സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭ്‍രാജ് ജയില്‍മോചിതനായി; മോചനം 19 വര്‍ഷത്തിനു ശേഷം
നേപ്പാൾ ജയിലിൽ നിന്ന് പൊലീസ് വാനിൽ ചാൾസ് പുറപ്പെടുന്നത് കണ്ടതായി എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു
കാഠ്മണ്ഡു: ക്രുപ്രസിദ്ധ സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭ്‍രാജ് ജയില്‍മോചിതനായി. നീണ്ട 19 വര്‍ഷത്തെ തടവ് ജീവിതത്തിനു ശേഷം വെള്ളിയാഴ്ചയാണ് ശോഭ്‍രാജ് പുറത്തിറങ്ങിയത്. നേപ്പാൾ ജയിലിൽ നിന്ന് പൊലീസ് വാനിൽ ചാൾസ് പുറപ്പെടുന്നത് കണ്ടതായി എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു.
ശോഭ്‍രാജിന്‍റെ പാസ്‌പോർട്ടും വിസയും ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇയാള്‍ക്ക് നിരവധി നിരവധി രാജ്യങ്ങളുടെ പാസ്‌പോർട്ടുകൾ ഉള്ളതിനാൽ, ഫ്രഞ്ച് എംബസിക്ക് യഥാർഥ പാസ്‌പോർട്ട് തിരിച്ചറിഞ്ഞതിനുശേഷം മാത്രമേ വിസ നടപടികൾ ആരംഭിക്കാൻ കഴിയൂ.'ബിക്കിനി കില്ലർ' എന്നറിയപ്പെടുന്ന 78 കാരനായ സീരിയൽ കില്ലറെ ഫ്രാൻസിലേക്ക് നാടുകടത്തുന്നതിന് മുന്നോടിയായി ഇമിഗ്രേഷൻ തടങ്കലിലേക്ക് മാറ്റുകയാണെന്ന് പൊലീസ് പറഞ്ഞു. ചാള്‍സിനെ മോചിപ്പിക്കാന്‍ ബുധനാഴ്ചയാണ് സുപ്രിംകോടതി ഉത്തരവിട്ടത്. മോചിപ്പിച്ച് 15 ദിവസത്തിനുള്ളില്‍ നാടു കടത്തണമെന്നാണ് കോടതിയുടെ നിര്‍ദേശം. ശോഭ്‍രാജിന്‍റെ പ്രായം കണക്കിലെടുത്താണ് വിട്ടയക്കാനുള്ള ഉത്തരവ്.
1944ൽ വിയറ്റ്‌നാമിലെ സൈഗോണിൽ ഇന്ത്യന്‍ വംശജനായ പിതാവിന്‍റെയും വിയറ്റ്‌നാമുകാരിയായ മാതാവിന്റെയും മകനായായിരുന്നു ശോഭ‍്‍രാജിന്‍റെ ജനനം. സൈഗോണിലെ തെരുവുകളിലായിരുന്നു ശോഭ‍്‍രാജിന്‍റെ ബാല്യകാലം. എന്നാൽ അമ്മ ഒരു ഫ്രഞ്ച് ആർമി ഓഫീസറെ വിവാഹം കഴിച്ചതോടെ അയാളുടെ ജീവിതം അപ്പാടെ മാറി. അവർ പാരീസിലേക്ക് കൂടുമാറി. അമ്മ ശോഭരാജിനെ ഒരു ഫ്രഞ്ച് ബോർഡിംഗ് സ്കൂളിൽ ചേർത്തു. സ്കൂളിൽ നിന്നു പുറത്തിറങ്ങിയ ശോഭരാജ് തന്റെ കുറ്റകൃത്യ ജീവിതത്തിനു തുടക്കമിടുകയാണ് ചെയ്തത്. 1960കളുടെ തുടക്കത്തിൽ തന്നെ മോഷണക്കേസുകളിൽ പലവട്ടം പൊലീസ് ശോഭരാജിനെ അറസ്റ്റു ചെയ്തു. ചാന്റൽ കോംപാഗ്നോൺ എന്ന ഫ്രഞ്ചുകാരിയുമായുള്ള വിവാഹശേഷം ശോഭരാജ് ഒരു പുതിയ മനുഷ്യനാവാൻ ശ്രമിച്ചു. എന്നാൽ അങ്ങനെ മാറാൻ ശോഭരാജിനാവുമായിരുന്നില്ല. മോഷണവും കള്ളക്കടത്തും നിർബാധം തുടർന്നു. ഒടുവിൽ ഫ്രഞ്ചുകാരിയുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ച ശോഭരാജ് മേരി ആൻഡ്രീ ലെക്ലെർക്ക് എന്ന കനേഡിയൻ യുവതിയുമായി പരിചയത്തിലാവുകയും അവരെ വിവാഹം കഴിക്കുകയും ചെയ്തു.
1970കളിലാണ് ശോഭ്‍രാജ് യൂറോപ്പിൽ മരണത്തിന്‍റെ ഭീതിവിതച്ചത്. 1972നും 1976നും ഇടയിൽ ശോഭ്‍രാജ് കൊന്നുതള്ളിയത് രണ്ടു ഡസൻ മനുഷ്യരെയാണ്. ആദ്യ കാലത്ത് ബിക്കിനി കില്ലർ എന്നായിരുന്ന ശോഭ്‍രാജ് അറിയപ്പെട്ടിരുന്നത് . ക്രൂരമായ കൊലപാതകങ്ങൾ വഞ്ചകൻ, സാത്താൻ തുടങ്ങിയ അർഥം വരുന്ന 'ദി സെർപന്‍റ്'. എന്ന പേരും ശോഭ്‍രാജിനു ചാർത്തിനൽകി. 1976ലാണ് ശോഭ രാജ് ആദ്യമായി അറസ്റ്റിലാകുന്നത്. എന്നാൽ അന്ന് ശോഭ്‍രാജ് സമർഥമായി ജയിൽചാടി. അതിനുശേഷം പല രാജ്യങ്ങളിൽ യാത്ര ചെയ്ത് പല ഭാഷകളിലും പ്രാവീണ്യം നേടി. ഇക്കാലളവിൽ തന്റെ തട്ടിപ്പുപരിപാടികൾ ദക്ഷിണേഷ്യയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെത്തിയ ഒരു കൂട്ടം ഫ്രഞ്ചു ടൂറിസ്റ്റുകളുടെ ഭക്ഷണത്തിൽ വിഷം കലർത്തിയതിനും ഇസ്രയേലി ടൂറിസ്റ്റിനെ കൊന്നതിനും ശോഭ്‍രാജിനും ഭാര്യയ്ക്കുമെതിരേ ഇന്ത്യൻ പൊലീസ് കുറ്റം ചുമത്തി. ഒടുവിൽ ഇത് ശോഭ്‍രാജിന്‍റെ അറസ്റ്റിലേക്കു നയിച്ചു. എന്നാൽ 1986ൽ ഡൽഹിയിലെ തിഹാർ ജയിലിൽ നിന്നും ശോഭ്‍രാജ് സമർഥമായി രക്ഷപ്പെട്ടു. എന്നാൽ ഒരു മാസത്തിനു ശേഷം പിടിയിലായി.
2003ൽ നേപ്പാളിൽ വച്ച് ശോഭ്‍രാജിനെ അറസ്റ്റ് ചെയ്തു . 1975ൽ കോണി ജോ ബ്രോൺസിച്ച് എന്ന അമേരിക്കക്കാരനെ കൊന്ന കേസിലായിരുന്നു അറസ്റ്റ്. ആ കേസിൽ ജീവപര്യന്തം ലഭിക്കുകയും ചെയ്തു. 2004ൽ ജയിൽ ചാടാൻ ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. ശോഭ്‍രാജിന്‍റെ അപ്പീൽ തള്ളുകയും ചെയ്തു.