ന്യൂസിലന്‍ഡില്‍ യുവതിയുടെ മരണം; ഫൈസര്‍ വാക്‌സിന്റെ പാർശ്വഫലമെന്ന് സംശയം
കേസ്, കൂടുതല്‍ വിലയിരുത്തലുകള്‍ക്കായി ഉന്നതാധികാര സമിതിക്ക് സമര്‍പ്പിച്ചു.
ന്യൂസിലൻഡിൽ ഫൈസർ വാക്‌സിന്റെ പാർശ്വഫലമെന്ന് കരുതുന്ന ആദ്യ മരണം റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഫൈസർ വാക്‌സിൻ സ്വീകരിച്ച യുവതിയാണ്, വാക്‌സിൻ സ്വീകരിച്ച് ഏതാനും ദിവസങ്ങൾക്കകം മരിച്ചത്. യുവതിയുടെ പ്രായം വെളിപ്പെടുത്തിയിട്ടില്ല.
ഫൈസർ വാക്‌സിൻ സ്വീകരിക്കുന്നവരിൽ അത്യപൂർവമായി സംഭവിക്കുന്ന 'മയോകാർഡൈറ്റിസ്' (Myocarditis) ആണ് യുവതിയുടെ മരണകാരണമെന്നാണ് വാക്സിൻ സുരക്ഷാ നിരീക്ഷണ ബോർഡിന്‍റെ വിലയിരുത്തല്‍. ഹൃദയപേശികൾക്ക് വീക്കം ഉണ്ടാവുകയും രക്തം പമ്പ് ചെയ്യുന്ന അളവ് താഴ്ന്ന് ഹൃദയമിടിപ്പിൽ വ്യതിയാനം വരികയും ചെയ്യുന്ന അവസ്ഥയാണ് മയോകാർഡൈറ്റിസ്.
ചിലപ്പോൾ മറ്റ് അസുഖങ്ങളുടെ സാന്നിധ്യവും വാക്‌സിന്റെ ഫലത്തെ ബാധിച്ചേക്കാമെന്ന് വാക്‌സിൻ സുരക്ഷാ നിരീക്ഷണ ബോർഡ് അഭിപ്രായപ്പെട്ടു. മയോകാർഡൈറ്റിസ് തന്നെയാണ് മരണകാരണമെന്ന് ആരോഗ്യ മന്ത്രാലയവും വിലയിരുത്തിയതായാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസ് ഉന്നതാധികാര സമിതിക്ക് മുമ്പാകെ സമര്‍പ്പിച്ചിരിക്കുകയാണ്.
അതേസമയം, ഫൈസർ വക്താക്കൾ ഇതേപ്പറ്റി പ്രതികരിച്ചിട്ടില്ല. വാക്‌സിനെടുക്കുന്നതിന്റെ ഗുണഫലം, പാർശ്വഫലത്തെ അപേക്ഷിച്ച് വളരെ വലുതാണെന്നും വാക്സിൻ സുരക്ഷാ നിരീക്ഷണ ബോർഡ് വിലയിരുത്തിയിരുന്നു. ഫൈസര്‍, ജാന്‍സെന്‍, ആസ്ട്രസെനെക്ക തുടങ്ങിയ വാക്‌സിനുകള്‍ക്ക് ന്യൂസിലൻഡിൽ അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ വിതരണാനുമതി ഫൈസര്‍ വാക്സിനു മാത്രമാണ്.