സുനിതയുടെയും വിൽമോറിന്‍റെയും മടക്കയാത്ര ആരംഭിച്ചു; നാളെ പുലര്‍ച്ചെ 3.27ന് ഫ്ലോറിഡ തീരം തൊടും

9 മാസത്തെ കാത്തിരിപ്പ് ഇനി നിമിഷങ്ങളിലേക്ക് ചുരുക്കാം

Update: 2025-03-18 06:37 GMT
Editor : Jaisy Thomas | By : Web Desk
Advertising

വാഷിംഗ്ടൺ: ബഹിരാകാശ യാത്രികരായ സുനിതാ വില്യംസ് ബുച്ച് വില്‍മോറും ഭൂമിയിലെത്താൻ മണിക്കൂറുകൾ മാത്രം. ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. 10.35ന് ബഹിരാകാശ നിലയവുമായി വേർപ്പെട്ട് ഡ്രാഗൺ പേടകം യാത്ര തുടങ്ങി. നാളെ പുലർച്ചെ 3.27ന് സുനിതയും സംഘവും ഭൂമിയിൽ പ്രവേശിക്കും.

9 മാസത്തെ കാത്തിരിപ്പ് ഇനി നിമിഷങ്ങളിലേക്ക് ചുരുക്കാം . സുനിതാ വില്യംസ് ഭൂമിയിലേക്ക് യാത്ര തുടങ്ങി. ഇന്ത്യൻ സമയം 10.35ഓടെ സുനിത വില്യംസ് , ബുച്ച് വിൽമോർ, നിക്ക് ഹേഗ്, അലക്സാന്ദ്രോ ഗോർബുനേവ് എന്നിവർ കയറിയ ഡ്രാഗൺ ഫ്രീഡം പേടകം ബഹിരാകാശ നിലയത്തിൽ നിന്ന് വേർപ്പെടുത്തി. രാവിലെ 8.35നാണ് സഞ്ചാരികൾ കയറിയ പേടകത്തിന്‍റെ കവാടം അടച്ചത് . നാളെ പുലർച്ചെ 2.41ന് ഡ്രാഗൺ ക്യാപ്സ്യൂൾ ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കും.

പിന്നാലെ അഞ്ചരകിലോമീറ്റർ ഉയരത്തിലെത്തുമ്പോൾ പേടകത്തിൽ നിന്ന് ആദ്യ സെറ്റ് പാരച്യൂട്ടുകൾ ഉയരും. വേഗം ക്രമീകരിച്ച് ഭൂമിയിൽ നിന്ന് 1.8 കിലോമീറ്റർ ഉയരത്തിലെത്തുമ്പോൾ പുതിയ മൂന്ന് പാരച്യൂട്ടുകൾ വിടരും. പിന്നാലെ ഫ്ലോറിഡയ്ക്ക് അടുത്ത് അറ്റ്ലാന്‍റിക് സമുദ്രത്തിൽ പേടകം സുരക്ഷിതമായി ഇറക്കും. പേടകത്തിൽ നിന്ന് സഞ്ചാരികളെ കരയിലെത്തിക്കാൻ കപ്പലുകൾ വിന്യസിച്ചു. ബഹിരാകാശ യാത്രികരെ സുരക്ഷിതരായി നാസയുടെ കേന്ദ്രത്തിലെത്തിക്കുന്നതോടെയാണ് ദൗത്യം പൂർത്തിയാവുക.

കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിലെത്തിയത്. ബോയിംഗ് സ്റ്റാർലൈനർ ക്യാപ്‌സ്യൂളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇരുവരുടെയും മടക്കയാത്രക്ക് തടസമായത്.


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News