'ലക്ഷ്യങ്ങളെല്ലാം പൂർത്തീകരിച്ചു;' പ്രവർത്തനം അവസാനിപ്പിച്ച് ഹിൻഡൻബർഗ് റിസർച്ച്
സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ ഉടമ നേറ്റ് ആൻഡേഴ്സൺ ബുധനാഴ്ച പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്
ന്യൂയോര്‍ക്ക്: ശതകോടീശ്വരൻ ഗൗതം അദാനിയുടെ ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്ന യുഎസ് ഷോർട് സെല്ലിങ് സ്ഥാപനം ഹിൻഡൻബർഗ് റിസർച്ച് പ്രവർത്തനം അവസാനിപ്പിക്കുന്നു. സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ ഉടമ നേറ്റ് ആൻഡേഴ്സൺ ബുധനാഴ്ച പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. 'ഒരു ജീവിതകാലത്തെ സാഹസികത'യായിരുന്നു ഹിൻഡബർഗ് നടത്തിപ്പെന്നും അദ്ദേഹം പറഞ്ഞു.
ഹിൻഡൻബർഗ് റിസർച്ച് എന്ന സ്ഥാപനം ആരംഭിക്കുമ്പോൾ നിശ്ചയിച്ചിരുന്ന ആശയങ്ങളെല്ലാം പൂർത്തിയായതിനാലാണ് സ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതെന്ന് നേറ്റ് ആൻഡേഴ്സൺ കുറിച്ചു. 2017 ലാണ് ഹിൻഡൻബർഗ് റിസർച്ച് ആരംഭിക്കുന്നത്. 2023 ജനുവരി 24ന് അദാനി ഗ്രൂപ്പിനെതിരെ പുറത്തുവിട്ട റിപ്പോർട്ടിലൂടെ ഹിൻഡൻബർഗ് ഇന്ത്യയിലും ചർച്ചയായി.
ഇക്വിറ്റി, ക്രെഡിറ്റ്, ഡെറിവേറ്റീവുകൾ എന്നിവ വിശകലനം ചെയ്യുന്നതിനായി നഥാൻ ആൻഡേഴ്സൺ 2017-ൽ സ്ഥാപിച്ച ഒരു ഫോറൻസിക് ഫിനാൻഷ്യൽ ഗവേഷണ സ്ഥാപനമാണ് ഹിൻഡൻബർഗ്. വ്യാവസായിക സ്ഥാപനങ്ങൾ നടത്തുന്ന സാമ്പത്തിക ക്രമക്കേടുകൾ, സ്റ്റോക്ക് ദുരുപയോഗങ്ങൾ ഉൾപ്പെടെയുള്ളവ കണ്ടെത്തി പുറത്തുവിടുകയും അതുവഴി സ്റ്റോക്ക് മാർക്കറ്റിൽ നേട്ടമുണ്ടാക്കുകയുമായിരുന്നു ഹിൻഡൻബർഗിന്റെ രീതി.
കുറഞ്ഞത് 16 സ്ഥാപങ്ങൾക്കെതിരെ ഹിൻഡൻബർഗ് ക്രമക്കേട് ആരോപണങ്ങൾ ഉയർത്തുകയും അതിന്റെ തെളിവുകൾ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. സമൂഹമാധ്യമമായ ട്വിറ്റർ, ഇലോൺ മസ്ക് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടും ചില അപാകതകൾ ഹിൻഡബർഗ് ചൂണ്ടിക്കാട്ടിയിരുന്നു.
മാസങ്ങൾ നീളുന്ന ഗവേഷണവും അന്വേഷണവും നടത്തിയാണ് പല വ്യാവസായിക സ്ഥാപനങ്ങൾക്കുമെതിരെ ഹിൻഡൻബർഗ് റിപ്പോർട്ടുകൾ പുറത്തുവിടുക. ഇതോടെ സ്റ്റോക്ക് മാർക്കറ്റിൽ സ്ഥാപനങ്ങൾക്കുണ്ടാകുന്ന തിരിച്ചടി മുതലെടുത്ത്, ഷോർട് സെല്ലിങ് നടത്തി ലാഭമുണ്ടാക്കുകയാണ് ഹിൻഡൻബർഗ് ചെയ്യുന്നത്. ഒരു ഓഹരി അല്ലെങ്കിൽ സെക്യൂരിറ്റിയുടെ വില ഇടിയുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന ഒരു ട്രേഡിങ് സ്ട്രാറ്റജിയാണ് ഷോർട് സെല്ലിങ്. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിന് 46,000 കോടി രൂപയുടെ ഇടിവായിരുന്നു നേരിട്ടത്.