രാജ്യത്തെ ഏറ്റവും വലിയ ആണവ വൈദ്യുതപ്ലാന്റ് നിർമാണം തുടങ്ങി പാകിസ്താൻ

പാക് അധീന പഞ്ചാബിലെ ചഷ്മയിലാണ് 1200 മെഗാവാട്ട് ശേഷിയുള്ള വൈദ്യുത പ്ലാന്റ് നിർമിക്കുന്നത്.

Update: 2024-12-31 01:11 GMT
Advertising

ഇസ്‌ലാമാബാദ്: രാജ്യത്തെ ഏറ്റവും വലിയ ആണവ വൈദ്യുതപ്ലാന്റിന്റെ നിർമാണം തുടങ്ങി പാകിസ്താൻ. പാക് അധീന പഞ്ചാബിലെ ചഷ്മയിലാണ് 1200 മെഗാവാട്ട് ശേഷിയുള്ള വൈദ്യുത പ്ലാന്റ് നിർമിക്കുന്നത്. പ്ലാന്റിന്റെ ശിലാസ്ഥാപനം ഇന്നലെ നടന്നു.

കഴിഞ്ഞ ഏപ്രിലിൽ ആണവോർജ കമ്മീഷൻ നൽകിയ അപേക്ഷ അംഗീകരിച്ചതിന് പിന്നാലെയാണ് പാകിസ്താൻ ചഷ്മ ആണവ വൈദ്യുതപ്ലാന്റിന്റെ നിർമാണം തുടങ്ങിയത്. സി- 5 വിഭാഗത്തിലെ മൂന്നാം തലമുറ സാങ്കേതിക വിദ്യകളോട് കൂടിയതാണ് പ്ലാന്റ്. 3.7 ബില്യൺ യു.എസ് ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് നേരത്തെ ദേശീയ സാമ്പത്തിക കൗൺസിലും അനുമതി നൽകിയിരുന്നു. ഊർജോത്പാദനത്തിന്റെ 27 ശതമാനം നിയന്ത്രിക്കുന്ന ആണവ മേഖലയിൽ മൂന്നാമത്തെ പ്ലാന്റ് കൂടി വരുന്നത് പാകിസ്താന് നേട്ടമാകും. നിലവിൽ ആണവോർജത്തിൽ നിന്ന് പാകിസ്താൻ 3530 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. പുതിയ പ്ലാന്റ് കൂടി വരുന്നതോടെ വൈദ്യുതോത്പാദന ശേഷി 4750 മെഗാവാട്ടായി ഉയരും....

പ്ലാന്റിന് 60 വർഷത്തെ കാലപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. പാക് അധീന പഞ്ചാബിലെ മിയാൻവാലിയിൽ നടന്ന നിർമാണോദ്ഘാടന ചടങ്ങിൽ ചൈനയിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ആണവോർജരംഗത്തെ ചൈന-പാക് സഹകരണത്തിന്റെ പുതിയ അധ്യായമാണ് ചഷ്മ പദ്ധതിയിലൂടെ യാഥാർഥ്യമാകുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News