'ഗസ്സയിലെ ഇസ്രായേൽ അധിനിവേശം ഒരു വർഷത്തിനകം അവസാനിപ്പിക്കണം': യുഎൻ പ്രമേയം പാസായി, വിട്ടു നിന്ന് ഇന്ത്യ
ചരിത്രപരം എന്ന് ഫലസ്തീൻ വിശേഷിപ്പിക്കുന്ന പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു
ന്യൂഡൽഹി: ഗസ്സയിലെ ഇസ്രായേൽ അധിനിവേശത്തിനെതിരായ യു എൻ പ്രമേയം പാസായി. ഫലസ്തീൻ പ്രദേശങ്ങളിലെ അനധികൃത അധിനിവേശം ഒരു വർഷത്തിനകം ഇസ്രായേൽ അവസാനിപ്പിക്കണമെന്ന പ്രമേയമാണ് ജനറൽ അസംബ്ലി പാസാക്കിയത്. അതേസമയം ചരിത്രപരം എന്ന് ഫലസ്തീൻ വിശേഷിപ്പിക്കുന്ന പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. ഗസ്സയിലെ ഇസ്രായേൽ അധിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഫലസ്തീനാണ് അവതരിപ്പിച്ചത്.
ചരിത്രപരമായി ഫലസ്തീനെ പിന്തുണച്ചിരുന്ന ഇന്ത്യ ഇതിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. 124 രാജ്യങ്ങളാണ് ഫലസ്തീനൊപ്പം നിന്നത്. അമേരിക്കയും ഇസ്രായേലും ഉൾപ്പെടെ 14 രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്ത് നിലപാട് സ്വീകരിച്ചത്. വോട്ടിങില്‍ നിന്നും വിട്ടുനിന്ന 43 രാജ്യങ്ങളിലാണ് ഇന്ത്യ ഉൾപ്പെട്ടത്.
ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേൽ -ഫലസ്തീൻ വിഷയത്തിൽ പല പ്രമേയങ്ങൾ യു.എൻ പാസാക്കിയിരുന്നെങ്കിലും ഈ പുതിയ പ്രമേയം വളരെ സുപ്രധാനമായ ഒന്നാണ്. യു.എന്നിലെ ഏറ്റവു പ്രധാനപ്പെട്ട രാജ്യങ്ങളെല്ലാം ഫലസ്തീനെ പിന്തുണച്ചു എന്നതാണ് അതിൽ ശ്രദ്ധേയം