യൂറോപ്യൻ യൂണിയനോട് സാമ്പത്തിക സഹായം അഭ്യർഥിച്ച് യുക്രൈൻ

പോളണ്ട് അതിർത്തിയിലുണ്ടായ ആക്രമണത്തെ അമേരിക്ക അപലപിച്ചു

Update: 2022-03-14 00:42 GMT
Advertising

റഷ്യൻ ആക്രമണത്തിൽ യൂറോപ്യൻ യൂണിയനോട് സാമ്പത്തിക സഹായം അഭ്യർഥിച്ച് യുക്രൈൻ പ്രസിഡന്‍റ് വ്ളാദിമർ സെലൻസ്കി. റഷ്യയുടെ മേൽ കൂടുതൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താൻ സെലൻസ്കി വിവിധ രാഷ്ട്രത്തലവന്മാരോട് ആവശ്യപ്പെട്ടു. പോളണ്ട് അതിർത്തിയിലുണ്ടായ ആക്രമണത്തെ അമേരിക്ക അപലപിച്ചു.

യുക്രൈനിലെ പോളണ്ട് അതിർത്തിയായ യാവോരിവിലെ സൈനിക പരിശീലനകേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണമത്തിൽ 35 പേരാണ് കൊല്ലപ്പെട്ടത്. വിദേശ ആയുധങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് റഷ്യ സ്ഥിരീകരിച്ചു. മരുയുപോളിൽ ഇതുവരെ 2100ൽ അധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ചെർണോബിൽ ആണവനിലയത്തിലേക്കുള്ള വൈദ്യുതിബന്ധം പുനസ്ഥാപിച്ചു.

അമേരിക്കൻ മാധ്യമപ്രവർത്തകനായ ബ്രെന്റ് റെനോഡ് കിയേവിൽ വെടിയേറ്റ് മരിച്ചു. യുക്രൈൻ പ്രസിഡന്‍റ് സെലൻസ്കി യൂറോപ്യൻ കൗൺസിൽ പ്രസിഡന്‍റുമായി ചർച്ച നടത്തി. കൂടുതൽ ധനസഹായം നൽകണമെന്നും റഷ്യക്കുമേൽ ഉപരോധം വർധിപ്പിക്കണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു. ബ്രിട്ടീഷ് പ്രസിഡന്‍റുമായും ചെക് റിപബ്ലിക് പ്രധാനമന്ത്രിയുമായും സംസാരിച്ചതായി സെലൻസ്കി ട്വീറ്റ് ചെയ്തു. അതിനിടെ നാറ്റോ രാജ്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്ന് യാവോരിവിലെ ആക്രമണം ചൂണ്ടിക്കാട്ടി അമേരിക്ക വ്യക്തമാക്കി.

അതിനിടെ യുക്രൈൻ അഭയാർത്ഥികളെ സംരക്ഷിക്കാന്‍ പുതിയ പദ്ധതിക്ക് ബ്രിട്ടൻ രൂപം നല്‍കി. 'ഹോംസ് ഫോർ' യുക്രൈൻ എന്ന പേരിലാണ് പുതിയ പദ്ധതി ആവഷ്‌കരിക്കുന്നത്. ഇതു പ്രകാരം യുക്രൈൻ പൗരന്മാർക്ക് മൂന്ന് വർഷം വരെ ബ്രിട്ടനിൽ തുടരാം. റഷ്യൻ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ നിരവധിയാളുകളാണ് യുക്രൈനിൽ നിന്നും പലായനം ചെയ്തത്. പതിനായിരത്തിൽപരം ആളുകൾക്ക് ബ്രിട്ടൻ തൊഴിൽ വാഗ്ദാനം നൽകുന്നുണ്ട്. കൂടാതെ അഭയാർത്ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസത്തിനുമായി പ്രത്യേക പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. കാബിനറ്റ് സെക്രട്ടറി മൈക്കൽ ഗോവാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഭയാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News