ തീവ്രവലതുപക്ഷം പിടിമുറുക്കുമ്പോഴാണ് യുകെയിൽ ഒരു മധ്യ-ഇടതുപക്ഷ പാർട്ടി അധികാരത്തിലേറിയത് എന്നതും ശ്രദ്ധേയമാണ്.

ഫ്രാൻസ് : യുകെയിലേതിന് സമാനമായി, തീവ്ര വലതുപക്ഷ പാർട്ടികൾ വലിയ തിരിച്ചടി നേരിടുന്നതാണ് ഇത്തവണത്തെ ഫ്രാൻസ് തെരഞ്ഞെടുപ്പിലും ലോകം കണ്ടത്. രണ്ടാം ലോകയുദ്ധത്തിന് ശേഷം ആദ്യമായൊരു തീവ്രവലതുപക്ഷ പാർട്ടി ഫ്രാൻ‌സിൽ അധികാരത്തിലേറുന്നു എന്ന പ്രതീതി സൃഷ്ടിച്ച് കൊണ്ടാണ് ഫ്രാൻസ് തെരഞ്ഞെടുപ്പിലേക്ക് കടന്നത്. ഇറ്റലിക്കും നെതർലൻഡ്സിനും പിന്നാലെ ഫ്രാൻസും വലതുപക്ഷ ചേരിയിലേക്ക് നീങ്ങുന്നുവെന്ന അത്ര ശുഭകരമല്ലാത്ത വാർത്ത ഏറെ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു.

ജൂണിൽ നടന്ന യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷ നേതാവ് മറീൻ ലി പെന്നിന്റെ നാഷണൽ റാലി പാർട്ടി വലിയ മുന്നേറ്റം ഉണ്ടാക്കിയിരുന്നു. പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അധോസഭയിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നാഷണൽ റാലി അധികാരത്തിൽ എത്തുമെന്ന് തന്നെ സകല സർവേഫലങ്ങളും പ്രവചിച്ചിരുന്നു. ഫ്രാൻസ് അൺബൗഡ്, സോഷ്യലിസ്റ്റ് പാർട്ടി, എക്കോളജിസ്റ്റ് പാർട്ടി, ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടി തുടങ്ങി വിവിധ ഇടതുപക്ഷ പാർട്ടികൾ അടങ്ങിയ ന്യൂ പോപ്പുലർ ഫ്രണ്ടായിരുന്നു എതിരാളികൾ.

 

മറീൻ ലി പെൻ

ആദ്യഘട്ട തെരഞ്ഞെടുപ്പ് സർവേ ഫലങ്ങളോട് ചേർന്ന് നിൽക്കുകയും ചെയ്തു. നാഷണൽ റാലി ഒന്നാമതും ന്യൂ പോപ്പുലർ ഫ്രണ്ട് രണ്ടാമതും ആയി മാറി. മാക്രോണിന്റെ മധ്യപക്ഷ പാർട്ടി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. എന്നാൽ രണ്ടാം ഘട്ടത്തിന് മുൻപ്, വിയോജിപ്പുകളും അഭിപ്രായ ഭിന്നതകളും മാറ്റി വെച്ച് ഇടതുപക്ഷ മുന്നണി ഒരുമിച്ച് നിൽക്കുന്ന കാഴ്ചക്കാണ് ഫ്രാൻസ് സാക്ഷ്യം വഹിച്ചത്. രണ്ടാം ഘട്ടത്തിൽ മറീൻ ലി പെന്നിന്റെ നാഷണൽ റാലിക്ക് അടി തെറ്റി. ഇടതു പക്ഷ സഖ്യം ഒന്നാമതായി. 182 സീറ്റുകളോടെ ഇടതുപക്ഷ സഖ്യം ഒന്നാമതും 163 സീറ്റ് നേടി ഇമ്മാനുവൽ മാക്രോണിന്റെ എൻസെമ്പിൾ സഖ്യം രണ്ടാമതുമെത്തി. തീവ്രവലതുപക്ഷത്തിന് ആകെ നേടാനായത് 143 സീറ്റുകളാണ്.

 

ന്യൂ പോപ്പുലർ ഫ്രണ്ട് നേതാക്കൾ 

എന്നാൽ ഫ്രാന്‍സിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടു മാസം പിന്നിട്ടിട്ടും ഇടതുപക്ഷ സഖ്യത്തെ മാക്രോണ്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചില്ല. ഇതിനെതിരെ രാജ്യത്താകമാനം വലിയ പ്രതിഷേധങ്ങൾ ഉയർന്നതോടെ തീവ്ര വലതുപക്ഷ നിലപാടുകൾ ഉള്ള മിഷേല്‍ ബാര്‍ണിയറെ മാക്രോൺ സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ചു. മുന്‍ ബ്രക്‌സിറ്റ് നെഗോഷിയേറ്ററും ഫ്രാൻസിൽ ദീർഘകാലം ഭരണം നടത്തിയ മധ്യ വലതുപക്ഷ കക്ഷിയായ റിപ്പബ്ലിക്കൻ പാര്‍ട്ടി നേതാവുമായിരുന്നു അദ്ദേഹം. എന്നാൽ ബജറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിൽ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയം പാസായതോടെ ബാര്‍ണിയക്ക് രാജി വെച്ചൊഴിയേണ്ടി വന്നു. അധികാരത്തിൽ മൂന്ന് മാസത്തിൽ താഴെ സമയം മാത്രമാണ് ബാര്‍ണിയർ ചിലവഴിച്ചത്. പിന്നാലെ വലതുപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് മൂവ്മെന്റിന്റെ നേതാവും പൗ നഗരത്തിന്റെ മുൻ മേയറുമായ ഫ്രാൻസ്വ ബയ്റൂവിനെ മാക്രോൺ പ്രധാനമന്ത്രിയായി നിയമിച്ചു. എങ്കിലും ഫ്രാൻസിലെ ഭരണപ്രതിസന്ധി മാറ്റമില്ലാതെ തുടരുകയാണ്.

ഇന്ത്യയുടെ അയൽക്കാർ : ഇന്ത്യയുടെ മൂന്ന് അയൽരാജ്യങ്ങളായ പാകിസ്താനും ശ്രീലങ്കയും ബംഗ്ലദേശും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച വർഷമാണ് 2024. ജനാധിപത്യം വെറും പ്രഹസനം മാത്രമായി മാറിയ പാകിസ്താനിൽ ഇത്തവണയും വിവിധ പാർട്ടികളുടെ പങ്കാളിത്തത്തോടെ തെരഞ്ഞെടുപ്പ് നടന്നു. എല്ലാ തവണയും എന്ന പോലെ സൈന്യത്തിന്റെ ഇടപെടലുകൾ 2024 ലെ തെരഞ്ഞെടുപ്പിലും രാജ്യത്ത് ഉണ്ടായി. സൈന്യത്തിന്റെ കണ്ണിലെ കരടായ പാകിസ്താന്‍ ക്രിക്കറ്റ് ഇതിഹാസവും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാൻ തെരഞ്ഞെടുപ്പ് കാലത്തും ജയിലിലായിരുന്നു. അഴിമതി മുതൽ അനിസ്ലാമികമായ കല്യാണം കഴിച്ചത് വരെ നീളുന്ന കുറ്റങ്ങൾ ഇമ്രാൻ ഖാനെതിരെ നിലനിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തെയും പാർട്ടിയെയും തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കിയതോടെ, തെഹ്രീക് ഇ ഇന്‍സാഫ് (പിടിഐ) അംഗങ്ങൾ സ്വതന്ത്ര സ്ഥാനാർത്ഥികളായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഏറെ ജനപ്രീതിയുള്ള നേതാവായിട്ടും, സൈന്യത്തിനെതിരെ സംസാരിച്ചതോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് പുറത്ത് നിൽക്കാനായിരുന്നു ഇമ്രാൻ ഖാന്റെയും പാർട്ടിയുടെയും വിധി.

 

തുടക്കം മുതൽ സൈന്യത്തിന്റെ പ്രിയങ്കരനായ നവാസ് ഷെരീഫിനെ മുന്നിൽ നിർത്തിക്കൊണ്ടായിരുന്നു പാകിസ്താനിൽ സൈന്യത്തിന്റെ തെരഞ്ഞെടുപ്പ് നാടകം. വിവിധ ആക്രമണങ്ങൾക്കിടെയാണ് വോട്ടെണ്ണൽ നടന്നത്. വോട്ടെണ്ണലിൽ ക്രമക്കേട് നടന്നതായും ആരോപണം ഉയർന്നിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാകിസ്താനിൽ ഇമ്രാൻ കിംഗ് മേക്കറായി. കനത്ത പ്രതിസന്ധികൾക്ക് നടുവിലും വലിയ നേട്ടമാണ് തെരഞ്ഞെടുപ്പിൽ പിടിഐയും ഇമ്രാനും ഉണ്ടാക്കിയത്. എന്നാൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. ജയിലിൽ ഇരുന്ന് ഇമ്രാൻ ഖാനും, പുറത്ത് നിന്ന് പാകിസ്താൻ മുസ്ലിം ലീഗ് (എൻ) നേതാവ് നവാസ് ഷെരീഫും ജയം പ്രഖ്യാപിച്ചു. ദിവസങ്ങൾ നീണ്ട തീവ്ര ചർച്ചകൾക്ക് പിന്നാലെ ഭൂട്ടോ സർദാരിയുടെ പാകിസ്താന്‍ പീപ്പിൾസ് പാർട്ടിയും (പിപിപി) നവാസ് ഷെരീഫിൻ്റെ പാകിസ്താൻ മുസ്ലീം ലീഗ്-നവാസും (പിഎംഎൽ-എൻ) സഖ്യ സർക്കാർ ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പിടിഐ നേതാവ് ഒമർ അയൂബ് ഖാന് കുറഞ്ഞ വോട്ടിൽ ഒതുങ്ങേണ്ടി വന്നു. ഷെഹ്ബാസ് ഷെരീഫ് പാകിസ്ഥാൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

ശ്രീലങ്ക: അഴിമതിയും ദുർഭരണവും കുടുംബവാഴ്ചയും മൂലം സാമ്പത്തിക അസ്ഥിരതയിലേക്കും അരക്ഷിതാവസ്ഥയിലേക്കും തെന്നിവീണ ശ്രീലങ്കയിൽ വലിയ രാഷ്ട്രീയ മാറ്റമാണ് 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ ഉണ്ടായത്. രജപക്സെ കുടുംബാധിപത്യത്തെ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയ ലങ്കൻ ജനത അടുത്ത അവസരം നൽകിയത് മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിയായ 'ജനത വിമുക്തി പെരുമുന'ക്കും നേതാവ് അനുര കുമാര ദിസനായകക്കും ആണ്.

 

അനുര കുമാര ദിസനായക

ജനസംഖ്യയുടെ നാലില്‍ ഒരാൾ ദാരിദ്ര്യ രേഖയ്ക്ക് താഴെ, സാമ്പത്തിക വളര്‍ച്ചാ നിരക്ക് വെറും രണ്ട് ശതമാനത്തോളം, കടുത്ത വിലക്കയറ്റം, ഭക്ഷ്യ-ഇന്ധന ക്ഷാമം തടുങ്ങി കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിലാണ് ദ്വീപ് രാഷ്ട്രം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. ശ്രീലങ്കയുടെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിൽ ആദ്യമായയാണ് ഒരു ഇടത് പക്ഷ പ്രസിഡന്റ് രാജ്യത്ത് ഉണ്ടാകുന്നത്. 'നാഷണൽ പീപ്പിൾസ് പവർ' എന്ന മധ്യ-ഇടതുപക്ഷ വിശാലസഖ്യത്തിലെ മുഖ്യകക്ഷിയാണ് ജനത വിമുക്തി പെരുമുന. 2022 ൽ ജനകീയ പ്രക്ഷോഭത്തിലൂടെയാണ് അന്നത്തെ പ്രസിഡന്റ് ഗൊതബായ രജപക്സയെയുടെ ഭരണം ശ്രീലങ്കയിൽ അവസാനിച്ചത്. രണ്ടു വർഷത്തിന് ശേഷം പാർലമെന്റ് തെരഞ്ഞെടുപ്പിലൂടെയാണ് ദിസനായകെ തിരഞ്ഞെടുക്കപ്പെട്ടത്.

ബംഗ്ലാദേശ്: അതോടൊപ്പം ബംഗ്ലാദേശിലും തെരഞ്ഞെടുപ്പ് നടന്നെങ്കിലും വലിയ രാഷ്ട്രീയ കോളിളക്കങ്ങൾക്കാണ് രാജ്യം ഇത്തവണ സാക്ഷ്യം വഹിച്ചത്. പ്രധാന പ്രതിപക്ഷ പാർട്ടിയുടെ ബഹിഷ്കരണത്തിനും പണിമുടക്കിനുമിടയിലാണ് ബംഗ്ലാദേശ് വോട്ടിങ് ബൂത്തിലേക്ക് കടന്നത്. ഒട്ടും ജനാധിപത്യപരമായി അല്ലാതെ നടന്ന തെരഞ്ഞെടുപ്പിൽ ഹസീന സർക്കാർ നാലാമൂഴം നേടി. എന്നാൽ വിദ്യാ‍ര്‍ഥി പ്രക്ഷോഭത്തില്‍ ഒരു സ‍ര്‍ക്കാ‍ര്‍ താഴെ വീഴുന്നതിനും പ്രധാനമന്ത്രി രാജ്യം വിടുന്നതിനും സാക്ഷ്യം വഹിച്ച അപൂ‍ര്‍വതയിലൂടെയായിരുന്നു ബംഗ്ലാദേശ് പിന്നീട് കടന്നുപോയത്. 2024 ജൂലൈ ആദ്യ വാരം ആരംഭിച്ച പ്രക്ഷോഭത്തിന് കാരണമായത് സ്വാതന്ത്ര്യസമര സേനാനികളുടെയും വിമുക്ത ഭടന്മാരുടെയും കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയുടെ 30 ശതമാനം സംവരണം ചെയ്തുകൊണ്ടുള്ള ക്വാട്ട സമ്പ്രദായം ഹൈക്കോടതി പുനഃസ്ഥാപിച്ചതായിരുന്നു. ഇതിനെതിരെ വിദ്യാ‍ർഥികള്‍ തെരുവിലിറങ്ങി, അക്ഷരാ‍ത്ഥത്തില്‍ രാജ്യത്തിന്റെ തെരുവുകള്‍ വിദ്യാ‍‍ര്‍ഥി രോഷത്തില്‍ കത്തിയമര്‍ന്നെന്ന് പറയാം.

 

മെറിറ്റടിസ്ഥാനത്തിലായിരിക്കണം നിയമനമെന്ന നിലപാട് മുന്നോട്ടുവെച്ചായിരുന്നു പ്രതിഷേധം. എന്നാല്‍, ഏതുവിധേനയും പ്രതിഷേധം അടിച്ചമര്‍ത്തണമെനന്നായിരുന്നു ഷെയ്ഖ് ഹസീന ഭരണകൂടത്തിന്റെ തീരുമാനം. വാ‍ര്‍ത്താസമ്മേളനത്തില്‍ പ്രതിഷേധക്കാരെ റസാക്ക‍ര്‍മാരെന്ന് അഭിസംബോധന ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ബംഗ്ലാദേശില്‍ 'റസാക്കര്‍' എന്നത് വളരെ നിന്ദ്യമായ പദമാണ്. സന്നദ്ധപ്രവര്‍ത്തകര്‍ എന്നര്‍ത്ഥം വരുന്ന ഈ വാക്ക്, പാകിസ്താന്‍ സായുധസേന സ്വാതന്ത്ര്യസമര സേനാനികളെ ലക്ഷ്യം വച്ച് നടത്തിയ അതിക്രമങ്ങളെ പിന്തുണിച്ചിരുന്നവരെ വിളിച്ചിരുന്ന പേരാണ്. പിന്നീട്, രാജ്യത്തെ സേനാവിഭാഗങ്ങളും വിദ്യാ‍ര്‍ഥികളും തുറന്നയുദ്ധത്തിലേക്ക് കടന്നു. ആഭ്യന്തരയുദ്ധം രൂക്ഷമായതോടെ ജീവനുകള്‍ പൊലിയുന്നതിന്റെ എണ്ണവും വ‍ര്‍ധിച്ചു. ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പ്രകാരം അറുനൂറിലധികം പേരാണ് ഈ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് സാധാരണക്കാ‍ര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

സംവരണം സുപ്രീം കോടതി റദ്ദാക്കിയിട്ടും പ്രതിഷേധക്കാര്‍ പിന്നോട്ടുപോയില്ല. കൊല്ലപ്പെട്ടവര്‍ക്ക് നീതി ആവശ്യപ്പെട്ടായിരുന്നു പിന്നീടുള്ള പോരാട്ടം. ഷെയ്ഖ് ഹസീന സര്‍ക്കാ‍രിന്റെ രാജിയായിരുന്നു ലക്ഷ്യം. ഓഗസ്റ്റ് അഞ്ചിന് ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യം വിട്ടു. പ്രധാനമന്ത്രിയുടെ വസതി പ്രതിഷേധക്കാര്‍ വളയുമെന്ന സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു നീക്കം. ഇന്ത്യയിലാണ് ഷെയ്ഖ് ഹസീന അഭയം തേടിയതെന്ന റിപ്പോ‍ര്‍ട്ടുകള്‍ മണിക്കൂറുകള്‍ക്കകം പുറത്തുവന്നു. നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനൂസ് ഇടക്കാല സർക്കാർ രൂപീകരിച്ചു.

 

ഷെയ്ഖ് ഹസീന 

വംശഹത്യ ഉള്‍പ്പെടെയുള്ള ഗൗരവതരമായ കുറ്റങ്ങളാണ് ബംഗ്ലാദേശിൽ ഹസീനയ്ക്ക് മേൽ ചുമത്തപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ ഷെയ്ഖ് ഹസീന വിചാരണ നേരിടണമെന്നാണ് ഇടക്കാല സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. ധാക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഹസീനയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഹസീനയെ മടക്കി അയക്കണമെന്ന ആവശ്യം ബംഗ്ലാദേശ് ഇന്ത്യക്ക് മുന്നില്‍ വെച്ചിട്ടുണ്ട്. എന്നാല്‍ കൃത്യമായൊരു മറുപടി നല്‍കാൻ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ല.

രക്ത രൂക്ഷിതമായ 2024

ലോകക്രമത്തിൽ സുപ്രധാന മാറ്റങ്ങൾക്കൊപ്പം രക്തചൊരിച്ചിലുകളുടേത് കൂടിയായിരുന്നു ഈ വർഷം. ഗസ്സയിലും യുക്രൈനിലും സുഡാനിലും ഉൾപ്പടെ ലോകത്തിന്റെ പല ഭാഗത്തും ജനങ്ങൾ യുദ്ധത്തിന്റെയും വംശഹത്യയുടേയും ഇരകളായി. കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേർക്ക് ജീവനും കുടുംബവും സ്വത്തുക്കളും നഷ്ടമായി. ലോകരാജ്യങ്ങൾ പലപ്പോഴും സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ ഇത്തരം അക്രമങ്ങളിൽ നിന്നും മുഖം തിരിക്കുന്നതാണ് ലോകം കണ്ടത്. അക്രമങ്ങളിൽ സകലതും നഷ്ടപ്പെട്ടവർക്ക് നേരെ വിദ്വേഷവും വെറുപ്പും ഒഴുക്കുന്ന വേദനിപ്പിക്കുന്ന കാഴ്ചകളും ഈ വർഷം കാണാനായി.

 

ഗസ്സ: 2024 ഡിസംബറിൽ എത്തി നിൽക്കുമ്പോൾ ഗാസയിലെ ഇസ്രായേൽ അതിക്രമങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അര ലക്ഷത്തോളം എത്തിയിരിക്കുന്നു. സ്കൂളുകളും ആശുപത്രിയികളും അഭയാർത്ഥി കേന്ദ്രങ്ങളും ഉൾപ്പടെ എല്ലാം ഇസ്രായേൽ വ്യോമ- സൈനിക ആക്രമണങ്ങളിലൂടെ തകർത്തു. ഗസ്സയിലെ ഒരു പ്രദേശം പോലും താമസ യോഗ്യവും സുരക്ഷിതവുമല്ലെന്ന് വിവിധ അന്താരാഷ്ട്ര ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. 2023 ഒക്ടോബറിൽ ആരംഭിച്ച ആക്രമണങ്ങളും കുരുതികളും അതേ തീവ്രതയോടെ ഇപ്പോഴും തുടരുകയാണ്.

ഇസ്രയേലിന്റെ ഗസ്സയിലെ ആക്രമണങ്ങളുടെ തുടക്കം 2023ൽ ആയിരുന്നെങ്കിലും അതെല്ലാവിധ അതിരുകളും ലംഘിക്കുന്ന കാഴ്ചയായിരുന്നു ഈ വർഷം കണ്ടത്. അതിനോട് 'സമാധാനവാദികൾ' എന്നവകാശപ്പെടുന്ന ആഗോള ശക്തികളെല്ലാം മൗനം പാലിച്ചു. ചിലർ അവർക്കു വേണ്ട സകല സഹായങ്ങളും ചെയ്തു നൽകി. ഗസ്സയിൽ ഇന്നേക്ക് 45,338 പലസ്തീനികൾ കൊല്ലപ്പെടുകയും 107,764 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഏകദേശം 20 ലക്ഷം മനുഷ്യർ കുടിയിറക്കപ്പെട്ടു. കുട്ടികളെന്നോ സ്ത്രീകളെന്നോ വ്യത്യാസമില്ലാതെയായിരുന്നു സമീപകാലത്ത് ലോകം കണ്ട ഏറ്റവും വലിയ നരനായാട്ട് ഇസ്രയേൽ പശ്ചിമേഷ്യയിൽ നടത്തിയത്. ശരിക്കും ലോകം നോക്കിനിൽക്കുകയും ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭരണകൂടം കൊന്നൊടുക്കുകയുമായിരുന്നു.

 

ഗസ്സയിൽ ഇസ്രായേൽ വംശഹത്യയാണ് നടത്തുന്നതെന്ന് തെളിവുകൾ സഹിതം പല അന്താരാഷ്ട്ര ഏജൻസികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആക്രമണങ്ങളിൽ നിന്ന് പിന്മാറണമെന്ന് യുഎൻ അടക്കമുള്ളവർ ആവശ്യപ്പെട്ടിട്ടും ഇസ്രായേൽ തയ്യാറായിട്ടില്ല. ഭക്ഷണത്തിനായി കാത്തുനിന്ന മനുഷ്യർക്കിടയിലേക്ക് ആക്രമണം അഴിച്ച് വിട്ട നടപടി ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് പ്രതിഷേധം ഉയർത്തിയെങ്കിലും നെതന്യാഹുവിന്റെ സൈന്യം പിന്മാറാൻ തയ്യാറായില്ല. ഹമാസിനെ ഇല്ലാതാക്കാനെന്ന പേരിൽ മുനമ്പിലെ അടിസ്ഥാന സൗകര്യങ്ങൾ അടക്കം ഇസ്രായേൽ ഇല്ലാതാക്കി കഴിഞ്ഞു.

ആശുപത്രികളാണ് ഇസ്രായേൽ ആക്രമണങ്ങളുടെ പ്രധാന കേന്ദ്രങ്ങൾ. പ്രതികൂല സാഹചര്യങ്ങളിലും ഒരു ജീവനെങ്കിലും രക്ഷിക്കാനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന മുനമ്പിലെ ആരോഗ്യപ്രവർത്തകർ ഐഡിഎഫ് തടവിലാക്കുകയും പീഡിപ്പിക്കുകയും ചെയ്തു. അഭയാർത്ഥി ക്യാമ്പുകൾ ലക്ഷ്യമിട്ടുള്ള ആക്രമങ്ങളും നിരവധിയാണ്. അടിസ്ഥാന സഹായങ്ങൾ പോലും എത്തിക്കാനാത്ത സ്ഥിതിയാണ് മുനമ്പിൽ ഇപ്പോൾ നിലനിൽക്കുന്നത്. അതേസമയം, വെസ്റ്റ് ബാങ്കിലും ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ സൈന്യത്തിന്റെ നരനായാട്ട് നടക്കുകയാണ്. നിരവധിപേരെയാണ് ദിവസവും സൈന്യം തടവിലാക്കുന്നത്.

 

2023 ഒക്ടോബർ 7 ന് തുടങ്ങിയ ആക്രമണങ്ങൾ 15 മാസം കടക്കുകയാണ്. ഗസ്സയിൽ കൊല്ലപ്പെട്ടവരിൽ 70 ശതമാനത്തിൽ അധികവും സ്ത്രീകളും കുട്ടികളും ആണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 17,000 അധികം കുട്ടികളും 11000 അധികം സ്ത്രീകളും കൊല്ലപ്പെട്ടു. 12000 ത്തോളം ആളുകളെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കാണാതായി. ആയിരത്തോളം ആരോഗ്യ പ്രവർത്തകർ ജോലിക്കിടെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 175 ൽ അധികമാണ്. 12000 ത്തോളം വിദ്യാർഥികൾ കൊല്ലപ്പെട്ടു.

75,000 സ്ഫോടകവസ്തുക്കൾ ഇക്കാലത്തിനിടെ ഗസ്സയിൽ പതിച്ചു. ഇവയെല്ലാം നീക്കം ചെയ്ത് ഗസ്സയെ വാസയോഗ്യമാക്കണമെങ്കിൽ വർഷങ്ങളെടുക്കുമെന്ന് വിദഗ്ദർ വ്യക്തമാക്കുന്നുണ്ട്. സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങൾ പ്രകൃതിക്കും അവിടെ ജീവിക്കുന്നവർക്കും അങ്ങേയറ്റം ഹാനികരമാകുമെന്നും വിവിധ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. 290 ലധികം സ്കൂളുകളും 150 ഓളം ആശുപത്രികളും തകർക്കപ്പെട്ടു. ഗസ്സയിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ആശുപത്രി പോലും അവശേഷിക്കുന്നില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒന്നര ലക്ഷത്തിലധികം വീടുകളും ഇസ്രായേൽ തകർത്തെറിഞ്ഞിട്ടുണ്ട്.

പശ്ചിമേഷ്യ:

അധിനിവേശത്തിന്റെ എല്ലാവിധ മനുഷ്യത്വവിരുദ്ധ മുഖവും പ്രകടമായ, വലിയ ഭൗമരാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിമാറിയ ഒരു വർഷമായിരുന്നു പശ്ചിമേഷ്യയെ സംബന്ധിച്ചിടത്തോളം 2024. ഗസ്സയിലും വെസ്റ്റ് ബാങ്കിലും തുടരുന്ന ഇസ്രായേലി വംശഹത്യ മുതൽ ഭരണകൂടങ്ങളുടെ തകർച്ചയും പശ്ചിമേഷ്യൻ മേഖലയുടെ ശക്തിസന്തുലനത്തെ തിരുത്തിക്കുറിക്കാൻ സാധിക്കുന്ന സംഭവവികാസങ്ങൾക്കും ഈ വർഷം സാക്ഷ്യം വഹിച്ചു.

ഗസ്സയിലെ ഇസ്രായേൽ അധിനിവേശത്തിന്റെ പാരമ്യത്തിൽ നിൽക്കെയാണ് നെതന്യാഹുവും സംഘവും 2024 സെപ്റ്റംബർ 17ന് പേജർ സ്ഫോടനത്തിലൂടെ ലെബനനിലേക്കുള്ള കടന്നുകയറ്റത്തിന്റെ സൂചനകൾ നൽകുന്നത്. തുടർന്ന് ഒക്ടോബർ ഒന്നിന് തെക്കൻ ലെബനനിലും ഇസ്രായേലി സൈന്യം ഏകപക്ഷീയ ആക്രമണങ്ങൾ ആരംഭിച്ചു.

 

ഹിസ്‌ബുല്ല നേതാവ് ഹസ്സൻ നസ്റല്ല, ഹമാസിന്റെ രാഷ്ട്രീയകാര്യ സെക്രട്ടറി ഇസ്മായിൽ ഹനിയേ, പിൻഗാമിയായ യഹ്യ സിൻവാർ എന്നിവരുൾപ്പെടെ പതിറ്റാണ്ടുകളായി ഇസ്രായേലിനെ ചെറുത്ത പ്രമുഖ വ്യക്തികളെയും അവർ കൊലപ്പെടുത്തി. അതിൽ ഇസ്മായിൽ ഹനിയയെ തെഹ്റാനിൽ വച്ച് വധിച്ചതിലൂടെ 'പ്രതിരോധത്തിന്റെ അച്ചുതണ്ട്' എന്നറിയപ്പെടുന്ന സംഘത്തിന്റെ നേതൃസ്ഥാനത്തുള്ള ഇറാനെയും ഇസ്രായേൽ സംഘർഷത്തിലേക്ക് വലിച്ചിടുകയായിരുന്നു.

ചരിത്രത്തിൽ ആദ്യമായി ഇറാൻ ഇസ്രായേലിന്റെ അതിർത്തികൾക്കുള്ളിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെ പ്രയോഗിക്കുന്നതിനും 2024 സാക്ഷിയായി. ഏറ്റവുമൊടുവിലാണ് 13 വർഷത്തെ ആഭ്യന്തര യുദ്ധത്തിനൊടുവിൽ സിറിയയിലും ഭരണമാറ്റം സംഭവിക്കുന്നത്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി സിറിയ ഭരിക്കുന്ന അസദ് ഭരണകൂടത്തെ അട്ടിമറിക്കുന്ന സംഭവവികാസവും 2024ന്റെ അവസാന പാദത്തിലുണ്ടായി.

സിറിയൻ ഭരണമാറ്റം

പശ്ചിമേഷ്യയുടെ പവർ സ്ട്രക്ച്ചറിനെ മാറ്റിവരയ്ക്കാൻ സാധിക്കുന്ന ഒന്നായിരുന്നു ബശ്ശാർ അൽ അസദിന്റെ പതനം. ഏകദേശം 12 ദിവസം കൊണ്ടായിരുന്നു ആഭ്യന്തര കലാപത്തിന്റെ പിടിയിലകപ്പെട്ട രാജ്യത്ത് അട്ടിമറി നടന്നത്. നേതൃത്വം നൽകിയത് ഹയാത് തഹ്‌രീർ അൽ ശാം (എച്ച് ടി എസ് ) എന്ന മുൻപ് അൽഖായിദയുമായി ബന്ധമുണ്ടായിരുന്ന സംഘവും.

 

ബശ്ശാറുൽ അസദ്

നവംബർ 27ന് സിറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ അലപ്പോ പിടിച്ചടക്കി ആരംഭിച്ച എച്ച്ടിഎസ് മുന്നേറ്റം ഡിസംബർ എട്ടോടെ ദമസ്കസിലാണ് അവസാനിച്ചത്. അസദ് ഭരണകൂടത്തിന്റെ വീഴ്ച ശരിക്കും തിരിച്ചടിയായത് ഇറാന് കൂടിയായിരുന്നു. നേരത്തെ സൂചിപ്പിച്ച പ്രതിരോധത്തിന്റെ അച്ചുതണ്ടിൽ മുഖ്യ ശക്തിയായ ലബനാനിലെ ഹിസ്‌ബുല്ലയ്ക്ക് വേണ്ട സഹായങ്ങൾ ഇറാൻ നൽകിയിരുന്ന പ്രധാന മാർഗമായിരുന്നു സിറിയ. അത് തുർക്കി സഹായം നൽകുന്ന, എച്ച്ടിഎസിന്റെ കൈപ്പിടിയിലാകുന്നതോടെ ഹിസ്‌ബുള്ളയുടെയും തദ്വാര ഫലസ്തീനി ചെറുത്തുനില്പിനും മങ്ങലേൽപിച്ചേക്കും.

യുക്രൈൻ - റഷ്യ

'പ്രത്യേക സൈനിക ദൗത്യം' എന്ന പേരിൽ യുക്രൈനിലേക്ക് റഷ്യ കടന്നുകയറിയിട്ട് 1000 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. വളരെ പെട്ടെന്ന് അവസാനിക്കുമെന്ന് ലോകം കരുതിയ റഷ്യൻ അധിനിവേശം ഇന്നും അവസാനിച്ചിട്ടില്ല. കേവലം രണ്ടുരാജ്യങ്ങൾ തമ്മിലുള്ള സംഘർഷം എന്നതിലുപരിയായി ആഗോള സമവാക്യങ്ങളെ തിരുത്തിക്കുറിക്കാൻ സാധിക്കുന്ന ഒന്നായി യൂറോപ്പിലെ ഈ സംഘർഷം മാറിക്കഴിഞ്ഞു. അവസാനം എന്നെന്നോ അനന്തരഫലങ്ങൾ എന്തെന്നോ ഇന്നും പ്രവചനീയമല്ല.

പ്രത്യക്ഷത്തിൽ റഷ്യ-യുക്രൈൻ സംഘർഷമാണെങ്കിലും, വ്ലാദിമിർ പുടിനും നാറ്റോയ്ക്കുമിടയിൽ നടക്കുന്ന ശക്തിപ്രകടനമായി അതിന് രൂപാന്തരം സംഭവിച്ചിട്ടുണ്ട്. 2024ൽ യുക്രെയ്ൻ റഷ്യൻ അതിർത്തിക്കുള്ളിൽ നടത്തിയ ആക്രമണങ്ങളും ഏറ്റവുമൊടുവിൽ ആണവ വിഭാഗം മേധാവി ഇഗോർ കിറിലോവിന്റെ കൊലപാതകവുമെല്ലാം അതിന്റെ തെളിവുകളാണ്.

 

യുക്രൈന്റെ കിഴക്കൻ പ്രവിശ്യയിൽ വലിയ മുന്നേറ്റം റഷ്യ ഉണ്ടാകുമ്പോഴും ഒരു സമ്പൂർണ വിജയത്തിലേക്ക് എത്താൻ പുടിന്റെ സൈന്യത്തിന്റെ സാധിച്ചിട്ടില്ല. നവംബറിൽ ദിനേന 30 ചതുരശ്ര കിലോമീറ്റർ റഷ്യൻ സൈന്യം പിടിച്ചടക്കിയിട്ടുണ്ടെന്നാണ് കണക്കുകൾ. യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി സമാധാന ചർച്ചകളിലേക്ക് നീങ്ങുന്നു എന്നതിന്റെ സൂചനകളും നൽകുന്നുണ്ട്. അടുത്തിടെ അന്താരാഷ്ട്ര മാധ്യമമായ സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അക്കാര്യം പറഞ്ഞിരുന്നു. ഭാവിയിൽ റഷ്യയുടെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടാകില്ലെന്ന ഉറപ്പ് നാറ്റോ നൽകുകയും അംഗത്വം പരിഗണിക്കുകയും ചെയ്‌താൽ യുദ്ധവിരാമത്തിന് തയ്യാറാണെന്നാണ് സെലൻസ്കി അറിയിച്ചത്.

അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ്‌ ട്രംപ് അധികാരമേൽക്കുന്ന സാഹചര്യത്തിലാണ് സെലൻസ്കിയുടെ പ്രതികരണം. സാമ്പത്തികമായി റഷ്യയും പരുങ്ങലിലാണ്. സമ്പദ്ഘടനയ്ക്ക് ഇടിവ് സംഭവിച്ചിട്ടില്ലെങ്കിലും വളർച്ച മന്ദഗതിയിലാണ്. ഒപ്പം യൂറോപ്പിലെ വൻ ശക്തികളായ ജർമനി ഉൾപ്പെടെ ഈ സംഘർഷം മൂലം കടുത്ത ഊർജ പ്രതിസന്ധിയിലാണ്. അതിന്റെ പ്രത്യാഘാതങ്ങൾ ഓരോ യൂറോപ്യൻ രാജ്യങ്ങളിലുമുണ്ട്.

അധികാരത്തിലേറിയാൽ ഉടൻ റഷ്യ-യുക്രൈൻ സംഘർഷം അവസാനിപ്പിക്കുമെന്ന വാഗ്ദാനം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതൽ ട്രംപ് നൽകിയിരുന്നു. അതിനായി ട്രംപ് യുക്രൈനുള്ള ആയുധ സഹായം അവസാനിപ്പിക്കുമോ അതോ പുടിന് തലവേദനയാകുമോ എന്നതെല്ലാം 2025 ൽ അറിയാം.

 

വലതുപക്ഷം കയ്യടക്കുന്ന യൂറോപ്പ്

യൂറോപ്യൻ രാഷ്ട്രീയ ഭൂമിക വലതുപക്ഷത്തേക്ക് നീങ്ങിയ വർഷമായിരുന്നു 2024. യൂറോപ്യൻ പാർലമെന്റിലേക്കും ഫ്രാൻസ്, പോർച്ചുഗൽ, ബെൽജിയം, ഓസ്ട്രിയ, നെതർലൻഡ്‌സ്‌ എന്നീ രാജ്യങ്ങളിലും നടന്ന തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷത്തിന്റെ മേൽക്കൈ പ്രകടമാണ്. കുടിയേറ്റ വിരുദ്ധതയും ഇസ്ലാമോഫോബിയയും ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങളായിരുന്നു യൂറോപ്പിലെ ഈ മാറ്റങ്ങൾക്ക് പ്രധാന പങ്ക് വഹിച്ചത്.

ഏകദേശം രണ്ട് പതിറ്റാണ്ടായി യൂറോപ്പിൽ ഉണ്ടായിവരുന്ന രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഫലമായിരുന്നു 2024 ലെ തീവ്രവലതുപക്ഷത്തിന്റെ വളർച്ച. 2024 ജൂണിൽ നടന്ന യൂറോപ്യൻ തിരഞ്ഞെടുപ്പിൽ മധ്യ-വലതുപക്ഷ യൂറോപ്യൻ പീപ്പിൾസ് പാർട്ടി (ഇപിപി) യൂറോപ്യൻ പാർലമെന്റിലെ 720 സീറ്റുകളിൽ 188 സീറ്റുകൾ നേടി മുന്നേറ്റം നടത്തി.

ഇതിന്റെ പശ്ചാത്തലത്തിൽ ഫ്രാൻ‌സിൽ നടന്ന തെരഞ്ഞെടുപ്പിൽ ആദ്യ റൗണ്ടിൽ മറീൻ ലി പെന്നിന്റെ നാഷണൽ റാലി വലിയ നേട്ടമുണ്ടാക്കിയെകിലും ഇടത്-മധ്യപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ നടന്ന ചെറുത്തുനിൽപ്പാണ് അവരെ ഭരണത്തിലെത്തിക്കാതെ തടഞ്ഞുനിർത്തിയത്. നിലവിൽ എല്ലാ കണ്ണുകളും ജർമനിയിലേക്കാണ്. ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, വിശ്വാസ വോട്ടെടുപ്പിൽ പുറത്തായതോടെ 2025ൽ ആദ്യം തന്നെ തെരഞ്ഞെടുപ്പുണ്ടാകും. അടുത്തിടെ ചില സംസ്ഥാനങ്ങളിൽ മാത്രമായി നടന്ന വോട്ടെടുപ്പിൽ തീവ്രവലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റിവ് ഫോർ ജർമനി മികച്ച നേട്ടം ഉണ്ടാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ രണ്ടാം ലോക യുദ്ധത്തിന് ശേഷം വീണ്ടുമൊരു തീവ്രവലതുപക്ഷ കക്ഷി ജർമനിയിൽ അധികാരത്തിലേറുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - സനു ഹദീബ

Web Journalist, MediaOne

Similar News