തടവറയിൽ നിന്നൊരു പുരസ്കാരത്തിളക്കം; നർ​ഗിസ് 13 തവണ അറസ്റ്റിലായ പോരാട്ടവനിത

2022ൽ ബി.ബി.സിയുടെ ലോക​ത്തെ സ്വാധീനിച്ച 100 സ്‍ത്രീകളുടെ പട്ടികയിൽ നർ​ഗിസ് ഇടം നേടിയിരുന്നു.

Update: 2023-10-06 17:09 GMT
Advertising

സ്റ്റോക്ക്ഹോം: സമാധാന നൊബേൽ നേടിയ ഇറാൻ ആക്ടിവിസ്റ്റും മാധ്യമ-മനുഷ്യാവകാശ പ്രവർത്തകയുമായ നർ​ഗിസ് മൊഹമ്മദി ഭരണകൂടത്തിനെതിരായ പോരാട്ടങ്ങളുടെ പേരില്‍ 13 തവണ അറസ്റ്റിലായിട്ടുള്ള വനിത. മനുഷ്യാവകാശങ്ങൾക്കായി ഇറാൻ ഭരണകൂടത്തിനെതിരെ നിരന്തരം പോരാടുന്ന നർ​ഗിസ്, കഴിഞ്ഞ വർഷം നടന്ന സ്ത്രീകളുടെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ മുന്നിൽ നിന്ന് നയിച്ച വ്യക്തിയുമാണ്. ജയിലിൽ വച്ചാണ് നർഗിസ്‌ പുരസ്‌കാര വാർത്ത അറിഞ്ഞത്.

വിവിധ കുറ്റങ്ങൾ ചുമത്തി 32 വർഷത്തെ ജയിൽശിക്ഷയാണ് നർഗിസ് മൊഹമ്മദിക്ക് വിധിച്ചിരിക്കുന്നത്. 2022ൽ ബി.ബി.സിയുടെ ലോക​ത്തെ സ്വാധീനിച്ച 100 സ്‍ത്രീകളുടെ പട്ടികയിൽ നർ​ഗിസ് ഇടം നേടിയിരുന്നു. സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടുന്ന 19-ാമത്തെ വനിതയാണ് നര്‍ഗിസ്. ഐക്യരാഷ്ട്ര സംഘടനയുടെ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനുള്ള പുരസ്കാരവും നർഗിസ് ഈ വർഷം നേടിയിരുന്നു.

ഇമാം ഖാംനഈ ഇന്റർനാഷനൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയ നർ​ഗിസ് നിരവധി പത്രങ്ങളിൽ ജോലി ചെയ്തു. 2003ൽ അവർ ഷിറിൻ ഇബാദിയുടെ നേതൃത്വത്തിൽ ഡിഫൻഡേഴ്‌സ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് സെന്ററിൽ ചേർന്നു. സംഘടനയുടെ വൈസ് പ്രസിഡന്റായി. 1999ൽ പരിഷ്കരണ അനുകൂല പത്രപ്രവർത്തകനായ താഗി റഹ്മാനിയെ വിവാഹം കഴിച്ചു. ഇരുവർക്കും അലി, കിയാന എന്നീ മക്കളുണ്ട്. 2012ൽ നർഗീസ് ഫ്രാൻസിലേക്ക് താമസം മാറ്റി. അവിടെയിരുന്നും ഇറാനിലെ സ്ത്രീകൾക്കായുള്ള പ്രവർത്തനങ്ങൾ തുടർന്നു.

ഇറാൻ സർക്കാരിനെ വിമർശിച്ചതിന് 1998ലാണ് ആദ്യമായി അറസ്റ്റിലായത്. തുടർന്ന് തടവിലാക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകരെയും അവരുടെ കുടുംബത്തേയും സഹായിക്കാനുള്ള ശ്രമങ്ങളെത്തുടര്‍ന്ന് ദേശീയ സുരക്ഷയ്ക്ക് എതിരായി പ്രവർത്തിച്ചെന്ന കുറ്റം ചുമത്തി 2011 ജൂലൈയിൽ അറസ്റ്റ് ചെയ്ത് സെപ്തംബറിൽ ജയിലിടച്ചു. രണ്ടു വര്‍ഷത്തിനുശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയ അവര്‍ വധശിക്ഷയ്ക്കെതിരായ പ്രചാരണം ആരംഭിച്ചു. 

വധശിക്ഷ നിർത്തലാക്കാനായി പ്രചാരണം നടത്തുന്ന മനുഷ്യാവകാശ പ്രസ്ഥാനം സ്ഥാപിച്ചതിന് 2015ല്‍ വീണ്ടും ജയിലിലടയ്ക്കപ്പെട്ടു. ജയിലിലേക്ക് തിരിച്ചെത്തിയ ഇവര്‍ രാഷ്ട്രീയ തടവുകാര്‍ക്കെതിരെ, പ്രത്യേകിച്ചും സ്ത്രീ തടവുകാര്‍ക്കെതിരെ ഇറാൻ ഭരണകൂടം നടത്തുന്ന പീഡനങ്ങൾക്കും ലൈംഗികാതിക്രമങ്ങൾക്കും എതിരായ പോരാട്ടം ആരംഭിച്ചു. 2020ൽ ജയിൽ മോചിതയായി. എന്നാൽ 2021 മെയിൽ വീണ്ടും തടവിന് ശിക്ഷിക്കപ്പെട്ടു.

2003ലെ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ ഷിറിൻ എബാദിയുടെ നേതൃത്വത്തിലുള്ള സർക്കാരിതര സംഘടനയായ ഡിഫൻഡേഴ്‌സ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് സെന്ററിന്റെ ഡെപ്യൂട്ടി ഹെഡ് കൂടിയാണ് നർ​ഗിസ് മുഹമ്മദി. സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തലിനെതിരെ പോരാടിയതിനും സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനുമുള്ള പോരാട്ടത്തിനുമാണ് ഈ പുരസ്കാരമെന്നാണ് നൊബേൽ പുരസ്കാര കമ്മിറ്റി അറിയിച്ചത്. നർ​ഗിസിനുള്ള പുരസ്കാരം ആൽഫ്രഡ് നൊബേലിന്‍റെ ചരമവാർഷികമായ ഡിസംബർ 10ന് ഓസ്‌ലോയിൽ സമ്മാനിക്കും.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News