ചർച്ചകൾക്കായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി; തുർക്കിയിലെ അമേരിക്കൻ വ്യോമതാവളത്തിലക്കേ് പ്രതിഷേധ മാർച്ച്‌

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ തുര്‍ക്കിയില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു പ്രതിഷേധ പ്രകടനം.

Update: 2023-11-05 18:37 GMT
Editor : rishad | By : Web Desk

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ

Advertising

അങ്കാറ: ഇസ്രായേലിനുള്ള യു.എസ് പിന്തുണയ്‌ക്കെതിരെ തുര്‍ക്കിയിലെ അമേരിക്കൻ വ്യോമതാവളത്തിലേക്ക് പ്രതിഷേധ പ്രകടനം.  യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ തുര്‍ക്കിയില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു പ്രതിഷേധ പ്രകടനം.

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ തുർക്കി പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഗസ്സക്ക് മേല്‍ ഇസ്രായേലിന്റെ നരനായാട്ട് തുടരുന്നതിനിടെ ചര്‍ച്ചകള്‍ക്കായാണ് ബ്ലിങ്കന്‍ തുര്‍ക്കിയിലെത്തുന്നത്.

തുര്‍ക്കിയിലെ സന്നദ്ധ സംഘടനയായ ഐ.എച്ച്.എച്ച് ഹ്യൂമാനിറ്റേറിയൻ റിലീഫ് ഫൗണ്ടേഷനാണ് മാര്‍ച്ചിന് നേതൃത്വം കൊടുത്തത്.  തുർക്കിയുടെയും ഫലസ്തീന്റെയും പതാകകൾ വീശിയും മുദ്രാവാക്യം മുഴക്കിയുമായിരുന്നു പ്രതിഷേധ പ്രകടനം. പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ വാക്കേറ്റമുണ്ടായി. എന്നാല്‍ പോലീസിനെ ആക്രമിക്കരുതെന്ന് ഐ.എച്ച്.എച്ച് പ്രസിഡന്റ് ബുലന്റ് യിൽദിരിം വ്യക്തമാക്കി.

13 വർഷം മുമ്പ് ഗസയിലേക്ക് 'ഫ്രീഡം ഫ്ലോട്ടില' സംഘടിപ്പിച്ചത് ഐ.എച്ച്.എച്ച് ആയിരുന്നു. ഇത്തവണയും അങ്ങിനെയൊന്ന് സംഘടിപ്പിക്കുമെന്ന് അവർ പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് ടർക്കിഷ് നേവിയുടെ പിന്തുണയും ചോദിച്ചിട്ടുണ്ട്.

ഇസ്രായേലി ഉപരോധത്തിൽ പിടഞ്ഞൊടുങ്ങിയ ഫലസ്തീൻ ജനതയുടെ പട്ടിണി മാറ്റാൻ ഭക്ഷണസാമഗ്രികളും മറ്റുമായാണ് പോയ 'ഫ്രീഡം ഫ്ലോട്ടില'  എന്ന കപ്പല്‍ പുറപ്പെട്ടിരുന്നത്. അന്ന് ആ കപ്പലിനെ ഇസ്രായാല്‍ ആക്രമിക്കുകയും അതിലുണ്ടായിരുന്ന നിരവധിയാളുകളെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. 

അതേസമയം തെക്കൻ തുർക്കിയിലെ അദാന പ്രവിശ്യയിലെ ഇൻസിർലിക് വ്യോമതാവളത്തിലേക്കും ഐ.എച്ച്.എച്ച് കഴിഞ്ഞയാഴ്ച പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. സിറിയയിലും ഇറാഖിലും ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടുന്ന അന്താരാഷ്ട്ര സൈനിക സഖ്യത്തിന് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഇൻസിർലിക് വ്യോമതാവളം ഉപയോഗിക്കുന്നത്. ഇവിടെ യു.എസ് സൈനികരും ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രതിഷേധം മുന്നില്‍കണ്ട് ഇൻസിർലിക് വ്യോമതാവളം അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഗാസയിലെ രക്തച്ചൊരിച്ചിലില്‍ പ്രതിഷേധിച്ച് ഇസ്രായിലിലെ തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിക്കുന്നതായും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള ബന്ധം വിച്ഛേദിക്കുന്നതായും തുര്‍ക്കി അറിയിച്ചിരുന്നു. 

Summary-Pro-Palestinian Protest at Air Base Housing US Troops in Turkey

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News