യുദ്ധം തുടങ്ങിയതു മുതൽ നഷ്ടം 13 ബില്യൺ ഡോളർ; കനത്ത സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പിൽ ഇസ്രായേൽ
ഇസ്രായേൽ ദിനപത്രമായ യെദിയോ താറോനോഥ് ആണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
തെൽ അവീവ്: ഫലസ്തീൻ മണ്ണിലെ അധിനിവേശ ആക്രമണം ഇസ്രായേൽ സമ്പദ് വ്യവസ്ഥയ്ക്കു മേൽ കനത്ത ആഘാതമുണ്ടാക്കിയതായി റിപ്പോർട്ട്. ഒക്ടോബർ ഏഴിന് ഗസ്സയിൽ ആക്രമണം ആരംഭിച്ചതു മുതൽ ഒരു മാസത്തിനിടെ 13 ബില്യൺ യുഎസ് ഡോളറിന്റെ (50 ബില്യൺ ഷെകൽ) സാമ്പത്തിക നഷ്ടമാണ് ഇസ്രായേലിനുണ്ടായത് എന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഇസ്രായേൽ ദിനപത്രമായ യെദിയോ താറോനോഥ് ആണ് നഷ്ടത്തെ കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
ഒരു മാസത്തിനിടെ ഇസ്രായേലിന്റെ വിദേശ കരുതൽ ധനത്തിൽ ഏഴ് ബില്യൺ യുഎസ് ഡോളറിന്റെ കുറവുമുണ്ടായിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിക്ക് പുറമേ, ദശലക്ഷണക്കിന് ഡോളർ വില വരുന്ന ടാങ്കുകളും മറ്റു യുദ്ധവാഹനങ്ങളും യുദ്ധഭൂമിയിൽ തകർക്കപ്പെടുന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. ഹമാസുമായുള്ള യുദ്ധം ഇസ്രായേലിന് 50 ബില്യൺ യുഎസ് ഡോളറിലേറെ അധികച്ചെലവുണ്ടാക്കും എന്നാണ് ഇസ്രായേൽ ധനകാര്യമന്ത്രാലയമായ കാൽകാലിസ്റ്റ് പറയുന്നത്.
അമ്പത് ബില്യൺ ഷെകലിന്റെ നഷ്ടം താഴെ പറയും വിധം;
* സുരക്ഷാ, സൈനിക ചെലവുകൾ ആകെ 30 ബില്യൺ ഷെകൽ, റിസർവ് സൈനികരുടെ ബജറ്റിൽ നിന്നാണ് പ്രാഥമികമായി ഇത് നീക്കിവച്ചിട്ടുള്ളത്. 14.3 ബില്യൺ ഡോളർ യുഎസ് സഹായമാണ്.
* ഗസ്സ മുനമ്പിലെ 24 സെറ്റിൽമെന്റുകളിലായി 10 ബില്യൺ ഷെകലിന്റെ നഷ്ടമുണ്ടായിട്ടുണ്ട്.
* ഇസ്രായേലിലുണ്ടായ റോക്കറ്റ് ആക്രമണത്തിൽ അഞ്ചു ബില്യൺ ഷെകലിന്റെ നഷ്ടമുണ്ടായി. തെക്കിലും വടക്കിലും ഭവനരഹിതരായ ആളുകൾക്ക് രണ്ടു ബില്യൺ ഷെകലിന്റെ ബജറ്റ്.
* ഒക്ടോബർ, നവംബർ മാസങ്ങൾക്കായുള്ള സപ്പോർട്ട് എയ്ഡിലേക്കുള്ള ബജറ്റ് 12 ബില്യൺ ഷെകൽ വരും.
* ആയിരക്കണക്കിന് ചെറുകിട വ്യാപാരങ്ങൾ പാപ്പരായി.
* ആയിരക്കണക്കിന് ഇസ്രായേൽ തൊഴിലാളികൾ ശമ്പളമില്ലാ അവധിയിൽ പ്രവേശിക്കാൻ നിർബന്ധിതരായി.
ഇതുവരെ 224,000 ഇസ്രായേലികൾ സെറ്റിൽമെന്റിൽ നിന്ന് പുറത്തായി എന്നാണ് പത്രം പറയുന്നത്. ഇതിൽ 115,000 പേരും സ്വന്തം ഇഷ്ടപ്രകാരമാണ് വീടുകൾ ഉപേക്ഷിച്ചത്. ഗസ്സ അതിർത്തിയോട് ചേർന്ന 29 സെറ്റിൽമെന്റുകളും ലബനീസ് അതിർത്തിയോട് ചേർന്ന 22 സെറ്റിൽമെന്റുകളുമാണ് ഒഴിപ്പിച്ചത്. വീടൊഴിഞ്ഞു പോയവരിൽ ഒരു ലക്ഷത്തോളം പേർ രാജ്യത്തെ വിവിധ ഹോട്ടലുകളിലാണ് താമസിക്കുന്നത്.
വിപണിയിൽ ഇസ്രായേൽ കറൻസിയായ ഷെകല്‍ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. ഒക്ടോബർ ഏഴിലെ ആക്രമണത്തിന് ശേഷം എട്ടു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഡോളറിനെതിരെ ഷെകലിന്റെ വിനിമയം നടക്കുന്നത്. കറൻസിയുടെ ഇടിവ് പിടിച്ചുനിർത്താൻ വേണ്ടി 7.3 ബില്യൺ ഡോളറാണ് ഇതുവരെ ബാങ്ക് ഓഫ് ഇസ്രായേൽ ചെലവഴിച്ചത്.
യുദ്ധം തുടർന്നാൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അത് ഗുരുതരമായി ബാധിക്കുമെന്ന് നേരത്തെ സാമ്പത്തിക വിദഗ്ധർ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞയാഴ്ച നൽകിയ കത്തിൽ ബാങ്ക് ഓഫ് ഇസ്രായേൽ മുൻ ഗവർണർ ജേക്കബ് ഫ്രെങ്കെൽ അടക്കം 300 സാമ്പത്തിക വിദഗ്ധരാണ് ഒപ്പുവച്ചിരുന്നത്. കത്തിനോട് നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചിട്ടില്ല.
സംഘർഷത്തിന്റെ ദൈർഘ്യവും ഗൗരവവും അനുസരിച്ച് ഇസ്രയേലിന്റെ കടം തരംതാഴ്ത്തുമെന്ന് ഫിച്ച് അടക്കമുള്ള ക്രഡിറ്റ് റേറ്റിങ് ഏജൻസികൾ അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ പണം കടമെടുക്കുന്ന വേളയിൽ തിരിച്ചടവിന്റെ പലിശ ബാധ്യത വർധിക്കും.
അതിനിടെ, ജനജീവിതവും വ്യാപാരങ്ങളും പരിഗണിച്ച് കഴിഞ്ഞയാഴ്ച ഇസ്രായേൽ ധനകാര്യ മന്ത്രാലയം യുദ്ധ നഷ്ടപരിഹാര പാക്കേജിന് അംഗീകാരം നൽകി. യുദ്ധമേഖലയിൽ നിന്ന് ഒഴിഞ്ഞു പോയവരെ പരിഗണിച്ചാണ് പാക്കേജ്. ചെറുകിട-ഇടത്തരം സംരഭങ്ങൾക്ക് ഗ്രാന്റുകളും ഗവൺമെന്റ് വായ്പകളും ധനമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. പാക്കേജ് സെനറ്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.
യുദ്ധം വ്യാപാരമേഖലയിൽ കനത്ത ആഘാതമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ടു ചെയ്തു. 'സർക്കാർ ജനങ്ങളെ ഉപേക്ഷിച്ചു' എന്നാണ് ഇസ്രായേൽ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ മേധാവി റോൻ തോമർ ഫിനാൻഷ്യൽ ടൈംസിനോട് പ്രതികരിച്ചത്. മുൻ മാസങ്ങളെ അപേക്ഷിച്ച് തൊഴിലില്ലായ്മാ നിരക്കിലും വർധനയുണ്ടായി. ഒക്ടോബറിൽ മാത്രം 70,000 പേർ തൊഴിൽ രഹിത രജിസ്റ്ററിൽ പേരു ചേർത്തതായി ഇസ്രായേൽ എംപ്ലോയ്‌മെന്റ് സർവീസ് പറയുന്നു. മുൻ മാസത്തെ അപേക്ഷിച്ച് 57,000 പേരുടെ വർധനാണ് ഇതിലുണ്ടായതെന്ന് ഹീബ്രു പത്രം ഗ്ലോബ്‌സ് റിപ്പോർട്ടു ചെയ്തു.
ഹമാസ് റോക്കറ്റ് ആക്രണത്തിന് പിന്നാലെ ഇസ്രായേൽ സൈന്യം ഗസ്സയിൽ നടത്തിയ അധിനിവേശത്തിൽ ഇതുവരെ 10,328 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതിൽ 4,237 പേർ കുട്ടികളും 2,719 പേർ സ്ത്രീകളുമാണ്. 1,600 പേരാണ് ഇസ്രായേൽ ഭാഗത്ത് കൊല്ലപ്പെട്ടത്. വെടിനിർത്തൽ വേണമെന്ന അന്താരാഷ്ട്ര സമ്മർദം വകവയ്ക്കാതെയാണ് ഇസ്രായേൽ ആക്രമണവുമായി മുമ്പോട്ടുപോകുന്നത്.
Highlight: War with Hamas to cost Israel above $50 billion