റഷ്യക്ക് മേല്‍ ഉപരോധം കടുപ്പിച്ച് അമേരിക്ക; വ്യാപാര മേഖലയിൽ അഭിമത രാഷ്ട്രമെന്ന പദവി പിന്‍വലിക്കും
റഷ്യയിൽ നിന്ന് വജ്രം, വോഡ്ക, കടൽ വിഭങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിനും വിലക്ക് ഏർപ്പെടുത്തും
യുക്രൈനിലെ കൂടുതൽ നഗരങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം ശക്തമാക്കി റഷ്യ. ഡ്നിപ്രോയിലുണ്ടായ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി യുക്രൈൻ സ്ഥിരീകരിച്ചു. അതിനിടെ യുക്രൈൻ ലബോറട്ടറികളിൽ ജൈവായുധങ്ങൾ നിർമിച്ചുവെന്ന റഷ്യയുടെ ആരോപണത്തെ തുടർന്ന് യുഎൻ രക്ഷാ സമിതി അടിയന്തര യോഗം ചേർന്നു. റഷ്യയുടെ ആരോപണത്തെ തള്ളി യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി രംഗത്തെത്തി.
റഷ്യ യുക്രൈൻ യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ ആക്രമണം ശക്തമാക്കുകയാണ് റഷ്യ. ലുട്സ്ക്, ഇവാനോ-ഫ്രാങ്കിവ്സ്ക്, ഡ്നിപ്രോ നഗരങ്ങളിലാണ് ആക്രമണം കടുപ്പിച്ചത്. യുക്രൈനില്‍ അധിനിവേശം തുടങ്ങിയതിനുശേഷം ആദ്യമായാണ് റഷ്യ ഈ നഗരങ്ങൾ കേന്ദ്രീകരിച്ച് ആക്രമണം നടത്തുന്നത്. ,ഡ്നിപ്രോയിൽ കനത്ത വ്യോമാക്രമണം തുടരുന്നതായി യുക്രൈന്‍ വൃത്തങ്ങളും സ്ഥിരീകരിച്ചു. ലുട്സ്കിൽ രണ്ടു യുക്രൈന്‍ സൈനികർ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
റഷ്യൻപട കിയവിന് അഞ്ചു കിലോമീറ്റർ അടുത്തെത്തിയതായും റിപ്പോർട്ടുണ്ട്. കിയവിൽ റഷ്യൻ ടാങ്കറുകളോട് ചെറുത്തുനിൽക്കാൻ യുക്രൈൻ പോരാട്ടം തുടരുകയാണ്. മരിയുപോളിൽ റഷ്യയുടെ ആക്രമണം തുടരുകയാണ്. നാല് ലക്ഷത്തോളം പേരാണ് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. യു.എസ് പ്രതിരോധ വകുപ്പിന്‍റെ സഹായത്തോടെ ജൈവായുധങ്ങൾ നിർമിച്ചെന്ന റഷ്യയുടെ ആരോപണം തള്ളി യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി രംഗത്തെത്തി. തന്‍റെ രാജ്യത്ത് ഇത്തരത്തിലുള്ള ഒരായുധവും വികസിപ്പിച്ചിട്ടില്ലെന്നും സെലൻസ്കി പറഞ്ഞു. യുക്രൈനിലേക്ക് എല്ലാ രാജ്യങ്ങളും അടിയന്തര സഹായം എത്തിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. അതിനിടെ യുദ്ധമുഖത്തുനിന്ന് പലായനം ചെയ്തവരുടെ എണ്ണം 25 ലക്ഷം കവിഞ്ഞു. മരിയുപോളിൽ നിന്നടക്കം കൂടുതൽ ആളുകളെ ഒഴിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് യുക്രൈന്‍. യുക്രൈനെതിരെ പോരാടാൻ സിറിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുമുള്ള സന്നദ്ധ സൈനികരെ കൂടെ ചേർക്കാൻ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ അനുമതി നൽകിട്ടുണ്ട്.
അതേസമയം വ്യാപാര മേഖലയിൽ അഭിമത രാഷ്ട്രമെന്ന പദവി റഷ്യയിൽ നിന്ന് എടുത്തുകളയുമെന്ന് അമേരിക്ക അറിയിച്ചു. റഷ്യയിൽ നിന്ന് വജ്രം, വോഡ്ക, കടൽ വിഭങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിനും വിലക്ക് ഏർപ്പെടുത്തും. റഷ്യ രാസായുധങ്ങൾ പ്രയോഗിച്ചാൽ ഗുരുതര പ്രത്യാഘാതമെന്നും അമേരിക്കയുടെ മുന്നറിയിപ്പ് നല്‍കി. എന്നാൽ യുക്രൈനിലെ റഷ്യൻ അധിനിവേശം തടയാൻ നേരിട്ട് ഇടപെടില്ലെന്നും അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കി. നാറ്റോ രാജ്യങ്ങൾ ഇടപെട്ടാൽ അത് മൂന്നാം ലോകയുദ്ധാമാകുമെന്നും ജോ ബൈഡൻ പറഞ്ഞു. അതിനിടെ റഷ്യക്ക് മേൽ നാലാഘട്ട ഉപരോധം ഏർപ്പെടുത്തുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു.