സിറിയന്‍ സെൻട്രൽ ബാങ്കിന്റെ തലപ്പത്ത് ആദ്യ വനിത; മയ്‌സാ സബ്രീനെ നിയമിച്ച് പുതിയ ഭരണകൂടം
ബശ്ശാറുൽ അസദ് ഭരണകൂടം നിയമിച്ച മുഹമ്മദ് ഇസ്സാം ഹാസിമിനു പകരക്കാരിയായാണ് മയ്‌സായുടെ നിയമനം
ദമാസ്‌കസ്: ചരിത്രത്തിലാദ്യമായി സിറിയൻ സെൻട്രൽ ബാങ്കിനെ നയിക്കാൻ ഒരു വനിത എത്തുന്നു. സെൻട്രൽ ബാങ്ക് ഡെപ്യൂട്ടി ഗവർണറായിരുന്ന മയ്‌സാ സബ്രീനെ പുതിയ ഭരണകൂടം ഗവർണറായി പ്രഖ്യാപിച്ചു. ബശ്ശാറുൽ അസദിനെ സ്ഥാനഭ്രഷ്ടനാക്കിയ ശേഷം രാജ്യത്ത് സാമ്പത്തിക രംഗത്ത് ഉൾപ്പെടെ പരിഷ്കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണു നിയമനം.
സിറിയൻ സെൻട്രൽ ബാങ്കിന്റെ 70 വർഷത്തെ ചരിത്രത്തിലാദ്യമായാണ് തലപ്പത്ത് ഒരു വനിത എത്തുന്നത്. സാമ്പത്തിക രംഗത്ത് 15 വർഷത്തിലേറെ പരിചയ സമ്പത്തുള്ളയാളാണ് മയ്‌സാ. ഏറെ കാലമായി സെൻട്രൽ ബാങ്കിൽ ജീവനക്കാരിയാണ് അവർ. പുതിയ സർക്കാർ വിവിധ വകുപ്പുകളുടെ തലപ്പത്തേക്കു നിയമിക്കുന്ന രണ്ടാമത്തെ സ്ത്രീയാണ് മയ്‌സാ സബ്രീൻ. നേരത്തെ, വനിതാ ക്ഷേമ വകുപ്പിന്റെ അധ്യക്ഷയായി ഐഷ അൽദിബ്‌സിനെ നിയമിച്ചിരുന്നു.
ദമാസ്‌കസ് സർവകലാശാലയിൽനിന്ന് അക്കൗണ്ടിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ മയ്‌സാ സബ്രീൻ അംഗീകൃത പബ്ലിക് അക്കൗണ്ടന്റ് കൂടിയാണ്. 2018 ഡിസംബർ മുതൽ ദമാസ്‌കസ് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ഡയരക്ടർ ബോർഡ് അംഗമാണ്. സെൻട്രൽ ബാങ്ക് പ്രതിനിധിയായാണ് അവർ ബോർഡിൽ ഉൾപ്പെട്ടിരുന്നത്. സിറിയൻ സെൻട്രൽ ബാങ്കിൽ ഡെപ്യൂട്ടി ഗവർണർ പദവിക്കു പുറമെ ഓഫീസ് കൺട്രോൾ ഡിവിഷൻ മേധാവിയായും പ്രവർത്തിച്ചു.
ബശ്ശാറുൽ അസദ് ഭരണകൂടം നിയമിച്ച മുഹമ്മദ് ഇസ്സാം ഹാസിമിനു പകരക്കാരിയായാണ് മയ്‌സായുടെ നിയമനം. 2021ലാണ് മുഹമ്മദ് ഇസ്സാം സിറിയൻ സെൻട്രൽ ബാങ്ക് ഗവർണറാകുന്നത്. ബശ്ശാർ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ശേഷവും അദ്ദേഹം തന്നെയാണ് പദവിയിൽ തുടർന്നത്.
ഹയ്അത്തുത്തഹ്‌രീറുശ്ശാം(എച്ച്ടിഎസ്) നേതൃത്വം നൽകുന്ന പുതിയ സിറിയൻ ഭരണകൂടം അധികാരമേറ്റ ശേഷം സാമ്പത്തിക ഉദാരവൽക്കരണ നടപടികളുമായി മുന്നോട്ടുപോകുകയാണ് സെൻട്രൽ ബാങ്ക്. ഏറെക്കുറെ പൂർണമായും സർക്കാർ നിയന്ത്രണത്തിലുണ്ടായിരുന്ന സാമ്പത്തിക രംഗത്ത് വൻ മാറ്റം കൊണ്ടുവരുന്നതായും പുതിയ നീക്കം. ചരക്കു കയറ്റുമതിക്കും ഇറക്കുമതിക്കും ആവശ്യമായിരുന്ന മുൻകൂർ അനുമതിയും വിദേശ കറൻസി ഉപയോഗത്തിനുണ്ടായിരുന്ന കടുത്ത നിയന്ത്രണവുമെല്ലാം എടുത്തുമാറ്റിയിട്ടുണ്ട്.
അതേസമയം, ബശ്ശാറിനെതിരെ ചുമത്തിയിരുന്ന ഉപരോധത്തിന്റെ ഭാഗമായി സിറിയൻ ബാങ്കിനെതിരെ അമേരിക്കയും ചില പടിഞ്ഞാറൻ രാജ്യങ്ങളും ചുമത്തിയ ഉപരോധം ഇതുവരെയും പിൻവലിച്ചിട്ടില്ല. ബശ്ശാർ രാജ്യം വിട്ട ശേഷം സെൻട്രൽ ബാങ്ക് രാജ്യത്തെ സ്വത്തിന്റെ കണക്കെടുത്തിരുന്നു. 2011ൽ ആഭ്യന്തര യുദ്ധം തുടങ്ങുമ്പോഴുണ്ടായിരുന്ന 26 ടൺ സ്വർണം ഇപ്പോഴും ശേഖരത്തിലുണ്ട്. എന്നാൽ, വിദേശനാണ്യശേഖരം കുത്തനെ ഇടിഞ്ഞിട്ടുണ്ട്. യുദ്ധത്തിന്റെ തുടക്കത്തിൽ 18 ബില്യൻ ഡോളർ ഉണ്ടായിരുന്നത് നിലവിൽ 200 മില്യൻ ഡോളർ മാത്രമാണു ബാക്കിയുള്ളതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തെ സമ്പദ്ഘടനയെ ഭദ്രമായ നിലയിലെത്തിക്കുക എന്ന വലിയ വെല്ലുവിളിയാണ് മയ്‌സാ സബ്രീനു മുന്നിലുള്ളത്. വിലക്കയറ്റം രാജ്യത്ത് വലിയ വെല്ലുവിളിയായി ഇപ്പോഴും തുടരുകയാണ്. അവശ്യവസ്തുക്കൾ വാങ്ങാൻ പോലും കെട്ടുകണക്കിനു നോട്ടുകൾ കൈയിൽ കൊണ്ടുപോകേണ്ട സ്ഥിതിയാണ്. ഇതിനു പുറമെ രാജ്യത്തെ പൗരന്മാരിൽ മൂന്നിലൊന്നു ഭാഗവും കടുത്ത പട്ടിണിയിലൂടെയാണു കടന്നുപോകുന്നത്.
Summary: Maysaa Sabrine becomes first woman to lead Syria’s central bank