ഉപരോധങ്ങൾക്ക് തിരിച്ചടി; പടിഞ്ഞാറ് അനുഭവിക്കേണ്ടിവരുമെന്ന് റഷ്യ
1991ൽ സോവിയറ്റ് യൂനിയന്റെ പതനത്തിനുശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് റഷ്യ കടന്നുപോകുന്നത്
റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി അമേരിക്ക വിലക്കിയതടക്കം പടിഞ്ഞാറൻ രാജ്യങ്ങൾ തുടരുന്ന ഉപരോധങ്ങളിൽ ശക്തമായ പ്രതികരണവുമായി റഷ്യ. കൂടുതൽ വിശാലാർത്ഥത്തിലും വേഗത്തിലുമുള്ള തിരിച്ചടിയായിരിക്കും നേരിടേണ്ടിവരികയെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഉപരോധമേർപ്പെടുത്തിയ രാജ്യങ്ങൾക്ക് ശരിക്കും അനുഭവിക്കേണ്ടിവരുമെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.
റഷ്യയുടെ തിരിച്ചടി വേഗത്തിലുള്ളതും ആലോചിച്ചുള്ളതുമായിരിക്കുമെന്ന വിദേശകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക സഹകരണ വകുപ്പിലെ ഡയരക്ടർ ദ്മിത്രി ബിരിചെവ്‌സ്‌കി പറഞ്ഞു. തിരിച്ചടി നേരിടേണ്ടിവരുന്നവർക്ക് നന്നായി അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
1991ൽ സോവിയറ്റ് യൂനിയന്റെ പതനത്തിനുശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് റഷ്യ കടന്നുപോകുന്നത്. റഷ്യയിലെ സാമ്പത്തിക സ്ഥാപനങ്ങൾക്കെതിരായ ഉപരോധങ്ങൾക്കു പുറമെ അന്താരാഷ്ട്ര കുത്തക കമ്പനികളും കടുത്ത നടപടികളെടുത്തിട്ടുണ്ട്.
റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി വിലക്കി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയിരുന്നു. റഷ്യൻ എണ്ണ, പ്രകൃതി വാതകം, കൽക്കരി തുടങ്ങിയവയ്ക്കാണ് യുഎസ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഗാർഹിക വാതക വിലയിലടക്കം വർധനയുണ്ടാകാൻ തീരുമാനം കാരണമാകുമെങ്കിലും അമേരിക്കൻ കോൺഗ്രസിന്റെ കടുത്ത സമ്മർദത്തിന്റെ ഫലമായാണ് തീരുമാനം. യുഎസിലെ എണ്ണയുടെയും പെട്രോളിയം ഉൽപന്നങ്ങളുടെയും ഇറക്കുമതിയുടെ 10 ശതമാനത്തിൽ താഴെ മാത്രമാണ് റഷ്യയുടെ പങ്കുള്ളത്. അതുകൊണ്ട് തന്നെ തരണം ചെയ്യാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തങ്ങൾക്കെതിരെ എണ്ണ ഉപരോധമടക്കമുള്ളവ തുടർന്നാൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകിയിരുന്നു. പടിഞ്ഞാറൻ രാജ്യങ്ങൾ ഉപരോധം തുടരുകയാണെങ്കിൽ യൂറോപ്പ് പ്രകൃതിവാതകത്തിന് പ്രധാനമായി ആശ്രയിക്കുന്ന വാതക പൈപ്പ്ലൈൻ നിർത്തിവയ്ക്കുമെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി അലെക്സാണ്ടർ നൊവാക് വ്യക്തമാക്കി.
റഷ്യൻ എണ്ണ തള്ളിക്കളയുകയാണെങ്കിൽ ആഗോള വിപണിയിൽ തന്നെ വലിയ പ്രത്യാഘാതമുണ്ടാക്കുന്ന നടപടികളിലേക്കായിരിക്കും അത് നയിക്കുകയെന്ന് നൊവാക് മുന്നറിയിപ്പ് നൽകി. നിലവിലുള്ള ബാരലിന് 300 ഡോളർ എന്നതിനും ഇരട്ടിയിലേറെയാകും ഇന്ധനവില. യൂറോപ്യൻ വിപണിയിൽ റഷ്യൻ എണ്ണയ്ക്ക് ബദൽമാർഗങ്ങൾ പെട്ടെന്നുതന്നെ കണ്ടെത്തുക അസാധ്യമാകും. വർഷങ്ങളെടുക്കുമെന്നു മാത്രമല്ല, യൂറോപ്യൻ ഉപഭോക്താക്കൾക്ക് കൂടുതൽ ചെലവേറിയതുമാകുമത്. അതുകൊണ്ടുതന്നെ ഈ ഉപരോധങ്ങൾ കാരണം വലിയ തോതിൽ അവർക്ക് അനുഭവിക്കേണ്ടിവരുമെന്നും അലെക്സാണ്ടർ നൊവാക് കൂട്ടിച്ചേർത്തു.
റഷ്യ പൈപ്പ്‍ലൈന്‍ അടച്ചാൽ എന്തു സംഭവിക്കും?
റഷ്യയിൽനിന്നുള്ള പ്രകൃതിവാതകത്തെയാണ് യൂറോപ്യൻ രാജ്യങ്ങൾ പ്രധാനമായി ആശ്രയിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങൾ ഉപയോഗിക്കുന്ന 40 ശതമാനം പ്രകൃതിവാതകവും 30 ശതമാനം എണ്ണയും റഷ്യയിൽനിന്നാണ് എത്തുന്നത്. ഇത് റഷ്യ നിർത്തലാക്കിയാൽ ബദൽമാർഗങ്ങൾ പെട്ടെന്ന് കണ്ടെത്തുക ദുഷ്‌ക്കരമാകും. 'നോർഡ് സ്ട്രീം 1' പൈപ്പ്‍ലൈനിലൂടെ ജർമനി വഴിയാണ് റഷ്യയിൽനിന്ന് പ്രകൃതി വാതകമെത്തുന്നത്. പുതുതായി ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന 'നോർഡ് സ്ട്രീം 2' പൈപ്പ്‍ലൈന്‍ പദ്ധതി തൽക്കാലത്തേക്ക് നിർത്തിവയ്ക്കാൻ കഴിഞ്ഞ മാസം ജർമനി തീരുമാനിച്ചിരുന്നു. യുക്രൈൻ സൈനിക ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി.
സമ്പന്നരാഷ്ട്രങ്ങൾ എണ്ണ വാങ്ങിയില്ലെങ്കിൽ റഷ്യ കുടുങ്ങുമോ?
പ്രതിദിനം 11 മില്യൺ ബാരൽ എണ്ണ ഉത്പാദിപ്പിക്കുന്ന റഷ്യയെ കയറ്റുമതി കുറയുന്നത് സാരമായി തന്നെ ബാധിക്കും. കാരണം റഷ്യയുടെ ബജറ്റിൽ നിർണായക സ്ഥാനമാണ് എണ്ണ കയറ്റുമതിക്കുള്ളത്. 2021 ൽ 110 ബില്യൺ യുഎസ് ഡോളറിലേറെ തുകയാണ് എണ്ണ കയറ്റുമതി ചെയ്ത് റഷ്യ നേടിയത്. പ്രകൃതി വാതക വിപണനത്തിൽനിന്ന് ലഭിച്ചതിനേക്കാൾ ഇരട്ടിയാണിത്. യുക്രൈനിൽ റഷ്യ അധിനിവേശം തുടങ്ങിയത് മുതൽ ലോകത്തിലെ സാധാരണക്കാർ ഉറ്റുനോക്കുന്നത് എണ്ണവിപണിയിലേക്കാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉത്പാദകരായ റഷ്യ പ്രതിദിനമുണ്ടാക്കുന്നത് 11 മില്യൺ ബാരൽ ക്രൂഡ് ഓയിലാണ്. ഇതിൽ ഏകദേശം പകുതി എണ്ണ ഉപയോഗിക്കുന്നത് രാജ്യത്തിനകത്തെ ആവശ്യത്തിനാണ്. സൈനിക ആവശ്യത്തിനായി കൂടുതൽ ഇന്ധനം വേണ്ടതിനാൽ ഇതിലേറെ ഉപയോഗിക്കുന്നുണ്ട്. അതും കഴിഞ്ഞ ശേഷമുള്ള അഞ്ചു മുതൽ ആറു മില്യൺ ബാരൽ വരെ പ്രതിദിനം റഷ്യ കയറ്റിയയക്കുകയാണ്. യുഎസ്സാണ് ഏറ്റവും വലിയ ഉത്പാദകർ. സൗദി അറേബ്യയാണ് മൂന്നാമതുള്ളത്.
റഷ്യ പ്രതിദിനം കയറ്റി അയക്കുന്ന എണ്ണയിൽ 2.5 മില്യൺ ബാരൽ പോകുന്നത് ജർമനി, ഇറ്റലി, നെതർലാൻറ്, പോളണ്ട്, ഫിൻലാൻറ്, ലിത്വാനിയ, ഗ്രീസ്, റൊമാനിയ, ബൾഗേറിയ എന്നീ രാജ്യങ്ങളിലേക്കാണ്. ഇവയിൽ മൂന്നിലൊന്നും ബലറൂസിലെ ധ്രുഷ്ബ പൈപ്പ് ലൈൻ വഴിയാണ് യൂറോപ്പിലെത്തുന്നത്. പൈപ്പ് ലൈൻ വഴിയുള്ള ഈ ഏഴു ലക്ഷം ബാരലുകളുടെ പണം നൽകുന്നത് മുടങ്ങുകയോ ബലറൂസ് അതിർത്തിയിൽ അവ സ്വീകരിക്കപ്പെടാതിരിക്കുകയോ ചെയ്യാം. 2019 ൽ യൂറോപ്യൻ രാജ്യങ്ങൾ എണ്ണ സ്വീകരിക്കുന്നത് മാസങ്ങളോളം നിർത്തിയിരുന്നു. എണ്ണ ശുദ്ധീകരണ ശാലകളുടെ പ്രവർത്തന തടസ്സപ്പെടുത്തുന്ന ഓർഗനിക് ക്ലോറൈഡുകൾ എണ്ണയിൽ അടങ്ങിയതിനാലായിരുന്നു ഈ നടപടി. ധ്രുഷ്ബ അതിർത്തിയിലൂടെയുള്ള എണ്ണ വിപണനം നിലച്ചതിനാൽ അന്ന് റഷ്യയുടെ വരുമാനം കുറഞ്ഞിരുന്നു. ഇതല്ലാതെ വിവിധ തുറമുഖങ്ങളിൽനിന്ന് കപ്പലുകളിലൂടെയാണ് റഷ്യയുടെ എണ്ണ കയറ്റുമതി നടക്കുന്നത്.
Summary: Russia warned the West that it was working on a broad response to sanctions that would be swift and felt in the West's most sensitive areas