യുക്രൈനിൽ അടിയന്തരാവസ്ഥ; മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ച് റഷ്യ
യുഎൻ രക്ഷാസമിതിയുടെ അടിയന്തര യോഗം വിളിക്കണമെന്ന് യുക്രൈനിയൻ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു
യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് 30 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് യുക്രൈൻ ഭരണകൂടം. പടിഞ്ഞാറൻ അതിർത്തിയിൽ റഷ്യ കൂടുതൽ സേനയെ വിന്യസിക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങളും പുറത്ത് വന്നു. റഷ്യൻ നടപടിയിൽ കടുത്ത നിലപാടെടുക്കാനാണ് അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും തീരുമാനം. വിഷയത്തിൽ റഷ്യയോട് വിട്ടുവീഴ്ചക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു.
റഷ്യയുടെ 80 ശതമാനം സേനയും യുക്രൈന് ചുറ്റും ആക്രമണസ്ഥാനങ്ങളിലാണെന്നും യു.എസ് വ്യക്തമാക്കി. റഷ്യയുമായി യുദ്ധത്തിലേർപ്പെടുകയോ യുദ്ധം ചെയ്യാൻ യു.എസ് സൈനികരെ അയക്കുകയോ ചെയ്യില്ലെന്നും കൂട്ടിച്ചേര്‍ത്തു. സൈബർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൈബർ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് അമേരിക്കയും യുക്രൈനും തമ്മിൽ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.
ലോകം ഒരു നിമിഷം അപകടത്തെ അഭിമുഖീകരിക്കുകയാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസും വ്യക്തമാക്കി. കിഴക്കൻ യുക്രൈനിലെ വിമതർ കൈവിനെതിരെ മോസ്കോയോട് സഹായം ആവശ്യപ്പെട്ടതായി ക്രെംലിൻ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ യു.എൻ രക്ഷാസമിതിയുടെ അടിയന്തരയോഗം വിളിക്കാൻ യുക്രൈനിയൻ വിദേശകാര്യമന്ത്രി ദിമിട്രോ കുലേബ പറഞ്ഞു.
അതേസമയം, നയതന്ത്ര ചർച്ചയ്ക്ക് റഷ്യ ഇപ്പോഴും തയ്യാറാണെന്നും എന്നാൽ, റഷ്യയുടെ താത്പര്യങ്ങൾ ബലികഴിക്കുന്ന ഒരു ഒത്തുതീർപ്പും സാധ്യമല്ലെന്നുമാണ് പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍റെ നിലപാട്. അതിനിടെ, യുക്രൈനിന്‍റെ പ്രാദേശിക അഖണ്ഡതയ്‌ക്കെതിരായ നടപടികൾ തുർക്കി അംഗീകരിക്കുന്നില്ലെന്ന് തുർക്കി പ്രസിഡന്റ് എർദോഗന്‍ പുടിനോട് പറഞ്ഞു. റഷ്യയുടെ സുരക്ഷാ ആവശ്യങ്ങൾ അവഗണിക്കാനാണ് നാറ്റോയും യു.എസും ശ്രമിച്ചതെന്ന് പുടിനും തിരിച്ചടിച്ചു.
പുടിനുമായി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും കൂടിക്കാഴ്ച നടത്തും. 23 വർഷത്തിനിടെ റഷ്യ സന്ദർശിക്കുന്ന ആദ്യ പാകിസ്ഥാൻ പ്രധാനമന്ത്രിയാണ് ഇമ്രാൻ ഖാൻ. യുക്രൈനിലെ പ്രതിസന്ധി രൂക്ഷമായാൽ റഷ്യയ്‌ക്കെതിരെ കടുത്ത ഉപരോധം പ്രതീക്ഷിക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കിയിരുന്നു. നോർഡ് സ്ട്രീം 2 പദ്ധതി മരവിപ്പിക്കുകയാണെന്ന് ജർമനിയും അറിയിച്ചു.
സൈബർ ആക്രമണത്തെ ചെറുക്കാൻ രാജ്യം സജ്ജരാകണമെന്ന് ആസ്ത്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണും രാജ്യത്തോട് പറഞ്ഞു. പൗരന്മാരോട് എത്രയും പെട്ടെന്ന് തിരിച്ചുവരാൻ ഫ്രാൻസും നിര്‍ദേശം നല്‍കിയിട്ടുണ്ട്.