യു.എസ് ക്യാപ്പിറ്റോൾ ആക്രമണം: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ട്രംപ് അനുയായിക്ക് അഞ്ചു വർഷം തടവ്
ഒക്ടോബർ 4 ന് അയാൾ കുറ്റസമ്മതം നടത്തിയെങ്കിലും ദയാഹർജി ജഡ്ജ് തന്യാ ചുത്കൻ നിരസിച്ചിരുന്നു
വാഷിംഗ്ടൺ: യു.എസ് ക്യാപ്പിറ്റോൾ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ഡൊണാൾഡ് ട്രംപ് അനുയായി റോബർട്ട് സ്‌കോട്ട് പാമറിനെ അഞ്ച് വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. റബ്ബർ ബുള്ളറ്റ് പ്രയോഗിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമണത്തിനിരയാക്കിയെന്ന കുറ്റത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. ജനുവരി ആറിന് നടന്ന ആക്രമണത്തിൽ ഇതുവരെ ലഭിച്ച ഏറ്റവും കഠിനമായ ശിക്ഷയാണിത്.
ക്യാപ്പിറ്റോളിന് പുറത്ത് പൊലീസിനെതിരെ ബോർഡുകൾ സ്ഥാപിച്ചും അഗ്‌നി ശമന ഉപകരണങ്ങൾ വലിച്ചെറിഞ്ഞും 54 കാരനായ റോബർട്ട് സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. ശേഷം ക്യാപ്പിറ്റോളിൽ പ്രവേശിക്കാൻ ശ്രമിച്ച റോബർട്ടിനെതിരെ സുരക്ഷാ ഉദ്യോഗസ്ഥർ കുരുമുളക് സ്പ്രേ പ്രയോഗിച്ചതോടെയാണ് അയാൾ പിന്മാറിയത്. ഒക്ടോബർ 4 ന് അയാൾ കുറ്റസമ്മതം നടത്തിയെങ്കിലും ദയാഹർജി ജഡ്ജ് തന്യാ ചുത്കൻ നിരസിച്ചിരുന്നു.
''രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടുകയെന്ന പ്രത്യേക ഉദ്ദേശത്തോടെയാണ് റോബർട്ട് ഒരു വലിയകൂട്ടം കലാപകാരികൾക്കൊപ്പം ചേർന്നത്, ജനാധിപത്യ തെരഞ്ഞെടുപ്പും സമാധാനരപരമായ അധികാര മാറ്റവും അട്ടിമറിക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടിയാണ് അയാൾ ആക്രമണം നടത്തിയത്' ശിക്ഷാകുറിപ്പിൽ പ്രോസിക്യൂട്ടർമാർ കോടതിയെ അറിയിച്ചു.
ക്യാപ്പിറ്റോൾ ആക്രമണത്തിൽ 700 ലധികം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ക്യാപ്പിറ്റോളിൽ അനധികൃതമായി പ്രവേശിച്ചെന്ന കുറ്റമാണ് അതിൽ ഭൂരിഭാഗം പേരിലും ചുമത്തിയിരിക്കുന്നത്. എന്നാൽ നിരവധി പേർ ക്യാപ്പിറ്റോളിൽ ആയുധം പ്രയോഗിച്ചതിനാൽ ഇവർ കടുത്ത ശിക്ഷയാവും നേരിടേണ്ടി വരിക.