'ഏകാധിപത്യം തുലയട്ടെ': ക്യൂബയിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ പ്രതിഷേധം
സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക സ്പോൺസർ ചെയ്യുന്ന പ്രക്ഷോഭമാണെന്ന് ക്യൂബൻ സർക്കാര്‍
ക്യൂബയിൽ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരായ പ്രതിഷേധം ശക്തമാവുന്നു. സമരത്തിന് നേതൃത്വം നൽകിയ ആയിരക്കണക്കിന് പേർ അറസ്റ്റിലായി. എന്നാൽ സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക സ്പോൺസർ ചെയ്യുന്ന പ്രക്ഷോഭമാണെന്നാണ് ക്യൂബൻ സർക്കാറിന്റെ ആരോപണം.
സാമ്പത്തിക പ്രതിസന്ധിയും കോവിഡ് പ്രതിരോധത്തിലെ വീഴ്ചയും ചൂണ്ടിക്കാട്ടിയാണ് ക്യൂബയിൽ പ്രക്ഷോഭം ശക്താകുന്നത്. മൂന്ന് പതിറ്റാണ്ടിനിടയിൽ രാജ്യം കണ്ട ഏറ്റവും വലിയ ജനക്കൂട്ടം പ്രക്ഷോഭത്തിനിറങ്ങി. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പ്രതിഷേധക്കാർ പ്രധാനമായി ഉയർത്തുന്നത്.
ഏകാധിപത്യം തുലയട്ടെ എന്ന മുദ്രാവാക്യങ്ങളുമായി പതിനായിരക്കണക്കിന് ആളുകളാണ് രാജ്യത്തിന്‍റെ പ്രധാന തെരുവുകളിൽ പ്രതിഷേധിച്ചത്. പ്രക്ഷോഭത്തെ പ്രതിരോധിക്കാൻ സർക്കാർ അനുകൂലികളും രംഗത്തുണ്ട്. പലയിടത്തും സർക്കാർ അനുകൂലികളും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടല്‍ തുടരുകയാണ്.
അമേരിക്കയുടെ ശക്തമായ ഉപരോധത്തിലാണ് നിലവിൽ ക്യൂബ. അമേരിക്ക തന്നെയാണ് പുതിയ പ്രക്ഷോഭത്തിന്റെ പിന്നിലെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വെൽ ഡിയസ് കനേൽ പറഞ്ഞു. സർക്കാരിനെ അട്ടിമറിക്കാൻ കമ്യൂണിസ്‌റ്റ് വിരുദ്ധ സംഘങ്ങൾക്ക് ശതകോടിക്കണക്കണിന് ഡോളർ അമേരിക്ക ഒഴുക്കുന്നുവെന്നും ക്യൂബ ആരോപിക്കുന്നു. പ്രക്ഷോഭത്തിന് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും രംഗത്തെത്തി.