'വംശഹത്യക്ക് സാങ്കേതികവിദ്യ നിർമിക്കാൻ ഞാനില്ല'; ഗൂഗ്ൾ പരിപാടിക്കിടെ ഫലസ്തീനായി പ്രതിഷേധിച്ച സോഫ്റ്റ്‌വെയർ എൻജിനീയറെ പിരിച്ചുവിട്ടു
ഗസ്സയിൽ 30,960 ഫലസ്തീനികളെ കൊന്നൊടുക്കിയ പശ്ചാത്തലത്തിലാണ് ഇസ്രായേൽ സൈന്യവുമായുള്ള ഗൂഗ്‌ളിന്റെ പങ്കാളിത്തം വീണ്ടും ചർച്ചയാകുന്നത്
ന്യൂയോർക്ക് സിറ്റി:ന്യൂയോർക്ക് സിറ്റിയിൽ നടന്ന കോൺഫറൻസിനിടെ ഇസ്രായേലി ഭരണകൂടവുമായുള്ള കരാറിനെതിരെ പ്രതിഷേധിച്ച ക്ലൗഡ് സോഫ്റ്റ്‌വെയർ എൻജിനീയറെ ഗൂഗ്ൾ പിരിച്ചുവിട്ടു. മാർച്ച് നാലിന് മൈൻഡ് ദി ടെക് കോൺഫറൻസിനിടെയാണ് സംഭവം നടന്നത്. ഗൂഗ്ൾ സ്‌പോൺസർ ചെയ്ത പരിപാടിയിൽ ഗൂഗ്ൾ ഇസ്രായേൽ തലവൻ ബറാക് രഗേവ് പ്രസംഗിക്കുന്നതിനിടെയാണ് എൻജിനീയർ പ്രതിഷേധിച്ചത്.
'ഞാനൊരു ഗൂഗ്ൾ സോഫ്റ്റ് വെയർ എൻജിനീയറാണ്, വംശഹത്യക്കും നിരീക്ഷണത്തിനുമായുള്ള സാങ്കേതികവിദ്യ നിർമിക്കാൻ ഞാനൊരുക്കമല്ല'യെന്ന് അദ്ദേഹം വിളിച്ചു പറയുകയായിരുന്നു. ഇസ്രായേൽ സൈന്യത്തിനും ഗവൺമെൻറിനും ക്ലൗഡ് കംപ്യൂട്ടിംഗ് സേവനം നൽകാനായി ഗൂഗ്ൾ നടത്തുന്ന 1.2 ബില്യൺ ഡോളറിന്റെ നിംബുസ് പ്രൊജക്ട് ഫലസ്തീനികളെ കൂടുതൽ അപകടത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. അപ്പാർത്തീഡിന് ക്ലൗഡ് സേവനമില്ലെന്നും ജീവനക്കാരൻ ഉറക്കെപ്പറഞ്ഞു.
കമ്പനി സ്‌പോൺസർ ചെയ്ത പരിപാടിയിൽ ഇടപെട്ടതിന് ജീവനക്കാരനെ പിരിച്ചുവിട്ടതായി ഗൂഗ്ൾ വക്താവ് അറിയിച്ചതായി മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു. 'പ്രശ്‌നമല്ല പരിഗണിക്കുന്നത്, ഈ പെരുമാറ്റം ശരിയല്ല, ഞങ്ങളുടെ നയങ്ങൾ ലംഘിച്ചതിന് ജീവനക്കാരനെ പിരിച്ചുവിട്ടു' വക്താവ് പറഞ്ഞു. ജീവനക്കാരൻ എന്ത് നയങ്ങളാണ് ലംഘിച്ചതെന്ന് ഗൂഗ്‌ളിനോട് ചോദിച്ചുവെന്നും എന്നാൽ ഉത്തരം ലഭിച്ചിട്ടില്ലെന്നും മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ടിൽ പറഞ്ഞു.
ജീവനക്കാരനെ പിരിച്ചുവിട്ടതിനെതിരെ 'നോ ടെക് ഫോർ അപാർത്തീഡ്' എന്ന ഗ്രൂപ്പ് പ്രസ്താവന പുറത്തിറക്കി. ഫലസ്തീൻ വിഷയത്തെ കുറിച്ചുള്ള അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നുവെന്നാണ് അവർ ആരോപിച്ചത്.
'അവരുടെ തൊഴിലിന്റെ നിബന്ധനകളെയും വ്യവസ്ഥകളെയും കുറിച്ച് സംസാരിച്ചതിന് സ്വന്തം തൊഴിലാളിക്കെതിരെ പ്രകടമായ പ്രതികാര നടപടിയിൽ ഗൂഗ്ൾ ഏർപ്പെട്ടിരിക്കുന്നു' പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, പിരിച്ചുവിട്ടതിൽ മുൻ ജീവനക്കാരൻ സംതൃപ്തനാണെന്ന് സംഘം ചൂണ്ടിക്കാട്ടി. ഈ ധീരനായ തൊഴിലാളിയെ പിരിച്ചുവിടുമ്പോൾ, അവർക്ക് എങ്ങനെ തോന്നുന്നുവെന്ന് ഗൂഗ്ൾ എച്ച്.ആർ ചോദിച്ചുവെന്നും 'വംശഹത്യയിൽ പങ്കാളിയാകാൻ വിസമ്മതിച്ചതിന് പുറത്താക്കപ്പെട്ടതിൽ അഭിമാനിക്കുന്നു'വെന്ന് തൊഴിലാളി മറുപടി പറഞ്ഞതായും ഗ്രൂപ്പിന്റെ പ്രസ്താവനയിൽ പറയുന്നു. ഗൂഗ്ൾ തങ്ങളുടെ ധാർമിക പരാജയം മറച്ചുവെക്കാൻ ജീവനക്കാരെ നിശബ്ദരാക്കുകയാണെന്നും നോ ടെക് ഫോർ അപ്പാർത്തീഡ് പറഞ്ഞു.
പല ഗൂഗ്ൾ ജീവനക്കാരും വിവാദ പ്രൊജക്റ്റായ നിംബസിനെതിരാണ്. ഫലസ്തീനികൾക്കെതിരായ ഇസ്രായേലിന്റെ വിവേചനം മുന്നോട്ട് കൊണ്ടുപോകാൻ ഈ പങ്കാളിത്തം സഹായിക്കുന്നുവെന്നാണ് നിരവധി ജീവനക്കാർ കുറ്റപ്പെടുത്തുന്നത്.
'ഏകദേശം മൂന്ന് വർഷമായി, ആയിരക്കണക്കിന് ഗൂഗ്ൾ - ആമസോൺ തൊഴിലാളികൾ ഇസ്രായേലി ഭരണകൂടവുമായും സൈന്യവുമായുള്ള കമ്പനികളുടെ കരാറുകൾക്കെതിരെ സംഘടിക്കുന്നുണ്ട്, മാനേജ്‌മെന്റിൽ നിന്നോ എക്‌സിക്യൂട്ടീവുകളിൽ നിന്നോ യാതൊരു പ്രതികരണവുമില്ല' നോ ടെക് ഫോർ അപാർത്തീഡ് വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
ഗസ്സയിൽ 30,960 ഫലസ്തീനികളെ കൊന്നൊടുക്കിയ പശ്ചാത്തലത്തിലാണ് ഇസ്രായേൽ സൈന്യവുമായുള്ള ഗൂഗ്‌ളിന്റെ പങ്കാളിത്തം വീണ്ടും ചർച്ചയാകുന്നത്. 2023 ഒക്‌ടോബർ ഏഴിന് ശേഷം 73,000 ഫലസ്തീനികളാണ് ആക്രമണങ്ങളിൽ പരിക്കേറ്റത്.
ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫ്റ്റ്വെയർ എൻജിനീയർ മായ് ഉബൈദിന് വേണ്ടി ജാഗ്രത പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു. ഒക്ടോബർ 31-നാണ് മായ് ഉബൈദും കുടുംബത്തോടൊപ്പം ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്.