യുക്രൈന്റെ ഷെല്ലാക്രമണം; സൈനിക പോസ്റ്റ് തകർന്നതായി റഷ്യ

ഷെല്ലാക്രമണത്തിൻറെ വാർത്ത യുക്രൈൻ സൈന്യം നിഷേധിച്ചതായും റിപ്പോർട്ടുകളുണ്ട്

Update: 2022-02-21 12:51 GMT
Advertising

യുക്രൈന്റെ ഷെല്ലാക്രമണത്തില്‍ അതിര്‍ത്തിയിലെ സൈനിക പോസ്റ്റ് തകര്‍ന്നതായി റഷ്യ. ആക്രമണത്തില്‍ റഷ്യ- യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് 150 മീറ്റര്‍ അകലെ റോസ്‌തോവ് മേഖലയിലെ സൈനിക പോസ്റ്റ് പൂര്‍ണമായും തകര്‍ന്നതായും ആളപായമൊന്നുമുണ്ടായില്ലെന്നും എഫ്.എസ്.ബിയെ ഉദ്ധരിച്ച് റഷ്യന്‍ ന്യൂസ് ഏജന്‍സിയായ ഇന്റര്‍ഫാക്‌സ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഈ വാര്‍ത്ത യുക്രൈന്‍ സൈന്യം നിഷേധിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ആക്രമണത്തിന്‍റെ ദൃശ്യങ്ങളും എഫ്.എസ്.ബി പുറത്തുവിട്ടിരുന്നു. ഒരു ഒറ്റമുറി കെട്ടിടവും, ചിതറിക്കിടക്കുന്ന റഷ്യന്‍ പതാകയുടെ അവശിഷ്ടങ്ങളുമാണ് ദൃശ്യങ്ങളിലുള്ളത്. 

യുക്രൈന് നേരെയുള്ള ഭീഷണിയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ വന്‍തോതില്‍ സൈന്യത്തെ വിന്യസിക്കുന്നതിനെ ചൊല്ലി ആഴ്ചകളായി റഷ്യയും പാശ്ചാത്യരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. കിഴക്കന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ അനുകൂല വിഘടനവാദികളുടെ അധീനതയിലുള്ള പ്രദേശത്ത് യുക്രൈന്‍ സൈന്യം ഇടയ്ക്കിടെ ഷെല്ലാക്രമണം നടത്തുകയും ചെയ്തിരുന്നു. 

നിലവിലെ സംഭവവികാസങ്ങളെ ആശങ്കയോടെയാണ് ലോകരാജ്യങ്ങള്‍ കാണുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ അവരുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അധിനിവേശ സാധ്യത നിലനിൽക്കുന്ന യുക്രൈനിൽ നിന്ന് അത്യാവശ്യക്കാരല്ലാത്ത ഇന്ത്യക്കാർ തിരിച്ചുപോകണമെന്നാണ് ഇന്ത്യൻ എംബസി നല്‍കുന്ന നിര്‍ദേശം. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News