യുക്രൈനിലെ വിമത മേഖലകൾ നിയന്ത്രണത്തിലാക്കാൻ റഷ്യ; രണ്ട് പ്രദേശങ്ങളുടെ സ്വാതന്ത്ര്യം പുടിന്‍ അംഗീകരിച്ചു

ഡോണെറ്റ്സ്ക്, ലുഹാൻസ്ക് എന്നീ പ്രദേശങ്ങളെയാണ് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ചത്

Update: 2022-02-22 02:27 GMT
Advertising

യുക്രൈനിലെ വിമത മേഖലകൾ നിയന്ത്രണത്തിലാക്കാൻ റഷ്യ. ഇതിന്‍റെ ഭാഗമായി യുക്രൈനിലെ വിമത പ്രദേശങ്ങളായ ഡോണെറ്റ്സ്ക്, ലുഹാൻസ്ക് എന്നീ പ്രദേശങ്ങളുടെ സ്വാതന്ത്ര്യം റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ അംഗീകരിച്ചു. ഈ മേഖലകളില്‍ റഷ്യന്‍ സൈന്യത്തെ വിന്യസിക്കാനുള്ള നീക്കമാണ് പുടിന്‍ നടത്തുന്നത്. എന്നാല്‍ രാജ്യാതിർത്തി പഴയതു പോലെ തുടരുമെന്നാണ് യുക്രൈൻ പ്രസിഡന്‍റിന്‍റെ മറുപടി.

2014 മുതല്‍ റഷ്യന്‍ പിന്തുണയോടെ യുക്രൈന്‍ സൈന്യവുമായി ഏറ്റുമുട്ടുകയാണ് ഡോണെറ്റ്സ്ക്, ലുഹാൻസ്ക് എന്നീ പ്രദേശങ്ങള്‍. ഈ മേഖലയുടെ സ്വാതന്ത്ര്യമാണ് പുടിന്‍ അംഗീകരിച്ചത്. യുക്രൈന്‍-റഷ്യ സമാധാന ചര്‍ച്ചകള്‍ക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്ന നടപടിയാണിത്. രാജ്യത്തെ അഭിസംബോധന ചെയ്താണ് പുടിന്‍ ഈ പ്രഖ്യാപനം നടത്തിയത്. യുക്രൈന്‍റെ പരമാധികാരത്തിനു മേലുള്ള ഇടപെടലാണ് ഇതെന്ന് യു.കെ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രതികരിച്ചു. ഉപരോധം ഉള്‍പ്പെടെയുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് റഷ്യയുടെ ഈ നീക്കം.

"ഡൊണെറ്റ്‌സ്‌ക് പീപ്പിൾസ് റിപബ്ലിക്കിന്റെയും ലുഹാൻസ്ക് പീപ്പിൾസ് റിപബ്ലിക്കിന്റെയും സ്വാതന്ത്ര്യവും പരമാധികാരവും ഉടനടി അംഗീകരിച്ചുകൊണ്ടുള്ള തീരുമാനം എടുക്കേണ്ടത് ആവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു" എന്നാണ് പുടിന്‍ പറഞ്ഞത്. റഷ്യന്‍ പാർലമെന്റിന്റെ ഉപരിസഭയായ ഫെഡറേഷൻ കൗൺസിലിനോട് പുടിൻ ഈ തീരുമാനത്തെ പിന്തുണയ്ക്കാൻ ആവശ്യപ്പെട്ടു. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ഇതുസംബന്ധിച്ച വോട്ടെടുപ്പ് നടക്കും. ക്രെംലിനിലെ വിമത നേതാക്കളുമായി പുടിൻ സൗഹൃദ കരാറിലും ഒപ്പുവെച്ചു.

അതിനിടെ യുക്രൈന്‍റെ അഞ്ച് സൈനികരെ റഷ്യ വധിച്ചെന്ന വാർത്ത യുക്രൈൻ നിഷേധിച്ചു. യുക്രൈന്‍റെ രണ്ട് സൈനിക വാഹനങ്ങൾ തകർത്തെന്നും റഷ്യ അവകാശപ്പെട്ടിരുന്നു. എന്നാൽ റഷ്യയുടെ ഈ വാദങ്ങളെയെല്ലാം യുക്രൈൻ തള്ളി. യുക്രൈനിലെ ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. യുക്രൈൻ പ്രതിസന്ധിയിൽ റഷ്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. എന്നാൽ ചർച്ചയ്ക്ക് സമയം ആയിട്ടില്ലെന്നായിരുന്നു റഷ്യയുടെ പ്രതികരണം. യുക്രൈൻ അധികാരികൾ അഴിമതിയുടെ വൈറസിനാൽ മലിനീകരിക്കപ്പെട്ടെന്നും ആണവായുധങ്ങൾ നിർമിക്കാൻ യുക്രൈൻ പദ്ധതിയിടുന്നുണ്ടെന്നും വ്ലാഡിമിർ പുടിന്‍ ആരോപിച്ചു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News