താലിബാൻ സർക്കാരിനെ അംഗീകരിക്കില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി
തീവ്രവാദ വിരുദ്ധ നിലപാട് കൈക്കൊണ്ടില്ലെങ്കിൽ അഫ്ഗാന്റെ സ്വത്തുവകകൾ മരവിപ്പിക്കാനും ഉപരോധം കടുപ്പിക്കാനും മടിക്കില്ലെന്ന് അമേരിക്ക താലിബാന് മുന്നറിയിപ്പ് നൽകി
താലിബാൻ സർക്കാരിനെ അംഗീകരിക്കില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിൻകൻ. തീവ്രവാദ വിരുദ്ധ നിലപാട് കൈക്കൊണ്ടില്ലെങ്കിൽ അഫ്ഗാന്റെ സ്വത്തുവകകൾ മരവിപ്പിക്കാനും ഉപരോധം കടുപ്പിക്കാനും മടിക്കില്ലെന്ന് അമേരിക്ക താലിബാന് മുന്നറിയിപ്പ് നൽകി. അഫ്ഗാനിലെ യു.എസ് എംബസിയുടെ മുഴുവൻ പ്രവർത്തനവും ഇനി ദോഹയിലായിരിക്കും നടക്കുക.
അമേരിക്കൻ സെനറ്റിനു മുമ്പാകെ അഞ്ചു മണിക്കൂർ നീണ്ട വിചാരണ നടപടിക്കിടെയാണ് താലിബാൻ സർക്കാരുമായി തൽക്കാലം ഒത്തുപോകാനാകില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിൻകൻ വ്യക്തമാക്കിയത്. പുറമെ നിന്നുള്ള അൽഖാഇദ തീവ്രവാദികൾക്കും മറ്റും രാജ്യത്ത് സൗകര്യം ഒരുക്കാതിരിക്കുക, സ്ത്രീസുരക്ഷ ഉറപ്പാക്കുക, മനുഷ്യാവകാശലംഘനങ്ങൾ അവസാനിപ്പിക്കുക, യു.എൻ ചട്ടങ്ങൾ പാലിക്കുക എന്നിവയാണ് താലിബാനു മുമ്പാകെ മുന്നുപാധികളായി അമേരിക്ക സമർപ്പിക്കുന്നത്. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ 9 ബില്യണ്‍ ഡോളർ വരുന്ന അഫ്ഗാന്റെ സ്വത്തുവകകൾ മരവിപ്പിക്കും. താലിബാനെതിരെ ഉപരോധ നടപടികൾ സ്വീകരിക്കാനും മടിക്കില്ലെന്ന് ആന്‍റണി ബ്ലിൻകൻ പറഞ്ഞു.
അതേസമയം അഫ്ഗാൻ ജനതയുടെ ദുരിതാവസ്ഥ പരിഹരിക്കാൻ സർക്കാര്‍ ഇതര ഏജൻസികൾ മുഖേന സഹായം തുടരും. കാബൂളിൽ നിന്ന് യാത്രാവിമാനങ്ങൾ സാധാരണ നിലയിലാക്കാൻ ഖത്തർ നടത്തുന്ന നീക്കത്തെ അമേരിക്ക അഭിനന്ദിച്ചു. അമേരിക്കയും നാറ്റോ രാജ്യങ്ങളും താലിബാൻ സർക്കാറിനെ തൽക്കാലം അംഗീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളും സമാന നിലപാട് തുടരാനായിരിക്കും സാധ്യത.