ഗായിക മരീലിയ മെന്തോൻസ വിമാനാപകടത്തിൽ മരിച്ചു
അപകടകാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു
ബ്രസീലിയൻ ഗായിക മരീലിയ മെന്തോൻസ വിമാനാപകടത്തിൽ മരിച്ചു.26 വയസായിരുന്നു. സംഗീതപരിപാടിക്കായുള്ള യാത്രക്കിടെ മരീലിയ സഞ്ചരിച്ചിരുന്ന ചെറുവിമാനം തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ മരീലിയയുടെ അമ്മാവനും നിർമാതാവും രണ്ട് പൈലറ്റുമാരും മരിച്ചു. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.
സംഗീതപരിപാടിക്കായാണ് താരം ബ്രസീലിയൻ നഗരമായ കാരതിങ്കയിലേക്ക് പുറപ്പെട്ടത്. എന്നാൽ മിനാസ് ഗെറേസ് സ്റ്റേറ്റിലെ ഉൾപ്രദേശത്തിൽ വിമാനം തകർന്നു വീഴുകയായിരുന്നു. അപകടകാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള പവർ ആന്റിനയുമായി വിമാനം കൂട്ടിയിടിച്ചിട്ടുണ്ടാവാമെന്ന് കരുതുന്നതായി പ്രാദേശിക പോലീസ് മേധാവി ഇവാൻ ലോപസ് സൂചിപ്പിച്ചു. വെള്ളച്ചാട്ടത്തിന് സമീപത്തുള്ള പാറക്കെട്ടുകളിലാണ് വിമാനത്തിന്റെ തകർന്നുവീണ ഭാഗങ്ങൾ കണ്ടെത്തിയത്.