'പുതിയ റിപ്പോർട്ട് ഉടൻ, വലിപ്പമുള്ള മറ്റൊന്ന്'; വീണ്ടും 'ബോംബുമായി' ഹിൻഡൻബർഗ്
പുതിയ റിപ്പോർട്ട് ഏത് ബിസിനസ് ഗ്രൂപ്പിനെതിരെയായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകം
അമേരിക്കയിലെ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ പുതിയ റിപ്പോർട്ട് ഉടനെത്തും. പുതുതായി പുറത്തുവിടാൻ പോകുന്ന റിപ്പോർട്ടിന്റെ ഉള്ളടക്കം വ്യക്തമാക്കാതെയാണ് മുന്നറിയിപ്പ്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം ഹിൻഡൻ ബർഗ് അറിയിച്ചത്. ജനുവരി 24ന് ഹിൻഡൻബർഗ് പുറത്തുവിട്ട റിപ്പോർട്ട് അദാനി ഗ്രൂപ്പിന് വൻ തിരിച്ചടിയാണുണ്ടാക്കിയത്.
'പുതിയ റിപ്പോർട്ട് ഉടൻ - വലിപ്പമുള്ള മറ്റൊന്ന്',- ഹിൻഡൻബർഗ് ട്വിറ്ററിലൂടെ അറിയിച്ചു.
വൻ ബിസിനസ് ഗ്രൂപ്പിനെതിരെയായിരിക്കും റിപ്പോർട്ടെന്നാണ് സൂചന. അദാനി ഗ്രൂപ്പിനെ വൻ പ്രതിസന്ധിയിലേക്ക് തള്ളിയിടാൻ ഹിൻഡൻബെർഗിനായിരുന്നു. 150 ബില്യൺ ഡോളറിലധികം ആസ്തിയുണ്ടായിരുന്ന ഗൗതം അദാനിയുടെ ഇപ്പോഴത്തെ ആസ്തി 53 ബില്യൺ മാത്രമാണ്. ഫോബ്‌സ് ആഗോള സമ്പന്നരുടെ പട്ടികയിലും അദാനി പിന്തള്ളപ്പെട്ടു. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവിട്ടനു പിന്നാലെ 120 ബില്യണിലധികം ഡോളറുകളുടെ ഇടിവാണ് അദാനി ഓഹരികളിലുണ്ടായത്.
പുതിയ റിപ്പോർട്ട് ഏത് ബിസിനസ് ഗ്രൂപ്പിനെതിരെയായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകം. നിരവധി പേരാണ് ഹിൻഡൻബർഗിന്റെ ട്വീറ്റിന് പ്രതികരണവുമായെത്തിയത്. ഇത്തവണ ഇന്ത്യൻ കമ്പനി ആവാതിരിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഒരാൾ പ്രതികരിച്ചു. അദാനി ഗ്രൂപ്പിനെതിരെ റിപ്പോർട്ട് പുറത്തുവിടുന്നതിന് മുമ്പും ഇതുപോലെ മുന്നറിയിപ്പ് നൽകിയിരുന്നു. സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് ഗവേഷണം നടത്തുന്ന ലോകപ്രശസ്ത സ്ഥാപനമാണ് ഹിന്‍ഡന്‍ബര്‍ഗ്.