ഫോൺ മാത്രമല്ല, ടിവിയും വാഷിങ് മെഷീനും വരെ പ്രവർത്തിപ്പിക്കും; ഭീമന്‍ പവര്‍ബാങ്കുമായി ചൈനീസ് യു ട്യൂബര്‍(വീഡിയോ)

27,000,000 എംഎഎച്ചാണ് ഈ പവര്‍ബാങ്കിന്‍റെ കപ്പാസിറ്റി

Update: 2022-02-04 04:58 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഫോണില്‍ ചാര്‍ജ് തീര്‍ന്നുപോയാല്‍ അത്യാവശ്യ ഘട്ടത്തില്‍ പ്രവര്‍ത്തിക്കാന്‍ ഭൂരിഭാഗം പേരും ഒരു കരുതല്‍ പോലെ കൊണ്ടുനടക്കുന്നതാണ് പവര്‍ ബാങ്ക്. കയ്യില്‍ കൊണ്ടുനടക്കാവുന്ന ഈ പവര്‍ ബാങ്കുകള്‍ കൊണ്ട് ഫോണ്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ പവര്‍ ബാങ്കിലെ ചാര്‍ജ് ഉപയോഗിച്ച് ടിവിയും വാഷിംഗ് മെഷീനും വരെ പ്രവര്‍ത്തിച്ചാലോ? ചൈനീസ് യു ട്യൂബറായ ഹാൻഡി ഗെങ് ആണ് ഈ ഭീമന്‍ പവര്‍ബാങ്ക് നിര്‍മിച്ചിരിക്കുന്നത്.


ഈ പവര്‍ബാങ്ക് പോക്കറ്റില്‍ വച്ചുകൊണ്ടുപോകാമെന്നൊന്നും വിചാരിക്കണ്ട. ഒരു വണ്ടി തന്നെ വിളിക്കേണ്ടി വരും. കാരണം 27,000,000 എംഎഎച്ചാണ് ഈ പവര്‍ബാങ്കിന്‍റെ കപ്പാസിറ്റി. ഫോണും ടിവിയും വാഷിംഗ് മെഷീനും കൂടാതെ മൈക്രോവേവ് ഓവന്‍ വരെ ഈ പവര്‍ബാങ്ക് ഉപയോഗിച്ച് ഒരേസമയം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. കയ്യില്‍ കൊണ്ടുനടക്കാന്‍ കഴിയില്ലെങ്കിലും നിരവധി പേര്‍ ഈ പവര്‍ബാങ്കിനെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞു.


ഇലക്ട്രിക് കാറിന്‍റെ ബാറ്ററിയാണ് പവർ ബാങ്ക് നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി അഞ്ച് വ്യത്യസ്ത തരം സ്ട്രിപ്പുകളും ഉപയോഗിച്ചിട്ടുണ്ട്. അറുപതോളം പ്ലഗുകളും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. അതേസമയം ഈ പവർ ബാങ്ക് ചാർജ് ചെയ്തെടുക്കാൻ വേണ്ട സമയത്തെക്കുറിച്ചോ, ഇതിന്‍റെ നിർമാണച്ചെലവിനെക്കുറിച്ചോ വിഡിയോയിൽ പറയുന്നില്ല. സാധാരണ പവർ ബാങ്കുകളെ അപേക്ഷിച്ച് ആറടിയോളം നീളവും നാലടിയോളം വീതിയും ഇതിനുണ്ട്. ഒരു മേശയായും ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഈ പവര്‍ബാങ്ക് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതിന്‍റെ അടിയിൽ ചക്രങ്ങൾ പിടിപ്പിച്ചിട്ടുള്ളതിനാൽ ഇവ എളുപ്പത്തിൽ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാനും കഴിയും.

അസാധാരണമായ കണ്ടുപിടിത്തങ്ങള്‍ സ്ഥിരമായി നടത്താറുള്ള ആളാണ് ഹാന്‍ഡി. തന്‍റെ സുഹൃത്തുക്കളുടെ പക്കലുള്ളതിനെക്കാള്‍ വലിയ പവര്‍ബാങ്ക് വേണമെന്ന ആഗ്രഹത്തിലാണ് ഹാന്‍ഡിയുടെ പുതിയ കണ്ടുപിടിത്തം. ഹാന്‍ഡിയുടെ അഭിപ്രായത്തിൽ, ഈ ഉപകരണം ഏകദേശം 900 സാധാരണ പവർ ബാങ്കുകൾക്ക് തുല്യമാണ്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News