റഷ്യന്‍ ആക്രമണത്തില്‍ യുക്രൈന്‍ താരം കൊല്ലപ്പെട്ടു
യുക്രൈന്‍ തലസ്ഥാനമായ കിയവിലെ ജനവാസ മേഖലയില്‍ റഷ്യ നടത്തിയ ആക്രമണത്തിലാണ് ഒക്സാന കൊല്ലപ്പെട്ടത്
റഷ്യയുടെ റോക്കറ്റ് ആക്രമണത്തില്‍ യുക്രൈനില്‍ ചലച്ചിത്ര താരം ഒക്സാന ഷ്വെറ്റ്‌സ് കൊല്ലപ്പെട്ടു. യുക്രൈന്‍ തലസ്ഥാനമായ കിയവിലെ ജനവാസ മേഖലയില്‍ റഷ്യ നടത്തിയ ആക്രമണത്തിലാണ് ഒക്സാന കൊല്ലപ്പെട്ടത്. 67 വയസ്സായിരുന്നു
ഒക്സാനയുടെ വിയോഗം അവരുടെ ട്രൂപ്പായ യങ് തിയേറ്റർ സ്ഥിരീകരിച്ചു. യുക്രൈനില്‍ കലാരംഗത്തു നല്‍കുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ 'ഓണേഡ് ആര്‍ട്ടിസ്റ്റ് ഓഫ് യുക്രൈന്‍' പുരസ്കാരം ഒക്സാനയ്ക്ക് ലഭിച്ചിരുന്നു.
റഷ്യ ഫെബ്രുവരി 24ന് തുടങ്ങിയ യുദ്ധം ഇപ്പോഴും തുടരുകയാണ്. യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം യുക്രൈനില്‍ ഇതുവരെ 600 സാധാരണക്കാർ കൊല്ലപ്പെടുകയും 1000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം 7000 റഷ്യൻ സൈനികര്‍ യുക്രൈനില്‍ കൊല്ലപ്പെട്ടെന്ന് അമേരിക്ക പുറത്തുവിട്ട കണക്കില്‍ പറയുന്നു.
റഷ്യ യുദ്ധക്കുറ്റങ്ങൾ ചെയ്തതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ആരോപിച്ചു. അതിനിടെ യുക്രൈനിലെ സ്ഥിതിഗതികൾ വിലയിരുത്താൻ യുഎൻ സുരക്ഷാ കൗൺസിൽ ചേർന്നു. നഗരങ്ങളെയും പൗരന്മാരെയും റഷ്യ ലക്ഷ്യമിടുന്നതായി അമേരിക്ക, ബ്രിട്ടൺ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ പറഞ്ഞു.
പുടിന്റെ അധിനിവേശം അവസാനിപ്പിക്കാൻ ചൈനയ്ക്കെതിരായ പരസ്യസമ്മർദം ശക്തമാക്കുകയാണ് അമേരിക്ക. ഇന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിനെ ഫോണിൽ വിളിച്ച് സംസാരിക്കും. റഷ്യയ്ക്ക് ചൈന സൈനിക സഹായം നൽകിയാൽ ഷി ജിന്‍ പിങ്ങിന് തിരിച്ചടി നൽകുമെന്ന് ബൈഡൻ മുന്നറിയിപ്പ് നൽകും.
റഷ്യൻ ഇറക്കുമതിയിൽ വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ശ്രമിക്കുകയാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍. റഷ്യൻ യുറേനിയം ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുന്നതിനുള്ള ബിൽ റിപബ്ലിക്കൻ സെനറ്റർമാർ ഇന്നലെ അവതരിപ്പിച്ചു.